കോടതിക്കെതിരെ അഭിഭാഷകരുടെ പ്രതിഷേധ പ്രകടനം
text_fieldsപരപ്പനങ്ങാടി: തിരൂർ കോടതിയിൽ അഭിഭാഷകരും കോടതിയും തമ്മിലുള്ള തർക്കത്തിൽ അഭിഭാഷകർക്ക് പിന്തുണപ്രഖ്യാപിച്ച് പരപ്പനങ്ങാടി ബാറിലെ അഭിഭാഷകർ കോടതി ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി. കഴിഞ്ഞ ദിവസം തിരൂരിൽ കോടതി നടപടിക്രമങ്ങൾ പാലിച്ചും കീഴ്വഴക്കങ്ങൾ മാനിച്ചും കേസ് വാദം നടന്നുകൊണ്ടിരിക്കെ അഭിഭാഷകനിൽ നിന്നുണ്ടായ സ്വാഭാവിക പ്രതികരണത്തിന് നേരെ കടുത്ത അസഹിഷ്ണുത പ്രകടിപിച്ച കോടതിയുടെ സമീപനം നീതികരിക്കാനാവില്ലന്ന് അഭിഭാഷകർ പറഞ്ഞു.
നിയമ നടപടി ക്രമങ്ങൾ ലംഘിച്ചവനെന്ന് അഭിഭാഷകനെ മുദ്രകുത്തുന്ന നീതിപീഠത്തിന്റെ സമീപനം പൊറുക്കാനാവില്ലന്നും ശക്തമായ ജനാധിപത്യ പ്രതിഷേധമുണ്ടാകുമെന്നും ബാർ അസോസിയേഷൻ നേതാക്കൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ബാർ അസോസിയേഷൻ പ്രസിഡന്റ് വനജ വള്ളിയിൽ, സെക്രട്ടറി മുഹമ്മദ് ഹനീഫ, അംഗങ്ങളായ വാസുദേവൻ, ദാവൂദ്, കെ.കെ. സുനിൽകുമാർ, ഹാരിഫ്, കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. റാഷിദ്, ടി.ടി. കുഞ്ഞഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു. കോടതി ബഹിഷ്കരണ സമരം സൂചന മാത്രമാണന്നും നേതാക്കൾ വ്യക്തമാക്കി. പ്രതിഷേധ പ്രകടനത്തിന് ബാർ അസോസിയേഷൻ നേതാക്കൾ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.