നിയമഭേദഗതിക്ക് നീക്കം: മെഡിക്കല്‍ പ്രവേശനം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലേക്ക്
text_fieldsതിരുവനന്തപുരം: മെഡിക്കല്‍ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള അലോട്ട്മെന്‍റ് നടപടികള്‍ പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നു. മാനേജ്മെന്‍റ് സീറ്റുകളിലേക്ക് സ്വന്തംനിലക്ക് പ്രവേശനം നടത്തുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും സ്വകാര്യ കല്‍പിത സര്‍വകലാശാലകള്‍ക്കും കടിഞ്ഞാണിടാന്‍കൂടി ലക്ഷ്യമിടുന്നാണ് നിയമഭേദഗതി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് 1956ല്‍ ഭേദഗതി വരുത്തിയാണ് ഇതുസംബന്ധിച്ച നടപടി. കരട് ഭേദഗതി ബില്ലില്‍ ജനുവരി ആറുവരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായമറിയിക്കാം. ഭേദഗതിപ്രകാരം മുഴുവന്‍ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പൊതു കൗണ്‍സലിങ് നടത്തും.
മെഡിക്കല്‍ ബിരുദതലത്തിലെ 15 ശതമാനവും പി.ജി തലത്തിലെ 50 ശതമാനവും അഖിലേന്ത്യ ക്വോട്ടയിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസ് അലോട്ട്മെന്‍റ് നടത്തും. സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേത് ഉള്‍പ്പെടെ അവശേഷിക്കുന്ന മുഴുവന്‍ സീറ്റുകളിലേക്കും സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്ന ഏജന്‍സിയാകും അലോട്ട്മെന്‍റ് നടത്തുക. ഈ വ്യവസ്ഥകള്‍ മെഡിക്കല്‍ കൗണ്‍സില്‍ ബില്ലില്‍ കൂട്ടിച്ചേര്‍ക്കുന്ന രൂപത്തിലാണ് നിയമനിര്‍മാണം.
മെഡിക്കല്‍ പ്രവേശനത്തിന് ‘നീറ്റ്’ നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് അലോട്ട്മെന്‍റ് നടപടികളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നത്. കഴിഞ്ഞ വര്‍ഷം ഭാഗികമായി നീറ്റ് നടപ്പാക്കിയെങ്കിലും മാനേജ്മെന്‍റ് സീറ്റിലെ പ്രവേശനംകൂടി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാനുള്ള നീക്കം മാനേജ്മെന്‍റുകള്‍ ഹൈകോടതി വിധിയിലൂടെ തടഞ്ഞിരുന്നു. എന്നാല്‍, പിന്നീട് വന്ന സുപ്രീംകോടതി വിധിയില്‍ കല്‍പിത സര്‍വകലാശാലകളിലേത് ഉള്‍പ്പെടെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടത്തണമെന്ന് നിര്‍ദേശിച്ചു.
അപ്പോഴേക്കും കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറക്കുറെ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞവര്‍ഷത്തേക്കുമാത്രം സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെയാണ് പ്രവേശന നടപടികള്‍ റദ്ദാകാതെ പോയത്. തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിയമത്തില്‍ ഭേദഗതി വരുത്തി കൗണ്‍സലിങ് നടപടികളും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.
നിയമഭേദഗതിയോടെ കേരളത്തില്‍ കല്‍പിത സര്‍വകലാശാല പദവിയില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചി അമൃത മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് അടുത്തവര്‍ഷം മുതല്‍ സര്‍ക്കാര്‍ കൗണ്‍സലിങ് വഴിയാകും അലോട്ട്മെന്‍റ് നടത്തുക. മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശനത്തിനാണ് സുപ്രീംകോടതി വിധിയിലൂടെ നീറ്റ് നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ മെഡിക്കല്‍, ഡെന്‍റല്‍ കോഴ്സുകള്‍ക്ക് പുറമേ ഹോമിയോ, ആയുര്‍വേദ, സിദ്ധ, യൂനാനി, വെറ്ററിനറി, അഗ്രികള്‍ചര്‍ കോഴ്സുകളിലേക്കും നീറ്റ് പ്രകാരം തയാറാക്കുന്ന പട്ടികയില്‍നിന്ന് പ്രവേശനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. കേരളത്തില്‍ പ്രവേശന പരീക്ഷ കമീഷണര്‍ക്കായിരിക്കും അലോട്ട്മെന്‍റ് ചുമതല.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി സീറ്റുകളില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള ഡോക്ടര്‍മാര്‍ക്ക് 50 ശതമാനം സംവരണം അനുവദിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന വ്യവസ്ഥയും ഭേദഗതി ബില്ലിലുണ്ട്. വിദൂരസ്ഥലങ്ങളിലോ ദുര്‍ഘട പ്രദേശങ്ങളിലോ മൂന്നു വര്‍ഷത്തില്‍ കുറയാതെ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ക്കാകും ഇതിന്‍െറ ഗുണം. പി.ജി നേടിയാല്‍ ഇവര്‍ മൂന്നുവര്‍ഷംവരെ വിദൂര പ്രദേശങ്ങളില്‍ ജോലിചെയ്യാന്‍ സന്നദ്ധരായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.