ലോ അക്കാദമി: ലക്ഷ്മി നായരെ പരീക്ഷ ചുമതലയില്‍ നിന്ന് മാറ്റി
text_fieldsതിരുവനന്തപുരം: ലോ അക്കാദമി ലോ കോളജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരായ നടപടിക്ക് സര്‍ക്കാറിനോടും മാനേജ്മെന്‍റിനോടും കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുന്നതിലും ഹാജര്‍ രേഖപ്പെടുത്തുന്നതിലും ഉള്‍പ്പെടെ ചട്ടലംഘനം നടന്നെന്ന് കണ്ടത്തെിയ സാഹചര്യത്തിലാണിത്. പരീക്ഷ നടത്തിപ്പില്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ സര്‍വകലാശാലയുടെ മുഴുവന്‍ പരീക്ഷ ചുമതലകളില്‍നിന്നും ലക്ഷ്മിനായരെ അഞ്ചുവര്‍ഷത്തേക്ക് മാറ്റിനിര്‍ത്തും. ഇന്‍േറണല്‍ പരീക്ഷകളുടെ നടത്തിപ്പ്, മൂല്യനിര്‍ണയം, ഇന്‍േറണല്‍ മാര്‍ക്ക് അനുവദിക്കല്‍ തുടങ്ങിയ പരീക്ഷ സംബന്ധ കാര്യങ്ങളില്‍ അവര്‍ക്ക് ഇനി ഇടപെടാനാവില്ല.
നടപടിയെടുക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതിനുപകരം പ്രിന്‍സിപ്പലിനെ മാറ്റിനിര്‍ത്താന്‍ മാനേജ്മെന്‍റിന് നിര്‍ദേശം നല്‍കുകയോ കോളജിന്‍െറ അഫിലിയേഷന്‍ പിന്‍വലിക്കാനുള്ള നടപടി എടുക്കുകയോ വേണമെന്നായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളുടെ ആവശ്യം. സി.പി.ഐയുടെ ഏക അംഗം മുന്‍ എം.എല്‍.എ ആര്‍. ലതാദേവിയും അതിനോട് യോജിച്ചു. എന്നാല്‍, ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ളെന്ന് സി.പി.എം അംഗങ്ങള്‍ ഒറ്റക്കെട്ടായി വാദിച്ചു. മണിക്കൂറുകള്‍ നീണ്ട തര്‍ക്കത്തിനൊടുവില്‍ പ്രിന്‍സിപ്പലിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാറിനോടും മാനേജ്മെന്‍റിനോടും ആവശ്യപ്പെടുന്നെന്ന പ്രമേയം വോട്ടെടുപ്പിലൂടെ പാസാക്കുകയായിരുന്നു. സര്‍ക്കാറിന്‍െറ പ്രതിനിധിയായി സിന്‍ഡിക്കേറ്റ് യോഗത്തിന് എത്തിയ പൊതുവിദ്യാഭ്യാസ ഡയറക്ടറും എട്ട് സി.പി.എം അംഗങ്ങളുമാണ് പ്രമേയത്തെ അനുകൂലിച്ചത്. കോണ്‍ഗ്രസിലെ കെ.എസ്. ഗോപകുമാര്‍, മുസ്ലിംലീഗിലെ അബ്ദുല്‍ റഹീം എന്നിവര്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.
ആരോപണങ്ങള്‍ അന്വേഷിച്ച ഒമ്പതംഗ ഉപസമിതി ഏകകണ്ഠമായി തയാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ട് രാവിലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉയര്‍ന്ന ആരോപണങ്ങളില്‍ മിക്കതും ശരിവെക്കുന്ന റിപ്പോര്‍ട്ടായിരുന്നു ഉപസമിതിയുടേത്. ഇന്‍േറണല്‍ മാര്‍ക്ക് അനുവദിക്കുന്നതിലെ ചട്ടലംഘനം, വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിലെ ക്രമക്കേട്, ഇഷ്ടക്കാര്‍ക്ക് യഥേഷ്ടം ഇന്‍േറണല്‍ മാര്‍ക്ക് നല്‍കുമ്പോള്‍ ചിലരെ ഉപദ്രവിക്കാന്‍ ഇത് ഉപയോഗിക്കുന്നത്, വിദ്യാര്‍ഥിനികളുടെ സ്വകാര്യത നഷ്ടപ്പെടുംവിധം വനിത ഹോസ്റ്റലില്‍ കാമറ സ്ഥാപിച്ചത് തുടങ്ങിയ പരാതികള്‍ ശരിയാണെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
പ്രിന്‍സിപ്പലിന്‍െറ മകന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്ന ഇതേ സ്ഥാപനത്തിലെ വിദ്യാര്‍ഥിനിക്ക് അനാവശ്യ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. എല്ലാ പരിധിയും ലംഘിച്ചുള്ള ഈ കുട്ടിയുടെ പെരുമാറ്റമാണ് കാമ്പസിലെ പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഉപസമിതി റിപ്പോര്‍ട്ടിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രിന്‍സിപ്പലിനും കോളജിനും എതിരെ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച കാര്യത്തില്‍ അംഗങ്ങള്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ ഹാജര്‍, ഇന്‍േറണല്‍ മാര്‍ക്ക് തുടങ്ങി പരീക്ഷസംബന്ധ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട പരിഹാരനടപടിയുടെ കാര്യത്തില്‍ സിന്‍ഡിക്കേറ്റ് യോഗം ഏകകണ്ഠമായാണ് തീരുമാനമെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.