വിഴിഞ്ഞം തുറമുഖത്തിന് പാറപൊട്ടിക്കുന്നതിൽ നിയമ ലംഘനം : കലക്ടർ പാറമട സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ്, വിഴിഞ്ഞം തുറമുഖത്തിനായി പാറ ഖനനം നടത്തുന്ന നഗരൂരിലെ പാറമടയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ തിരുവനന്തപുരം കലക്ടർ അടിയന്തിരമായി സ്ഥലം സന്ദർശിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
കലക്ടർ സ്ഥലം സന്ദർശിച്ച് നാട്ടുകാരുടെ പരാതികൾ കേട്ട് പരിഹരിച്ച ശേഷം സെപ്റ്റംബർ 28 നകം സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ഉത്തരവിട്ടു.
പാറ പൊട്ടിക്കുമ്പോഴുള്ള ആഘാതം അനുവദനീയമായ ദൂരപരിധി കടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നഗരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എന്നാൽ ആവശ്യമായ എല്ലാ ഒuദ്യോഗിക രേഖകളും ഹാജരാക്കുമ്പോൾ ഗ്രാമപഞ്ചായത്തിന് പാറമടക്ക് ലൈസൻസ് നിഷേധിക്കാൻ കഴിയില്ലെന്ന് വിശദീകരണത്തിൽ പറയുന്നു.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജേഷ് കുമാർ ഷായുടെ പേരിലാണ് പാറ ഖനനം നടത്താൻ കലക്ടർ നിരാക്ഷേപ പത്രം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി 28 വരെ പാറ ഖനനം നടത്താൻ പഞ്ചായത്ത് അനുമതി നൽകിയിട്ടുണ്ട്.
പ്രദേശവാസികളായ പരാതിക്കാരുമായി ചർച്ച നടത്താൻ കമ്പനി പ്രതിനിധികളെ ക്ഷണിച്ചെങ്കിലും അവർ കൂടിക്കാഴ്ചക്ക് തയാറായില്ല. പാറ ഖനനം നടത്തുമ്പോൾ നാട്ടുകാർക്ക് ഉണ്ടാകുന്ന കഷ്ട നഷ്ടങ്ങൾ നികത്താൻ കമ്പനി തയാറായിട്ടില്ല. കമ്പനി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിന് മുഖ്യമന്ത്രിക്കും തദ്ദേശ സ്വയംഭരണം, വ്യവസായ മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.
കഷ്ട നഷ്ടങ്ങൾ സംബന്ധിച്ച് കമ്പനിയും പ്രദേശവാസികളും തമ്മിൽ പ്രാദേശികമായി ഉണ്ടാക്കിയ കരാറുകൾ പാലിക്കാത്തതിനെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. പരാതി സത്യമാണെന്ന് പഞ്ചായത്തിന്റ വിശദീകരണത്തിൽ നിന്നും ബോധ്യമായതായി കമീഷൻ ഉത്തരവിൽ പറഞ്ഞു.
പരിസര വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ നിരാക്ഷേപ പത്രം നൽകിയ ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു. നഗരൂർ സ്വദേശികളായ സാബുവും മോഹനകുമാറും സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.