എൽദോസ് കേസിൽ അഭിഭാഷകരും പ്രതി; കോടതി ബഹിഷ്കരിച്ച് പ്രതിഷേധം
text_fieldsതിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ കേസിൽ അഭിഭാഷകരെ കൂട്ടുപ്രതിയാക്കിയതിൽ പ്രതിഷേധിച്ച് അഭിഭാഷകർ കോടതികൾ ബഹിഷ്കരിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലായിരുന്നു ബഹിഷ്കരണം.
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മർദിച്ചെന്ന കേസിലാണ് തിരുവനന്തപുരം ബാറിലെ മൂന്ന് അഭിഭാഷകരെയും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനെയും കൂട്ടുപ്രതിയാക്കി കോടതിയിൽ കഴിഞ്ഞദിവസം വഞ്ചിയൂർ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. മുൻ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റ്യാനി സുധീർ, അലക്സ് എം. സ്കറിയ, ജോസ് ചെരുവിൽ, ഓൺലൈൻ മാധ്യമപ്രവർത്തകൻ രാഗം രാധാകൃഷ്ണൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
സ്ത്രീത്വത്തെ അപമാനിക്കൽ, വ്യാജരേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കേസ് ഒത്തുതീർപ്പാക്കാൻ അഭിഭാഷകരുടെ ഓഫിസിൽ െവച്ച് എം.എൽ.എ മർദിച്ചെന്നാണ് മജിസ്ട്രേറ്റ് മുമ്പാകെ യുവതി നൽകിയ മൊഴി. അതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഇതിൽ അഭിഭാഷകരും കൂട്ടുപ്രതികളാകാം എന്ന് കാട്ടിയാണ് വഞ്ചിയൂർ പൊലീസ് മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞദിവസം റിപ്പോർട്ട് നൽകിയത്.
എന്നാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ ഈ റിപ്പോർട്ട് ജില്ല കോടതിൽ ഹാജരാക്കാത്തത് കാരണം ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരുന്നു. എന്നാൽ റിപ്പോർട്ട് നൽകിയതേയുള്ളൂയെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. പൊലീസ് മനഃപൂർവം അഭിഭാഷകരെ പ്രതി ചേർക്കുകയാണെന്നാണ് അഭിഭാഷകരുടെ ആക്ഷേപം.
കോടതി നടപടികൾ ബഹിഷ്കരിച്ച അഭിഭാഷകർ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.