പുതിയ മദ്യനയം പ്രഖ്യാപിച്ചു; ത്രീസ്റ്റാറിന് മുകളിലുള്ള ബാറുകൾക്ക് ലൈസൻസ്
text_fieldsതിരുവനന്തപുരം: ഫൈവ് സ്റ്റാർ ഒഴികെ ബാറുകൾക്ക് താഴിട്ട യു.ഡി.എഫിെൻറ മദ്യനയം പൊളിച്ചടുക്കിയ ഇടത് സർക്കാർ ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകൾക്ക് ബാർ ലൈസൻസ് നൽകാൻ തീരുമാനിച്ചു. മറ്റുള്ളവക്ക് ബിയർ-വൈൻ പാർലറുകൾ അനുവദിക്കും. ദേശീയ-സംസ്ഥാന പാതകൾക്ക് 500 മീറ്ററിനുള്ളിൽ പ്രവർത്തിക്കുന്ന മദ്യശാലകൾ സുപ്രീംകോടതി വിധിയെ തുടർന്ന് നിർത്തേണ്ടിവന്ന സ്ഥിതി മറികടക്കാൻ പാതയോരത്തുനിന്ന് 500 മീറ്റർ ദൂരത്തിൽ അതേ താലൂക്കിൽ മറ്റൊരു കെട്ടിടത്തിൽ ആരംഭിക്കാനും അനുമതിനൽകി. ഇവയടക്കം സുപ്രധാന മാറ്റങ്ങൾ നിർദേശിക്കുന്ന മദ്യനയം മുന്നണിയോഗവും തൊട്ടുപിന്നാലെ ചേർന്ന മന്ത്രിസഭയോഗവും അംഗീകരിച്ചു.
മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി 23 വയസ്സായി ഉയർത്തി. ബാറുകളുടെ പ്രവർത്തനസമയത്തിലും മാറ്റം വരുത്തി. പുതിയ നയം ജൂലൈ ഒന്നിന് നിലവിൽവരും. മദ്യനിരോധനമല്ല മദ്യവർജനത്തിനാണ് സർക്കാറിെൻറ ഊന്നലെന്ന് വാർത്തസമ്മേളനത്തിൽ നയം വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന് സമ്പൂര്‍ണ മദ്യനിരോധം പ്രായോഗികമല്ലെന്നും യു.ഡി.എഫിെൻറ മദ്യനയം സമ്പൂർണ പരാജയമായിരുന്നുവെന്നും പറഞ്ഞു. ഇടതുമുന്നണിയുടെ നയം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു ഒളിച്ചുകളിയുമില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൂർണമായി മദ്യനിരോധനം നടപ്പാക്കണമെന്ന നിലപാടുള്ളവരുടെ വികാരത്തെ സർക്കാർ മാനിക്കുന്നു. എന്നാൽ, അത് കേരളത്തിൽ പ്രായോഗികമാക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്തരം നിലപാടിലേക്ക് പോകേണ്ടിവന്നത്. ഇത് മനസ്സിലാക്കി മദ്യവർജന നടപടികളുമായി അവരും ഇതിനോട് സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
മദ്യം ഒഴുകുന്ന വഴി...
- ത്രീ സ്റ്റാറിനും അതിന് മുകളിലും നക്ഷത്രപദവിയുള്ള ഹോട്ടലുകള്‍ക്ക് ലൈസന്‍സ് അനുവദിക്കും. ത്രീ സ്റ്റാര്‍ പദവിയുള്ളവക്ക് മാത്രം ലൈസന്‍സ്. പദവിയില്ലാതെ ത്രീ സ്റ്റാര്‍ സൗകര്യമുള്ളവക്ക് ലൈസൻസ് നല്‍കില്ല.
- മദ്യ ലൈസന്‍സുള്ള ഹോട്ടലുകള്‍ക്ക് ആവശ്യമുള്ള അവസരങ്ങളില്‍ പ്രത്യേക ഫീസ് ഈടാക്കി ബാങ്ക്വറ്റ് ഹാളുകളില്‍ മദ്യം വിളമ്പാം. പ്രത്യേക കൗണ്ടര്‍ അനുവദിക്കില്ല. മദ്യത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്നതിനെക്കാള്‍ കൂടുതല്‍ വില വാങ്ങാനും പറ്റില്ല.
- വിദേശമദ്യ ചട്ടമനുസരിച്ച് നല്കുന്ന ബിയര്‍--വൈന്‍ പാര്‍ലറുകള്‍ ഉള്‍പ്പെടെ മറ്റ് ലൈസന്‍സുകള്‍ നിയമമനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് നല്‍കും.
- ഒരു വ്യക്തിക്ക് ഒരു സമയത്ത് മദ്യവില്പ്പനകേന്ദ്രത്തില്നിന്ന് വാങ്ങാവുന്ന മദ്യത്തിെൻറ അളവ് മൂന്ന് ലിറ്ററായി തുടരും.
- സുപ്രീംകോടതി വിധിപ്രകാരം ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്ററിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മദ്യശാലകളും അടച്ചുപൂട്ടേണ്ട സാഹചര്യത്തില്‍ തൊഴില്‍ സംരക്ഷണത്തിനായി അവ സ്ഥിതിചെയ്തിരുന്ന താലൂക്കിനുള്ളില്‍ മാറ്റിസ്ഥാപിക്കാം. 2017 ഏപ്രില്‍ ഒന്നിന് മുമ്പ് പ്രവര്‍ത്തിച്ചിരുന്നതും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൂട്ടേണ്ടിവന്നതുമായ ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്ക് അവിടെ ജോലി ചെയ്തിരുന്ന എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ നല്‍കണമെന്ന വ്യവസ്ഥയില്‍ പാതയോരങ്ങളില്‍നിന്ന് 500 മീറ്റര്‍ മാറി സൗകര്യപ്രദവും വൃത്തിയുമുള്ളതുമായ മറ്റൊരു കെട്ടിടത്തില്‍ ബിയർ-വൈന്‍ പാര്‍ലറുകള്‍ക്ക് അനുമതി.
- പാതയോരത്തെ മദ്യശാലകള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധി അതേപടി പാലിക്കും.
- ബാറുകളുടെ പ്രവര്‍ത്തനസമയം 12 മണിക്കൂറായി കുറച്ചു (നിലവിൽ പന്ത്രണ്ടരമണിക്കൂർ). ഇപ്പോള്‍ രാവിലെ 9.30 മുതല്‍ രാത്രി 10 വരെ എന്നത് രാവിലെ 11 മുതല്‍ രാത്രി 11 വരെയാക്കി. ടൂറിസം മേഖലയില്‍ ഇത് രാവിലെ 10 മുതല്‍ രാത്രി 11 വരെയായിരിക്കും.
- വിമാനത്താവളങ്ങളില്‍ രാജ്യാന്തര ലോഞ്ചുകളോടൊപ്പം ആഭ്യന്തര ലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കും.
- ത്രീ സ്റ്റാറിനും അതിന് മുകളിലുമുള്ള ഹോട്ടലുകള്‍ക്ക് ശുദ്ധമായ കള്ളുവിതരണത്തിന് സൗകര്യമുണ്ടാകും.
- ബാർലൈസൻസ്, ബിവറേജസ്, കൺസ്യൂമർഫെഡ് മദ്യ ലൈസൻസ് തുടങ്ങിയയുടെ ഫീസ് വർധിപ്പിച്ചു
- ടോഡി ബോർഡ് രൂപവത്കരിക്കും; കള്ളിന് ഉൗന്നൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.