ഇങ്ങനെ പോയാൽ മുന്നണി എന്താകും? സി.പി.ഐക്ക് ‘ബംഗാൾ ഭീതി’
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവിയിലേക്ക് നയിച്ച ഭരണവിരുദ്ധ വികാരത്തെച്ചൊല്ലി സി.പി.ഐയിൽ ‘ബംഗാൾ ഭീതി’. ഇടത് മുന്നണിക്ക് ബംഗാളിൽ സംഭവിച്ചതാണോ കേരളത്തിലും കാത്തിരിക്കുന്നതെന്നാണ് ആശങ്ക. തുടർഭരണത്തിൽ പാർട്ടിയും നേതാക്കളും ജനങ്ങളിൽ നിന്നകന്നത് മുന്നണിയുടെ അടിത്തറ തകർത്തെന്ന് സി.പി.ഐയിൽ ഒരുവിഭാഗം വിലയിരുത്തുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി. രാജ്യസഭാംഗം പി. സന്തോഷ് കുമാറിന്റെ അഭിപ്രായപ്രകടനത്തെ തുടർന്നായിരുന്നു ചർച്ച.
കേരളത്തിൽ ഇടത് മുന്നണിക്ക് നേതൃത്വം നൽകുന്ന സി.പി.എം നേരിടുന്ന ദൗർബല്യങ്ങളെക്കുറിച്ചാണ് സന്തോഷ് ചൂണ്ടിക്കാട്ടിയത്. സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആവർത്തിച്ചുയരുന്ന ആക്ഷേപങ്ങൾ ഗൗരവതരമാണ്. ഭരണവും പാർട്ടിയും നേതാക്കളും ജനങ്ങളിൽ നിന്നകന്നു. പാർട്ടിയുടെ അടിസ്ഥാന വോട്ട് ബാങ്കിലുണ്ടായ ചോർച്ച ഇതാണ് കാണിക്കുന്നത്. ഈ നില തുടർന്നാൽ കേരളത്തിലെ മുന്നണി സംവിധാനം അധികകാലം തുടരണമെന്നില്ല. ആ കാലത്തെക്കുറിച്ച് കൂടി സി.പി.ഐ ആലോചിക്കണം. എന്നിങ്ങനെ പോയി അഭിപ്രായങ്ങൾ. തുടർന്ന് സംസാരിച്ച പലരും സി.പി.എമ്മിന്റെയും സർക്കാറിന്റെയും അപചയം മുന്നണിയെ ബാധിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ചർച്ച മുന്നണി മാറ്റമെന്ന നിലയിലേക്ക് വളർന്നില്ല. എന്നാൽ, അങ്ങനെയൊരു സാഹചര്യമുണ്ടെന്ന സൂചനകൾ ഇവരുടെ വാക്കുകൾക്കിടയിലുണ്ട്. തൃശൂർ വിജയത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ബി.ജെ.പി സ്വാധീനമുറപ്പിക്കുന്ന സാഹചര്യവും ദേശീയ രാഷ്ട്രീയത്തിലെ സി.പി.ഐയും സി.പി.എമ്മും കോൺഗ്രസ് നേതൃത്വം നൽകുന്ന ഇൻഡ്യ മുന്നണിയിലാണെന്നതും പരാമർശിക്കപ്പെട്ടു. സി.പി.ഐയുടെ ചില ജില്ല കമ്മിറ്റികളിൽ മുന്നണി മാറ്റം ചർച്ചയായിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തലിനിടെയാണ് അത്തരമൊരു അഭിപ്രായമുയർന്നത്. സി.പി.എമ്മിനെതിരായ വികാരം സി.പി.ഐയും ബാധിക്കുന്നുവെന്നാണ് ജില്ലകളിലുയർന്ന അഭിപ്രായം. നേരത്തേ കോൺഗ്രസ് മുന്നണിയുടെ ഭാഗമായിരുന്ന പാർട്ടിയാണ് സി.പി.ഐ. തെരഞ്ഞെടുപ്പ് സമയത്ത് ഇൻഡ്യ മുന്നണിയുമായുള്ള സഹകരണത്തിൽ സി.പി.എം പിൻവലിഞ്ഞുനിന്ന ഘട്ടങ്ങളിൽ സി.പി.ഐ സജീവമായിരുന്നു. അതുകൊണ്ടുതന്നെ, സി.പി.എമ്മിന്റെ അപചയം മുൻനിർത്തി, കേരളത്തിൽ ഇടതുമുന്നണി ഭാവിയിൽ ഇതേനിലയിൽ തുടരണമെന്നില്ലെന്ന അഭിപ്രായം സി.പി.ഐ നേതൃയോഗത്തിലുയരുന്നത് മുന്നണിമാറ്റ ചിന്തയുടെ നാന്ദിയായാണ് വിലയിരുത്തപ്പെടുന്നത്.
മുന്നണി മാറ്റ ചർച്ചയെന്നത് അധിക വായന - പി.സന്തോഷ് കുമാർ
തിരുവനന്തപുരം: സംസ്ഥാന നിർവാഹക സമിതിയിലെ ചർച്ച സി.പി.ഐയുടെ മുന്നണി മാറ്റ ആലോചനയായി വിലയിരുത്തുന്നത് അധികവായനയാണെന്ന് രാജ്യസഭാംഗം പി.സന്തോഷ് കുമാർ. കേരളത്തിലെയും ദേശീയ തലത്തിലെയും പൊതുവായ രാഷ്ട്രീയം വിലയിരുത്താറുണ്ട്. പാർട്ടിയുടെയും മുന്നണിയുടെയും ശക്തി ദൗർബല്യങ്ങളും മുന്നോട്ടുള്ള പോക്കുമെല്ലാം ചർച്ചയിൽ ഉയർന്നുവരിക സാധാരണമാണ്. അത് മുന്നണി മാറ്റ ചർച്ചയായി വിലയിരുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.