സൈബി ഹാജരായ കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം; പരാതിക്കാർ നേരത്തേ വിജിലൻസ് രജിസ്ട്രാറെ സമീപിച്ചു
text_fieldsകൊച്ചി: പരാതിക്കാരനെ കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചത് സംബന്ധിച്ച ഹരജിക്ക് മുമ്പേ പരാതിക്കാർ ഹൈകോടതി വിജിലൻസ് രജിസ്ട്രാറെയും സമീപിച്ചിരുന്നു. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് വൻതുക വാങ്ങി എന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായ ഈ കേസുകളിലെ മുൻകൂർ ജാമ്യ ഉത്തരവുകൾ കഴിഞ്ഞ ദിവസം കോടതി തിരികെ വിളിച്ചിരുന്നു. പരാതിക്കാരനായ വി.ആർ. മോഹനനും ടി. ബാബുവും നൽകിയ ഹരജി പരിഗണിച്ചാണ് മുൻ ഉത്തരവുകൾ തിരിച്ചുവിളിച്ചത്. പട്ടികജാതി -വർഗ പീഡന നിരോധന നിയമപ്രകാരമുള്ള കേസിൽ തങ്ങളെ കേൾക്കാതെ പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത് സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ഇതിന് മുമ്പേ ഇവർ വിജിലൻസ് രജിസ്ട്രാർക്ക് പരാതി നൽകിയത്.
പത്തനംതിട്ട റാന്നി താലൂക്കിൽ പഴവങ്ങാടിക്കര മന്ദമാരുതി വട്ടാർകയത്ത് താമസിക്കുന്ന പരാതിക്കാരുടെ താമസസ്ഥലത്തേക്കുള്ള പൊതുവഴി അടക്കുകയും കിണർ ഇടിച്ചുനിരത്തുകയും ചെയ്തതുമായി ബന്ധപ്പെട്ട് റാന്നി പൊലീസ് സ്റ്റേഷനിലാണ് കേസ് ഉണ്ടായിരുന്നത്. പ്രതികളും പത്തനംതിട്ട സ്വദേശികളുമായ ബൈജു സെബാസ്റ്റ്യൻ, ജിജോ വർഗീസ് എന്നിവരടക്കം പ്രതികൾക്ക് 2022 ഏപ്രിൽ 29നാണ് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ബൈജു സെബാസ്റ്റ്യന്റെ പിതാവ് റിട്ട. ഡിവൈ.എസ്.പിയായിരുന്നു. ഇതിനിടെയാണ് സിനിമ നിർമാതാവിൽനിന്ന് ജഡ്ജിക്ക് നൽകാനെന്ന പേരിൽ സൈബി ജോസ് 25 ലക്ഷം രൂപ വാങ്ങിയെന്ന ആരോപണമുയർന്നത്. സൈബിക്കെതിരെ അന്വേഷണം ഉണ്ടായതും ഇതിന്റെ അടിസ്ഥാനത്തിലാണെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇതിന് മുമ്പേ തന്നെ വിജിലൻസ് രജിസ്ട്രാർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഹൈകോടതി വിജിലൻസ് വിഭാഗം പത്തനംതിട്ടയിലെത്തി പരാതിക്കാരിൽനിന്ന് മൊഴിയെടുത്തിരുന്നു. ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽനിന്ന് വൻതുക വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ടും ഹൈകോടതി നിർദേശപ്രകാരം പൊലീസ് പരാതിക്കാരായ പത്തനംതിട്ട സ്വദേശികളുടെ മൊഴിയെടുത്തു.
പ്രതികൾ ഹൈകോടതിയിൽ മുൻകൂർ ജാമ്യഹരജി നൽകിയത് തങ്ങളെ ആരും അറിയിച്ചില്ലെന്ന് വിജിലൻസ് രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 50 ലക്ഷം രൂപ ചെലവുണ്ടെന്നും ഹൈകോടതിയിൽ പണം കൊടുത്ത് പട്ടികജാതി കേസുകൾ തോട്ടിൽ കളഞ്ഞുവെന്നും മുൻകൂർ ജാമ്യം ലഭിച്ച ശേഷം പ്രതികൾ പറഞ്ഞതായി ബിനു സി. മാത്യു എന്നയാൾ പറഞ്ഞറിഞ്ഞെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. പട്ടികജാതി വിഭാഗക്കാരനായ പരാതിക്കാരെ കേൾക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് വ്യക്തമായതിനെ തുടർന്നാണ് പരാതിക്കാരുടെ ഹരജിയിൽ മുൻകൂർ ജാമ്യം അനുവദിച്ച ഉത്തരവ് കോടതി തിരിച്ചുവിളിച്ചത്. അതിനിടെ, ജഡ്ജിക്ക് കൊടുക്കാനായി അഭിഭാഷകന് പണം നല്കിയിട്ടില്ലെന്നും അഞ്ച് കേസുകൾക്കായി ഒരു ലക്ഷം രൂപ അഭിഭാഷകന് ഫീസായാണ് നൽകിയതെന്നും പ്രതി ബൈജു സെബാസ്റ്റ്യൻ പറഞ്ഞു. ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ചത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ബൈജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.