Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അവകാശവും സംരക്ഷണവും ഉറപ്പുവരുത്തുന്ന സമഗ്ര നിയമം വേണം – ജനകീയ ചര്‍ച്ച
cancel
Homechevron_rightNewschevron_rightKeralachevron_rightരോഗികളുടെയും ആരോഗ്യ...

രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അവകാശവും സംരക്ഷണവും ഉറപ്പുവരുത്തുന്ന സമഗ്ര നിയമം വേണം – ജനകീയ ചര്‍ച്ച

text_fields
bookmark_border

തിരുവനന്തപുരം: ഡോ. വന്ദനയുടെ ദാരുണമായ മരണത്തിന്‍റെ സാഹചര്യത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് രോഗികളുടെ അവകാശങ്ങളെ മാനിക്കാത്തതും വിവേചനപരവുമാണെന്നും ഒരേ സമയം രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും അവകാശവും സംരക്ഷണവും ഉറപ്പുവരുത്തുന്ന സമഗ്ര നിയമമാണ് വേണ്ടതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംഘടിപ്പിച്ച ജനകീയ ചര്‍ച്ച അഭിപ്രായപ്പെട്ടു.

‘ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ് ജന സൗഹൃദമോ’ എന്ന തലക്കെട്ടില്‍ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ജനകീയ ചർച്ച വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്ക് കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നതിലേക്ക് വിരൽ ചൂണ്ടുന്ന സംഭവമായിരുന്നു ഡോ. വന്ദന ദാസിന്റെ കൊലപാതകം. എന്നാൽ ഇതിന്റെ മറവിൽ അവതരിപ്പിക്കപ്പെട്ട നിയമ ഭേദഗതിയിൽ നിയമ നിർമാണത്തിൽ പുലർത്തേണ്ട സൂക്ഷ്മതയും മുന്നൊരുക്കവും ദീർഘവീക്ഷണവും ഉണ്ടായിട്ടില്ല. ആതുര ശുശ്രൂഷകർക്കൊപ്പം ആശുപത്രി മാനേജ്മെന്റ്, സുരക്ഷാ ജീവനക്കാർ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള മാനേജീരിയല്‍ സ്റ്റാഫിനെയും ആരോഗ്യ പ്രവർത്തകരായി എണ്ണുന്ന നിയമം രോഗികളെയും അവരുടെ ബന്ധുക്കളെയും മുൻ വിധിയോടുകൂടിയാണ് സമീപിക്കുന്നത്.

ആരോഗ്യ പ്രവർത്തകരെപ്പോലെ ഏറിയോ കുറഞ്ഞോ മാനസിക സമ്മർദം അനുഭവിക്കുന്നവരാണ് ആശുപത്രികളിലെത്തുന്ന രോഗികളും അവരുടെ ഒപ്പമുള്ളവരും. അതിനെയെല്ലാം പാടേ അവഗണിച്ചുകൊണ്ട് പൊതുജനങ്ങളുടെ സ്വാഭാവിക പ്രതികരണങ്ങളെ പോലും ക്രിമിനൽവത്കരിക്കുകയാണ് ഈ ഓർഡിനൻസ്. വൈകാരികതകളിലൂന്നിയല്ല, നേരെ മറിച്ച് ആവശ്യമായ ആലോചനകളോടെയും ദീർഘവീക്ഷണത്തോടെയുമാണ് സംസ്ഥാന സർക്കാർ നിയമ നിർമാണം നടത്തേണ്ടത്. ഓർഡിനൻസിന് നിയമമാക്കുന്ന നടപടികളിലേക്ക് കടക്കുന്നതിന് പകരം ജനകീയ താല്‍പര്യം മുന്‍നിര്‍ത്തി ആവശ്യമായ ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാകണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ അതീവ പ്രധാനമാണ്. അത് ഉറപ്പു വരുത്താൻ ഭരണകൂടം ബാധ്യസ്ഥവുമാണ്. കേവല നിയമനിർമാണം നടത്തി, ആ ബാധ്യത മുഴുവൻ പൊതുജനങ്ങൾക്കു മേൽ കെട്ടിവെക്കുകയും അവരെ അപരസ്ഥാനത്ത് പ്രതിഷ്ഠിച്ച് കൈകഴുകുകയുമാണ് സംസ്ഥാന സർക്കാർ നിലവിൽ ചെയ്തിരിക്കുന്നത്. മദ്യവ്യാപനത്തിനടക്കം നേതൃത്വം കൊടുക്കുന്ന സര്‍ക്കാര്‍ ലഹരിമൂലം ഉണ്ടാകുന്ന സുരക്ഷാ പ്രശ്നങ്ങളില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്നതിന്‍റെ ഭാഗം കൂടിയാണ് ഇത്തരം നിയമനിര്‍മാണം. താല്‍ക്കാലിക രക്ഷപ്പെടലിന് പകരം പ്രായോഗികവും ഉത്തരവാദിത്വപൂര്‍ണവുമായ നടപടികളിലൂടെ ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാർഗങ്ങളാരായുകയാണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്യേണ്ടത്.

