ഒളിവിൽ പോയ ഹൈറിച്ച് ദമ്പതികളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകൻ; കേസ് വീണ്ടും 12ന്
text_fieldsകൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽപോയ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി’ ഉടമകളെ ബന്ധപ്പെടാനാകുന്നില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ. കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. അതേസമയം, കേസിൽ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി. ഹൈ റിച്ച് ഓൺലൈൻ ഷോപ്പി മാനേജിങ് ഡയറക്ടർ വലിയാലുക്കൽ കോലാട്ട് കെ.ഡി. പ്രതാപൻ, ഭാര്യയും സി.ഇ.ഒയുമായ കാട്ടൂക്കാരൻ ശ്രീന എന്നിവരാണ് കേസിനെ തുടർന്ന് ഒളിവിൽ കഴിയുന്നത്.
പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ എന്ന് ഹാജരാകാൻ കഴിയുമെന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് പ്രതികളെ ബന്ധപ്പെടാനാകുന്നില്ലെന്ന് അഭിഭാഷകൻ അറിയിച്ചത്.
പ്രതികൾ കീഴടങ്ങിയാൽ അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോൾ ഉറപ്പ് നൽകാൻ കഴിയില്ലെന്നാണ് ഇ.ഡി നേരത്തെ പറഞ്ഞത്. കേരളത്തിന് അകത്തും പുറത്തും വലിയ തോതിൽ തട്ടിപ്പ് നടന്നതായും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി കോടതിയെ അറിയിച്ചിരുന്നു.
എല്ലാ കാര്യങ്ങളും നിയമപരമായി തന്നെയാണ് ചെയ്തിട്ടുള്ളതെന്നും മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ രാഷ്ട്രീയപ്രേരിതമായ ആരോപണം നടത്തുകയാണെന്നുമാണ് പ്രതിഭാഗം ആരോപിക്കുന്നത്.
വൻ ലാഭം നേടാമെന്ന് വാഗ്ദാനം നൽകി പ്രതികൾ 1157 കോടിയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. 127 കോടിയുടെ നികുതി വെട്ടിച്ചതിന് ജി.എസ്.ടി ഇന്‍റലിജൻസ് വിഭാഗവും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടിയുടെ സ്വത്ത് മാത്രമാണ് ഇ.ഡിക്ക് മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.