നിയമ സർവകലാശാലയിൽ വി.സി: സെർച്ച് കമ്മിറ്റിയിൽ നിയമ പണ്ഡിതരെ ഒഴിവാക്കിയതായി ആക്ഷേപം
text_fieldsതിരുവനന്തപുരം: ചീഫ് ജസ്റ്റിസ് ചാൻസറായ നിയമ സർവകലാശാല വി.സി യെ തെരഞ്ഞെടുക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയിൽ നിയമ പണ്ഡിതരെ ഒഴിവാക്കിയതായി ആക്ഷേപം. മുൻകാലങ്ങളിൽ സേർച്ച് കമ്മിറ്റിയിലേക്ക് നിയമ പണ്ഡിതന്മാരെയാണ് നിയോഗിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി സംസ്ഥാനത്തെ പൊതു സർവകലാശാലകളിലേതുപോലെ താൽക്കാലിക വി.സി യെ നിയമിച്ചിട്ടുള്ള നിയമ സർവകലാശാലയിൽ യു.ജി.സിയുടെ പുതിയ നിയമം വരുന്നതിനുമുമ്പ് തിരക്കിട്ട് വിസിയെ നിയമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യപടിയായി സെർച്ച് കമ്മിറ്റി രൂപീകരിച്ചും, നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുമുള്ള വിജ്ഞാപനങ്ങൾ സർവകലാശാല പുറത്തിറക്കി.
ഗവർണർ സെർച്ച് കമ്മിറ്റികൾ രൂപീകരിച്ചതിനെതിരെ ഹൈകോടതിയിൽ ഹർജി ഫയൽ ചെയ്ത സർക്കാർ തന്നെയാണ് നിയമ സർവകലാശാലയുടെ സെർച്ച് കമ്മിറ്റിയിലേക്ക് സർക്കാർ പ്രതിനിധിയെ നൽകിയത്. ഹൈകോടതി ചീഫ് ജസ്റ്റിസാണ് നിയമ സർവകലാശാലയുടെ ചാൻസലർ. നിയമ സർവകലാശാലയുടെ നിലവിലെ നിയമത്തിൽ ചാൻസലറുടെ പ്രതിനിധി കമ്മിറ്റിയിലില്ല.
സർക്കാർ പ്രതിനിധി, ബാർ കൗൺസിൽ പ്രതിനിധി, യുജിസി പ്രതിനിധി എന്നിവരെ ഉൾപ്പെടുത്തിയാണ് സെർച്ച്കമ്മിറ്റി രൂപീകരിച്ചത്. യു.ജി.സി യുടെ പുതിയ കരട് ചട്ടത്തിൽ സർക്കാർ പ്രതിനിധിക്കു പകരം ചാൻസിലരുടെ പ്രതിനിധിയും യൂനിവേഴ്സിറ്റി പ്രതിനിധിയുമുണ്ടാകും. യൂനിവേഴ്സിറ്റിയുടെ പ്രതിനിധിയെ നൽകാൻ സർക്കാർ വിസമ്മതിച്ചത് കൊണ്ട് സംസ്ഥാന സർവകലാശാലകളിൽ ഗവർണർക്ക് സെർച്ച് കമ്മിറ്റികൾ രൂപീകരിക്കാനായിരുന്നില്ല. പകരം സമാന്തരമായി സർക്കാർ തന്നെ സെർച്ച് കമ്മിറ്റികൾ രൂപീകരിക്കുകയായിരുന്നു.
അതിനിടെയാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം ചാൻസലറിൽ നിക്ഷിപ്തമാക്കിയുള്ള കരട് നിയമം യു.ജി.സി പ്രസിദ്ധീകരിച്ചത്. കരട് നിയമം പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ സജീവമായുണ്ട്. നിയമസഭ പ്രമേയവും പാസാക്കിയിരുന്നു.
നിയമ സർവകലാശാലക്ക് സമാനമായി നിലവിലെ നിയമ പ്രകാരം സെർച്ച് കമ്മിറ്റികൾ രൂപീകരിച്ച് സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലും വി.സി മാരുടെനിയമനം നടത്താൻ സർക്കാരിന് താൽപ്പര്യമുണ്ടെന്നതിന്റെ തുടക്കമാണ് നിയമ സർവകലാശാലയിലെ സേർച്ച് കമ്മിറ്റിയുടെ രൂപീകരണമെന്നറിയുന്നു.
എന്നാൽ കമ്മിറ്റികൾ രൂപീകരിച്ച ചാൻസിലറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ സർക്കാർ നൽകിയ ഹർജികൾ നിലവിലുള്ളത് കൊണ്ട് പുതിയ യു.ജി.സി നിയമം നടപ്പിലാക്കിയ ശേഷം വി.സി നിയമന നടപടികൾ ആരംഭിച്ചാൽ മതി എന്ന നിലപാടിലാണ് ഗവർണർ.
സർക്കാർ പ്രതിനിധിയായി കേരള സർവകലാശാല മുൻ വിസി ഡോ.ബി. ഇക്ബാൽ, ബാർ കൗൺസിൽ പ്രതിനിധിയായി എം.ജി. സർവകലാശാല മുൻവി.സി ഡോ: സാബു തോമസ്, യു.ജി.സി പ്രതിനിധിയായി രാജസ്ഥാനിലെ ബിക്കാനർ ടെക്നിക്കൽ സർവകലാശാല പ്രഫ. എച്ച്.ഡി. ചരൺ എന്നിവരാണ് സെർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ. നിയമ സർവകലാശാല സേർച്ച് കമ്മിറ്റിയിൽ നിയമ പണ്ഡിതരെ ഒഴിവാക്കിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ ആക്ഷേപം.
എന്നാൽ, നിയമ മന്ത്രി പ്രൊ ചാൻസിലറായ സർവകലാശാലയുടെ സേർച്ച് കമ്മിറ്റിയിലെ സർക്കാർ പ്രതിനിധിയും, ബാർ കൗൺസിൽ പ്രതിനിധിയും നിയമ മേഖലയിലുള്ളവരല്ല. റിട്ടയേഡ് സർജൻ, റിട്ടയേർഡ് കെമിസ്ട്രി അധ്യാപകൻ റിട്ടയേർഡ് എൻജിനീയറിങ് അധ്യാപകൻ(യു.ജു.സി പ്രതിനിധി) എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
സാങ്കേതിക സർവ്വകലാശാല, കാർഷിക, ഫിഷറീസ്, വെറ്ററിനറി, ആരോഗ്യ സർവകലാശാലകളിൽ വി.സി യുടെ നിയമനത്തിന് ശുപാർശ ചെയ്യുന്ന കമ്മിറ്റിയിൽ അതാത് മേഖലയിൽ പ്രാവീണ്യംഉള്ളവരെയാണ് നിയോഗിക്കാറുള്ളതെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.