മരണശേഷം മൊബൈൽ ഫോൺ കണ്ടെത്താനായില്ല; കോഴിക്കോട് നിയമവിദ്യാർഥിയുടെ തൂങ്ങിമരണത്തിൽ ദുരൂഹതയെന്ന് കുടുംബം
text_fieldsപാവറട്ടി/കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോസ്റ്റലിൽ നിയമവിദ്യാർഥിനി മൗസ മെഹറിസി (20) തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണശേഷം മൗസയുടെ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതിൽ ദുരൂഹതയുണ്ടെന്നും മരണകാരണം കണ്ടെത്തണമെന്നും പിതാവ് അബ്ദുൽ റഷീദ് പറഞ്ഞു.
തിങ്കളാഴ്ചയാണ് തൃശൂർ പാവറട്ടി കോടയിൽ വീട്ടിൽ അബ്ദുൽ റഷീദിന്റെ മകൾ മൗസ മെഹറിസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിൽ മറ്റു പരിക്കുകൾ ഇല്ലാത്തതിനാൽ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. കോഴിക്കോട് കോവൂർ സ്വദേശിയായ യുവാവുമായി മൗസ അടുപ്പത്തിലായിരുന്നു. എന്നാൽ, ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് മൗസ അടുത്ത ദിവസമാണ് അറിഞ്ഞത്. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഫെബ്രുവരി 15ന് വീട്ടിൽ വന്ന മൗസ 17നാണ് ഹോസ്റ്റലിലേക്ക് തിരിച്ചുപോയത്. മാർച്ച് 13നുമുമ്പ് സ്റ്റഡി ലീവിന് വരുമെന്ന് പോയപ്പോൾ പറഞ്ഞിരുന്നു. മരണദിവസം ആൺസുഹൃത്ത് മൗസയുടെ മാതാവിന്റെ ഫോണിലേക്ക് വിളിക്കുകയും ഇതിന്റെ സ്ക്രീൻ റെക്കോഡ് മൗസയുടെ സുഹൃത്തിന്റെ നമ്പറിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഇതിൽ മൗസ കടുത്ത നിരാശയിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. മരിക്കുന്നതിന്റെ തലേദിവസം ആൺസുഹൃത്തുമായി തർക്കമുണ്ടാവുകയും മൗസയുടെ ഫോൺ ഇയാൾ കൊണ്ടുപോവുകയും ചെയ്തതായി സഹപാഠികൾ മൊഴിനൽകിയിട്ടുണ്ട്. ഇയാൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആൺസുഹൃത്തിന്റെയും മൗസയുടെയും ഫോൺ ചൊവ്വാഴ്ച മുതൽ സ്വിച്ച് ഓഫാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.