കല്ലിടുന്നത് ഭൂമിയേറ്റെടുക്കാൻ തന്നെ; സർക്കാർ വിജ്ഞാപനം പുറത്ത്
text_fieldsതിരുവനന്തപുരം: കല്ലിടുന്നത് ഭൂമിയേറ്റെടുക്കാനല്ലെന്നും ആഘാത പഠനത്തിന് മാത്രമാണെന്നും സർക്കാറും കെ-റെയിലും ആവർത്തിക്കുമ്പോഴും തിരിഞ്ഞുകൊത്തി സർവേ വിജ്ഞാപനത്തിലെ സുവ്യക്ത പരാമർശങ്ങൾ. സർവേയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6 (1) വകുപ്പുപ്രകാരം 2021 ഒക്ട്ടോബർ അഞ്ചിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സർവേ നടപടികൾ ഭൂമിയേറ്റെടുക്കലിന് മുന്നേയുള്ളതാണെന്ന് വ്യക്തമായി പറയുന്നത്. 'തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽവേ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുന്നതിന്' എന്ന ആമുഖത്തോടെയാണ് വിജ്ഞാപനം. 'നിർദിഷ്ട വില്ലേജുകളിൽ ഭൂമിയേറ്റെടുക്കുന്നതിെൻറ ഭാഗമായി നിർദേശിച്ചിട്ടുള്ള ഭൂമിയുടെ സർവേ നടത്തുന്നതിന് സർക്കാർ നിർദേശിച്ചിട്ടുണ്ടെന്നും' പറയുന്നു. ഫലത്തിൽ സിൽവർ ലൈനിന് കേന്ദ്രാനുമതി ലഭിച്ച ശേഷമേ ഭൂമിയേറ്റെടുക്കൂ എന്ന സർക്കാർ വാദങ്ങൾ പൊളിക്കുന്നതാണ് വിജ്ഞാപനം.
സർവേക്കായി ആവശ്യമെങ്കിൽ മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ വിളകളോ മറ്റ് തടസ്സങ്ങളോ 15 ദിവസത്തിനുള്ളിൽ നീക്കംചെയ്യാമെന്നും വിജ്ഞാപനത്തിലുണ്ട്. ആനുയോജ്യമായി അടയാളങ്ങൾ നൽകാമെന്നു പറയുന്നുണ്ടെങ്കിലും കല്ല് സ്ഥാപിക്കണമെന്ന് പറയുന്നില്ല. കേവലം സാമൂഹികാഘാത പഠനത്തിനും സർവേക്കും വേണ്ടി മാത്രമെങ്കിൽ എന്തിനാണ് മരംമുറിച്ച് നീക്കലടക്കമുള്ള നടപടികളെന്നതാണ് ചോദ്യം.
ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയിട്ടില്ലെന്നും കേന്ദ്രാനുമതിക്ക് ശേഷമേ ഇതുണ്ടാകൂവെന്നും സർക്കാർ ആവർത്തിക്കുമ്പോഴും 2021 ഒക്ടോബർ 21ന് ഭൂമി ഏറ്റെടുക്കലിന് സ്പെഷൽ ഓഫിസറായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. 11 ജില്ലകളിലും ഭൂമിയേറ്റെടുക്കൽ സെല്ലുകളും തുറന്നിട്ടുണ്ട്. ബഫർ സോണിലും കല്ലിടലിലും തുടരുന്ന അവ്യക്തതയുടെയും ആശയക്കുഴപ്പത്തിെൻറയും തുടർച്ചയാണ് വിജ്ഞാപനത്തിലെ പരമാർശങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.