ലോ അക്കാദമിയുടേത് ദിവാന്‍ കണ്ടുകെട്ടിയ ഭൂമി
text_fieldsതിരുവനന്തപുരം: ലോ അക്കാദമിയുടേത് തിരുവിതാംകൂര്‍ ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ കണ്ടുകെട്ടിയ ഭൂമി. രാജഭരണത്തിനും ബ്രിട്ടീഷ് ഭരണത്തിനെതിരെയും സമരം ചെയ്ത പി.എസ്. നടരാജന്‍പിള്ളയുടേതായിരുന്നു ഭൂമി. 1957ല്‍ ഭൂസംരക്ഷണ നിയമം പാസായതോടെ ഇത് സര്‍ക്കാറിന്‍േറതായി. കൃഷി വകുപ്പിന് കീഴിലായ സ്ഥലം ലോ അക്കാദമി ട്രസ്റ്റിന് 1968ലാണ് സര്‍ക്കാര്‍ പാട്ടത്തിന് നല്‍കിയത്. അന്ന് എം.എന്‍. ഗോവിന്ദന്‍ നായരായിരുന്നു കൃഷിമന്ത്രി.
ഗവര്‍ണര്‍ മുഖ്യരക്ഷാധികാരിയും മുഖ്യമന്ത്രി രക്ഷാധികാരിയും റവന്യൂ മന്ത്രിയായിരുന്ന കെ.ആര്‍. ഗൗരിമ്മ, വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ, മൂന്നു ഹൈകോടതി ജഡ്ജിമാര്‍ പ്രമുഖ അഭിഭാഷകര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള അക്കാദമി ഭരണസമിതിക്കാണ് 1.49 ഏക്കര്‍ ഭൂമി മൂന്നുവര്‍ഷത്തെ പാട്ടത്തിന് നല്‍കിയത്. തിരുവനന്തപുരം കലക്ടര്‍ 2500 രൂപ പാട്ടവും നിശ്ചയിച്ചു.
1971ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ ഭരിച്ച സി.പി.ഐ നേതാവായ സി. അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് പാട്ടക്കാലാവധി 30 വര്‍ഷത്തേക്ക് പുതുക്കി നല്‍കുകയുണ്ടായി. പിന്നീട് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ 1985ല്‍ പാട്ടക്കാലാവധി തീരും മുമ്പുതന്നെ മുഴുവന്‍ ഭൂമിയും പതിച്ച് നല്‍കുകയായിരുന്നു. 1971നു പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി 1976ല്‍ 30 വര്‍ഷത്തേക്ക് പാട്ടക്കാലാവധി ദീര്‍ഘിപ്പിച്ചു. 1972ല്‍ നേരിട്ടുള്ള ശമ്പള ഉടമ്പടിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒപ്പുവെച്ചപ്പോള്‍ ലോ അക്കാദമി വിട്ടുനിന്നു. പില്‍ക്കാലത്ത് ട്രസ്റ്റ് ഡോ. എന്‍. നാരായണന്‍ നായരുടെ കുടുംബത്തിന് പ്രാതിനിധ്യമുള്ളതായി. സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയ ഏക അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ലോ അക്കാദമി.
നടരാജപിള്ള തിരു-കൊച്ചി മന്ത്രിസഭയില്‍ 1954- 55 കാലത്തു ധനമന്ത്രിയായപ്പോള്‍ ആ ഭൂമി തിരിച്ചു നല്‍ക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും അദ്ദേഹം ‘സുന്ദര വിലാസം സ്കൂളും’ സര്‍ക്കാറിന് വിട്ടുകൊടുത്തു. ആ സ്കൂളാണ് ഇന്ന് ലോ അക്കാദമിക്ക് അടുത്തു സ്ഥിതി ചെയ്യുന്ന പി.എസ്. നടരാജ പിള്ള മെമ്മോറിയല്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍.
സ്വന്തം പേരില്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാതെ വാടക വീട്ടിലാണ് അദ്ദേഹം 1966ല്‍ മരണമടഞ്ഞത്.
കേരളീയ നവോത്ഥാന ചിന്തകള്‍ക്ക് അടിത്തറ പാകിയ ‘മനോന്മണീയം സുന്ദരനാര്‍’ എന്ന് തമിഴര്‍ വിളിച്ച തത്ത്വശാസ്ത്ര പ്രഫസര്‍ പി. സുന്ദരംപിള്ളയായിരുന്നു ഇദ്ദേഹത്തിന്‍െറ പിതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.