ആരോഗ്യ പ്രവർത്തകർക്കും രോഗികൾക്കും ഒരുപോലെ സുരക്ഷ പ്രദാനം ചെയ്യുന്ന ഇടങ്ങളാകണം ആശുപത്രികൾ. കേരളത്തിലെ രോഗികളുടെ എണ്ണത്തിന് അനുസരിച്ച് ആരോഗ്യകേന്ദ്രങ്ങളില്‍ ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. രോഗികളില്‍ നിന്നും പ്രതിഷേധങ്ങള്‍ ഉണ്ടാകുന്നതിന് ഇതാണ് പ്രധാന കാരണം. ഇതിനെ അഭിമുഖീകരിക്കാതെ കേവല നിയമനിര്‍മാണത്തിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന മൗഢ്യമാണ് സര്‍ക്കാറിന് ഇപ്പോഴും ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശുപത്രി സംരക്ഷണ നിയമം ഭേദഗതി വരുത്തിക്കൊണ്ട് ഇപ്പോൾ ഇറങ്ങിയ ഓർഡിനൻസ് ഭാവിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ചൂഷണങ്ങൾക്കും രോഗികൾക്കുമേൽ അപകടകരമായ മരുന്നു പരീക്ഷണങ്ങൾക്കും വഴി വെക്കുന്നതാകും. പ്രസ്തുത ഓർഡിനൻസിനെതിരെ കേരളം പുലർത്തുന്ന കുറ്റകരമായ മൗനത്തിന് വരും തലമുറയോട് നാം മറുപടി പറയേണ്ടി വരുമെന്നും കേരളത്തിൽ മറ്റാരും തയ്യാറാകാതിരുന്ന ഇത്തരം ഒരു ചർച്ചയ്ക്ക് വേദിയൊരുക്കിയ വെൽഫെയർ പാർട്ടിയുടേത് ഒരു ലൈഫ് സേവിംഗ്‌ നാഴികക്കല്ലാണെന്നും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരൻ പറഞ്ഞു.

വ്യക്തിപരമായി ആരോഗ്യ പ്രവർത്തകൻ എന്ന നിലയിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കനുകൂലമാണ് ഓർഡിനൻസ് എന്ന് സമ്മതിക്കെ തന്നെ, പൗരന്മാരെ തീരെ പരിഗണിക്കാത്തതും അങ്ങേയറ്റം ജനാധിപത്യ വിരുദ്ധവും ജനദ്രോഹപരവുമാണ് ഓർഡിനൻസ് എന്ന് ചർച്ചയിൽ പങ്കെടുത്ത ഡോ:പി ജി ഹരി അഭിപ്രായപ്പെട്ടു.

സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേന്ദ്രന്‍ കരിപ്പുഴ അധ്യക്ഷതവഹിച്ചു. എസ്.മിനി, ഡോ. നബീൽ അമീൻ, സജീദ് ഖാലിദ്, കെ.എ ഷെഫീക്ക്, മിനി മോഹൻ, അഡ്വ. സഹീർ മനയത്ത്, ഡോ. അശോക് ശങ്കർ, ശംസീര്‍ ഇബ്രീഹം, അഷ്‌റഫ് കല്ലറ, മെഹബൂബ് ഖാന്‍ പൂവാര്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party
News Summary - We need a comprehensive law that ensures the rights and protection of patients and healthcare workers – public debate
Next Story