ലോ അക്കാദമി പ്രശ്നം അന്വേഷിക്കാന്‍ ഒമ്പതംഗ ഉപസമിതി
text_fields
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം
തിരുവനന്തപുരം: കേരള ലോ അക്കാദമിയിലെ വിദ്യാര്‍ഥിസമരത്തിന് ആധാരമായ വിഷയം ചര്‍ച്ചചെയ്യുന്നത് സംബന്ധിച്ച് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍ ബഹളം. ബഹളംകാരണം യോഗം രണ്ടുമണിക്കൂറോളം നിര്‍ത്തിവെച്ചു. ഉച്ചക്കുശേഷം വിഷയം പരിഗണിച്ച സിന്‍ഡിക്കേറ്റ് പ്രശ്നങ്ങള്‍ അന്വേഷിക്കാന്‍ ഒമ്പതംഗ ഉപസമിതിക്ക് രൂപംനല്‍കി.
ശനിയാഴ്ച സിന്‍ഡിക്കേറ്റ് ആരംഭിച്ചപ്പോള്‍തന്നെ വിഷയം ചര്‍ച്ചചെയ്യണമെന്ന് ജ്യോതികുമാര്‍ ചാമക്കാല, എസ്. കൃഷ്ണകുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. അജണ്ടയിലെ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത ശേഷം യോഗാവസാനം പരിഗണിക്കാമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സിന്‍ഡിക്കേറ്റിലെ സി.പി.എം അംഗങ്ങള്‍ യോജിച്ചെങ്കിലും ജ്യോതികുമാറും കൃഷ്ണകുമാറും അംഗീകരിക്കാന്‍ തയാറായില്ല. ഇതേച്ചൊല്ലി തര്‍ക്കം പരിഹരിക്കാന്‍ കഴിയാതെവന്നതോടെ വി.സി യോഗം നിര്‍ത്തിവെച്ചു. ഉച്ചഭക്ഷണത്തിനുശേഷം യോഗംചേരുമ്പോള്‍ ലോ അക്കാദമി വിഷയം ആദ്യഇനമായി പരിഗണിക്കാമെന്ന് വി.സി നല്‍കിയ ഉറപ്പിനെതുടര്‍ന്ന് 12ഓടെ സിന്‍ഡിക്കേറ്റ് നടപടികള്‍ പുനരാരംഭിച്ചു.
ഉച്ചക്കുശേഷം ചേര്‍ന്ന യോഗത്തില്‍ വിഷയം അവതരിപ്പിച്ച ജ്യോതികുമാര്‍, ലോ അക്കാദമി മാനേജ്മെന്‍റ് വിദ്യാര്‍ഥി ദ്രോഹനടപടികള്‍ നടത്തിവരികയാണെന്ന് ചൂണ്ടിക്കാട്ടി. 2013ല്‍ ലോ അക്കാദമി പ്രിന്‍സിപ്പലിനെതിരെ ഒരുവിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ ഇതേവരെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. ഇഷ്ടക്കാരല്ലാത്ത കുട്ടികള്‍ക്ക് ഹാജരും ഇന്‍േറണല്‍ മാര്‍ക്കും നല്‍കാതെ ബുദ്ധിമുട്ടിക്കുമ്പോള്‍ ഇഷ്ടക്കാര്‍ക്ക് ഇന്‍േറണല്‍ മാര്‍ക്ക് വാരിക്കോരി നല്‍കുകയാണെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മാധ്യമ ഉപദേഷ്ടാവായ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിന് ലഭിച്ച മാര്‍ക്കും ഹാജരും ഇതിന് തെളിവാണ്.
2010 മുതല്‍ 2013 വരെ അദ്ദേഹം ലോ അക്കാദമിയില്‍ വിദ്യാര്‍ഥിയായിരുന്നെങ്കിലും ഒറ്റദിവസംപോലും ക്ളാസില്‍ പോയിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന് പൂര്‍ണ ഹാജരും അതിനനുസൃതമായി ഇന്‍േറണല്‍ മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നും ജ്യോതികുമാര്‍ ആരോപണമായി ചൂണ്ടിക്കാട്ടി. ആരോപണത്തെ തുടര്‍ന്ന് ഇതുസംബന്ധിച്ച ഫയല്‍ പരീക്ഷ കണ്‍ട്രോളറില്‍നിന്ന് എത്തിച്ച് വി.സി പരിശോധിക്കുകയും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെടുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തില്‍ പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഒമ്പതംഗ ഉപസമിതിക്ക് യോഗം രൂപംനല്‍കി. 23, 24 തീയതികളില്‍ വിദ്യാര്‍ഥികളെയും മാനേജ്മെന്‍റിനെയും രക്ഷിതാക്കളെയും ഉപസമിതി കേള്‍ക്കും. ഉപസമിതിയുടെ റിപ്പോര്‍ട്ട് 28ന് ചേരുന്ന സിന്‍ഡിക്കേറ്റിന്‍െറ പ്രത്യേകയോഗത്തില്‍ സമര്‍പ്പിക്കുകയും അതിന്‍െറ അടിസ്ഥാനത്തില്‍ പ്രശ്നത്തില്‍ തീരുമാനമെടുക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.