പതിച്ചുനൽകിയ ഭൂമിയിലെ നിയമലംഘനം; ഉന്നത ഉദ്യോഗസ്ഥരുടെ കർമസമിതിയുണ്ടാക്കാൻ നിർദേശം
text_fieldsകൊച്ചി: ലാന്ഡ് അസൈൻമെന്റ് നിയമപ്രകാരം പതിച്ചുനൽകിയ ഭൂമിയിലെ നിയമലംഘനം പരിശോധിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർമസമിതിയുണ്ടാക്കണമെന്ന് ഹൈകോടതി. സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട കരട് നാലാഴ്ചക്കകം സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. പട്ടയ, രജിസ്ട്രേഷൻ നിയമത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ വ്യാപകമാണെന്നും നിയമവിരുദ്ധമായ ഒരു പ്രവർത്തനത്തിനും അനുമതി നൽകരുതെന്ന് തദ്ദേശ സ്ഥാപനങ്ങളോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ‘നേർക്കാഴ്ച’ അസോസിയേഷൻ ഡയറക്ടർ മണ്ണുത്തി സ്വദേശി പി.ബി. സതീഷ് നൽകിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതിയുടെ നിർദേശം.
സംസ്ഥാനത്തെ മുഴുവൻ നഗരസഭകളെയും ഗ്രാമപഞ്ചായത്തുകളെയും എതിർകക്ഷികളാക്കിയാണ് ഹരജി. ലാൻഡ് അസൈൻമെന്റ് നിയമം ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ആവശ്യവും ഹരജിയിൽ ഉന്നയിച്ചിട്ടുണ്ട്. ഓരോ പട്ടയവുമായി ബന്ധപ്പെട്ട അനുമതിയുടെയും നിയമലംഘനം ഉണ്ടായിട്ടുണ്ടോ എന്നതിന്റെയും സൂക്ഷ്മപരിശോധന ആവശ്യമാണെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, സർക്കാറും തദ്ദേശസ്ഥാപനങ്ങളുമടക്കം 1043 എതിർകക്ഷികളുള്ള ഹരജിയിൽ കോടതിക്ക് ഇതിന് സമയം കണ്ടെത്താനാകില്ല. സംസ്ഥാനത്തിന് പൊതുവെ ബാധകമായ ഉത്തരവിടാനും ഈ ഘട്ടത്തിലാവില്ല. ഹരജിക്കാരുടെ എണ്ണം ഇനിയും കൂടാനുമിടയുണ്ട്. തുടർന്നാണ് കർമസമിതിക്ക് രൂപം നൽകാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയത്.
ഹരജിയിൽ ചൂണ്ടിക്കാട്ടുന്നതും പൊതുതാൽപര്യ പ്രകാരം ശ്രദ്ധയിൽപെടുത്തുന്നതുമായ കാര്യങ്ങൾ പരിശോധിച്ച് കോടതിക്ക് സമിതി റിപ്പോർട്ട് നൽകണം. ഇതിനുമുമ്പ് സമിതി രൂപവത്കരണം എങ്ങനെയെന്ന് കോടതിയെ അറിയിച്ച് അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സമിതി രൂപവത്കരണവുമായി ബന്ധപ്പെട്ട കരട് നാലാഴ്ചക്കകം സമർപ്പിക്കാമെന്ന് സർക്കാർ അറിയിച്ചു. വിഷയം നവംബർ എട്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.