ഒരുമുഴം മുന്നേ സ്ഥാനാർഥികൾ; ആത്മവിശ്വാസത്തിൽ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: സ്ഥാനാർഥി നിർണയം പൂർത്തിയാക്കി ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിൽ ഒരുമുഴം മുന്നേ എത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് മുന്നണി. സ്ഥാനാർഥി കാര്യത്തിൽ പാർട്ടി നടപടി ക്രമങ്ങളും ഔദ്യോഗിക പ്രഖ്യാപനവും മാത്രമാണ് ശേഷിക്കുന്നതെങ്കിലും എൽ.ഡി.എഫ് എല്ലാ അർഥത്തിലും സെറ്റായിക്കഴിഞ്ഞു. 2019ലെ കറുത്ത ഓർമ മറികടക്കാൻ, പദവിയും ചുമതലകളും മറികടന്ന് കരുത്തരെ അണിനിരത്തിയാണ് സി.പി.എം പട്ടിക. മത്സരിക്കുന്ന 15 സീറ്റിൽ മന്ത്രിയടക്കം നാല് എം.എൽ.എമാർ ഉൾപ്പെട്ടത് ഇതിന് അടിവരയിടുന്നു.
സി.പി.ഐയിലും മന്ത്രിയെ ഗോദയിലിറക്കാൻ ചർച്ച സജീവമായിരുന്നു. തിരുവനന്തപുരത്ത് ജി.ആർ. അനിലിന്റെ പേരാണ് ഉയർന്നുകേട്ടത്. സി.പി.എമ്മിന്റെ കൂടി താൽപര്യം പരിഗണിച്ചായിരുന്നു ഇത്. സി.പി.എം-സി.പി.ഐ ചർച്ചയിലും അനിലിനായിരുന്നു മുൻതൂക്കം. പക്ഷേ, അനിൽ താൽപര്യം കാണിച്ചില്ല. ഇതോടെയാണ് മടിച്ചുനിന്ന പന്ന്യൻ രവീന്ദ്രന്റെ പേരിലേക്ക് വീണ്ടും ചർച്ച കേന്ദ്രീകരിച്ചത്. പി.കെ. വാസുദേവൻ നായരുടെ വിയോഗത്തെത്തുടർന്ന് 2005ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ പന്ന്യൻ ഇവിടെ ജയിച്ചിരുന്നു. 2009 മുതൽ കൈവിട്ട മണ്ഡലം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാണ് സി.പി.ഐ ശ്രമം. സ്ഥാനാർഥി പട്ടിക ജില്ല കൗൺസിൽ യോഗങ്ങളിലെ പരിഗണനക്കുശേഷം തിങ്കളാഴ്ച വീണ്ടും സംസ്ഥാന എക്സിക്യൂട്ടിവ്, കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യും.
ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ ചൊവ്വാഴ്ച പ്രഖ്യാപനം വന്നേക്കും. പി.ബി അംഗത്തിന്റെ നേതൃത്വത്തിലാണ് സി.പി.എം കളത്തിലിറങ്ങുന്നത്. അപ്രതീക്ഷിത സ്ഥാനാർഥികൾക്കൊപ്പം കൃത്യമായ ആസൂത്രണത്തോടെയുള്ള ഇടപെടലുകളും പാർട്ടി തീരുമാനത്തിലുണ്ടായി.
എറണാകുളത്ത് കെ.എസ്.ടി.എ നേതാവ് കെ.ജെ. ഷൈനും ആലത്തൂരിൽ താൽപര്യമില്ലാഞ്ഞിട്ടും മന്ത്രി കെ. രാധാകൃഷ്ണനും രംഗത്തെത്തിയത് അപ്രതീക്ഷിതമെങ്കിൽ പത്തനംതിട്ടയിൽ ഒരുവർഷമായി പ്രവർത്തനം കേന്ദ്രീകരിക്കുന്ന തോമസ് ഐസക്കിന്റേത് മുൻ നിശ്ചയ പ്രകാരമുള്ള നീക്കമായിരുന്നു. ക്ഷേമ പെൻഷൻ മുടക്കവും വിലക്കയറ്റവും വൈദ്യുതി-കുടിവെള്ള ചാർജ് വർധനയുമടക്കം ജനകീയ വിഷയങ്ങൾക്ക് പുറമേ ഹൈകോടതി വിധിയോടെ ടി.പി. ചന്ദ്രശേഖരൻ വധവും അഭിമുഖീകരിക്കേണ്ടി വരുമെങ്കിലും കേന്ദ്ര സർക്കാറിന്റെ ന്യൂനപക്ഷവിരുദ്ധ-ജനദ്രോഹ നയങ്ങളും സംസ്ഥാനത്തോടുള്ള സാമ്പത്തിക ഉപരോധവുമെല്ലാം നിരത്തി തെരഞ്ഞെടുപ്പ് നേരിടാനാണ് സി.പി.എം ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.