പീഡനക്കേസിൽ പ്രതിയായ അഭിഭാഷകൻ മുൻകൂർ ജാമ്യ ഹരജി നൽകി
text_fieldsകൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ അഭിഭാഷകൻ പി.ജി. മനു ഹൈകോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി. പീഡനമടക്കം കുറ്റങ്ങൾ ചുമത്തി ചോറ്റാനിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി.
മറ്റൊരു പീഡനക്കേസിൽ ഇരയായ യുവതി ഈ കേസ് ഒത്തുതീർക്കാൻ നടപടികൾ സ്വീകരിക്കേണ്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നിയമസഹായം തേടിയാണ് തന്നെ സമീപിച്ചതെന്ന് ഹരജിയിൽ പറയുന്നു. പരാതിക്കാരി ആരോപിക്കുന്ന വിധത്തിലുള്ള കുറ്റകൃത്യം തന്നിൽനിന്നുണ്ടായിട്ടില്ല. ജോലിസംബന്ധമായ ശത്രുതയെ തുടർന്ന് ചിലരുടെ ആസൂത്രിത ശ്രമഫലമായി ഉണ്ടായ കേസാണെന്നും ഇവർ ചോറ്റാനിക്കര പൊലീസുമായി ചേർന്ന് യുവതിയുടെ വ്യാജ മൊഴിയെടുപ്പിക്കുകയായിരുന്നുവെന്നും ഹരജിയിൽ ആരോപിച്ചു.
തന്‍റെ അന്തസ്സും സൽപേരും തകർക്കാൻ പരാതിക്കാരിയുമായി ചേർന്ന് ചിലർ നടത്തിയ ആസൂത്രിത ശ്രമമാണിത്. ഇതിന്‍റെ ഭാഗമായാണ് തന്നെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ള സന്ദേശങ്ങളും ചിത്രങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ഇത്തരമൊരു ആരോപണം തന്‍റെ തൊഴിൽ ജീവിതെത്തയും കുടുംബ ജീവിതത്തെയും മോശമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ ഉത്തരവിടണമെന്നുമാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.