പൊലീസിനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം സഹയാത്രികനായ അഭിഭാഷകൻ
text_fieldsകോഴിക്കോട്: പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുതിർന്ന അഭിഭാഷകനും സി.പി.എം സഹയാത്രികനുമായ എടത്തൊടി രാധാകൃഷ്ണൻ രംഗത്ത്.
കസബ മുൻ എസ്.ഐയും നിലവിൽ ബേപ്പൂർ എസ്.എച്ച്.ഒയുമായ സിജിത്ത് വക്കാട്ടിനെതിരെയാണ് പരാതി. പല കേസുകളിൽ പൊലീസിന്റെ വഴിവിട്ട ബന്ധങ്ങൾ പുറത്തുകൊണ്ടുവന്നതിനാലാണ് തനിക്കെതിരെ കള്ളക്കേസടക്കം എടുക്കുന്നതെന്ന് എടത്തൊടി രാധാകൃഷ്ണൻ വാർത്തസമ്മേളത്തിൽ പറഞ്ഞു.
ബേപ്പൂർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളെ സിജിത്ത് സ്വാധീനിക്കുകയും പ്രതിഭാഗം വക്കീലായ തനിക്കെതിരെ കോടതിയിൽ കള്ളക്കേസ് കൊടുക്കാൻ ഇടപെടുകയും ചെയ്തു. താൻ കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാൽ, മജിസ്ട്രേട്ട് രക്ഷിതാക്കളുടെ ഹരജി തള്ളി. 2018ൽ നടന്ന ഒരു കേസുമായി ബന്ധപ്പെട്ട പ്രതികാരനടപടിയായാണ് സി.ഐ രക്ഷിതാക്കളുമായി ഗൂഢാലോചന നടത്തിയത്.
മാവൂർ റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഷനീത് എന്നയാളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച സംഭവത്തിൽ ഷനീതിന് വേണ്ടി വാദിച്ചതിനാലാണ് തനിക്കെതിരെ ഇപ്പോൾ സിജിത്ത് ഗൂഢാലോചന നടത്തുന്നതെന്ന് എടത്തൊടി രാധാകൃഷ്ണൻ പറഞ്ഞു. നിരവധി കേസുകളിൽ സിജിത്തിന്റെയും കൂട്ടാളികളായ പൊലീസുകാരുടെയും നിയമവിരുദ്ധ ഇടപെടലുകൾ ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷനും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ബേപ്പൂർ സ്കൂൾ സംഭവത്തിലെ ഗൂഢാലോചനയിൽ രക്ഷിതാക്കൾക്കും എസ്.എച്ച്.ഒ സിജിത്തിനും ഒരു പൊലീസുകാരനുമെതിരെ ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.