മദ്യനയത്തിൽ പൊളിച്ചെഴുത്ത് ആവശ്യമെന്ന് എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: കേരളത്തിലെ മദ്യനയത്തിൽ പൊളിച്ചെഴുത്ത് ആവശ്യമെന്ന് എൽ.ഡി.എഫ്. മദ്യവിൽപന വർധിച്ച സാഹചര്യത്തിൽ നയത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്. മദ്യനയം വേഗത്തിൽ പ്രഖ്യാപിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടതായും എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ പറഞ്ഞു.
യു.ഡി.എഫിന്‍റെ മദ്യനയം പരാജയമായിരുന്നു. മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരന്‍റെ നയത്തെ മറികടക്കാൻ ഉമ്മൻചാണ്ടി കൊണ്ടു വന്നതാണ് മുൻ സർക്കാറിന്‍റെ മദ്യനയം. മദ്യനിരോധനം ലോകത്ത് ഒരിടത്തും വിജയകരമായിട്ടില്ല. നിരോധിച്ചടത്ത് മദ്യം ഒഴുകിയതാണ് ചരിത്രമെന്നും വിശ്വൻ ചൂണ്ടിക്കാട്ടി.
ത്രീസ്റ്റാർ മുകളിൽ ബാറുകൾക്ക് ലൈസൻസ് നൽകണം. മയക്കുമരുന്നു മാഫിയകളാണ് ബാർ വിരുദ്ധ സമരത്തിന് പിന്നിൽ. വ്യാജമദ്യവും ലഹരിവസ്തുക്കളും തടയേണ്ട നടപടി വേണമെന്നും വൈക്കം വിശ്വൻ ആവശ്യപ്പെട്ടു.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ന്യൂഡൽഹിയിലെ പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ കയറി ആക്രമിച്ച സംഭവത്തിൽ അപലപിച്ച് എൽ.ഡി.എഫ് യോഗം പ്രമേയം പാസാക്കി. മോദി സർക്കാറിന്‍റെ ഭരണത്തിന്‍റെ തണലിൽ ഡൽഹി പൊലീസിനെ നോക്കുകുത്തിയാക്കി നടന്ന അക്രമം ഇന്ത്യൻ ഭരണഘടന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. ഉന്നത ഗൂഢാലോചനയുടെ ഫലമാണ് യെച്ചൂരിക്ക് നേർക്കുള്ള അക്രമമെന്നും പ്രമേയം ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.