ബസ്-ഓട്ടോ-ടാക്സി നിരക്കുകൾ കൂട്ടി; ബസ് മിനിമം 10 രൂപ
text_fieldsതിരുവനന്തപുരം: ബസ് ചാർജും ഓട്ടോ, ടാക്സി നിരക്കുകളും വർധിപ്പിച്ചു. ബസിന് കുറഞ്ഞ നിരക്ക് എട്ടിൽനിന്ന് പത്ത് രൂപയാക്കി. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം 2.5 കിലോമീറ്ററാണ്. ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയായി വർധിക്കും. നിലവിലിത് 90 പൈസയാണ്.
കോവിഡ് കാലത്താണ് മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററിൽ നിന്ന് രണ്ടര കിലോമീറ്ററായി താഴ്ത്തിയത്. ഇപ്പോഴത്തെ നിരക്ക് ഭേദഗതിയിലും ഇത് വ്യത്യാസപ്പെടുത്തിയിട്ടില്ല.
ഓട്ടോകൾക്ക് മിനിമം നിരക്ക് 25 രൂപയിൽ നിന്ന് 30 രൂപയാകും. മിനിമം നിരക്കിൽ സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്ററാക്കി. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം നൽകണം. നിലവിൽ ഇത് 12 രൂപയാണ്. വെയിറ്റിങ് ചാർജ്, രാത്രികാല യാത്രാനിരക്ക് എന്നിവ നിലവിലേത് തുടരും.
ബസുടമകൾ പ്രധാനമായും ഉന്നയിച്ച വിദ്യാർഥി യാത്രനിരക്കിന്‍റെ കാര്യം തീരുമാനിച്ചിട്ടില്ല. ഇതിനെക്കുറിച്ച് പഠിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കമീഷനെ ചുമതലപ്പെടുത്തും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പിന്നീട് തീരുമാനിക്കും. വിദ്യാർഥി യാത്രനിരക്കിൽ ബസുടമകളുടെ ആവശ്യം അന്യായമാണെന്ന് പറയാൻ കഴിയില്ലെന്ന് മന്ത്രി ആന്‍റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മറ്റ് നിരക്കുകൾ ഇങ്ങനെ
നാലുചക്ര ഓട്ടോ (ക്വാട്ട്റിസൈക്കിൾ):
- നിലവിലെ മിനിമം നിരക്ക് 30 രൂപ
- പുതുക്കിയ നിരക്ക് (രണ്ട് കിലോമീറ്റർ വരെ) 35 രൂപ
- കിലോമീറ്റർ നിരക്ക് നിലവിൽ 12രൂപ
- പുതുക്കിയ നിരക്ക് 15 രൂപ
1500 സി.സിക്ക് താഴെയുള്ള ടാക്സി കാർ
- നിലവിലെ നിരക്ക് (അഞ്ച് കിലോമീറ്റർ വരെ) 175 രൂപ
- പുതുക്കിയ നിരക്ക് (അഞ്ച് കിലോമീറ്റർ വരെ) 200 രൂപ
- കിലോമീറ്റർ നിരക്ക് നിലവിൽ 15 രൂപ
- പുതുക്കിയ നിരക്ക് 18 രൂപ
1500 സി.സിക്ക് മുകളിലുള്ള ടാക്സി കാർ
- നിലവിലെ നിരക്ക് (അഞ്ച് കിലോമീറ്റർ വരെ) 200 രൂപ
- പുതുക്കിയ നിരക്ക് (അഞ്ച് കിലോമീറ്റർ വരെ) 225 രൂപ
- കിലോമീറ്റർ നിരക്ക് നിലവിൽ 17രൂപ
- പുതുക്കിയ കിലോമീറ്റർ നിരക്ക് 20 രൂപ
ഉടൻ ഉത്തരവിറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: ബസ്-ഓട്ടോ-ടാക്സി നിരക്ക് വർധന സംബന്ധിച്ച് ഉടൻ സർക്കാർ ഉത്തരവിറങ്ങുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. ഇന്ധനവില വർധനയും കോവിഡ് പ്രതിസന്ധിയുമടക്കം പരിഗണിച്ചാണ് നിരക്ക് വർധന നടപ്പാക്കുന്നത്. വിദ്യാർഥിയാത്രാനിരക്ക് വിശദമായി ചർച്ച ചെയ്തു. ഇതിനെക്കുറിച്ച് കൂടുതൽ പരശോധന വേണം. ഈ സാഹചര്യത്തിലാണ് പ്രത്യേക കമീഷനെ നിയോഗിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.