പരസ്യവിവാദം: മലക്കം മറിഞ്ഞ് എൽ.ഡി.എഫ്
text_fieldsപാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ പത്രപരസ്യ വിവാദത്തിൽ മലക്കം മറിഞ്ഞ് എൽ.ഡി.എഫ്. സന്ദീപ് വാര്യരുമായി ബന്ധപ്പെട്ട പരസ്യത്തിലെ ഉള്ളടക്കം അഭ്യുദയകാംക്ഷികൾ നൽകിയതാണെന്നും മുന്നണിക്ക് ബന്ധമില്ലെന്നുമാണ് ചീഫ് ഇലക്ഷന് ഏജൻറ് ജില്ല ഭരണകൂടത്തിന് നൽകിയ വിശദീകരണം. വിവാദ ഭാഗങ്ങൾ അറിയില്ല. ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടില്ല. പരസ്യത്തിൽ സ്ഥാനാർഥി ഡോ. പി. സരിന് പങ്കില്ലെന്നും ജില്ല മോണിറ്ററിങ് സമിതിക്ക് നൽകിയ വിശദീകരണത്തിൽ ഇലക്ഷൻ ഏജന്റ് നൗഷാദ് പറയുന്നു.
പരസ്യത്തിലെ സ്ഥാനാർഥിയെക്കുറിച്ച് ‘സരിൻ തരംഗം’ എന്ന ഭാഗം മാത്രമാണ് തങ്ങൾ നൽകിയത്. ഇതിന് അനുമതി വാങ്ങിയിന്നു. ബാക്കി ഉള്ളടക്കവുമായി സ്ഥാനാർഥിക്ക് ബന്ധമില്ല- വിശദീകരണത്തിൽ പറയുന്നു. . ‘സരിന് തരംഗം’ എന്ന വലിയ തലക്കെട്ടിന് താഴെ സന്ദീപ് വാര്യരുടെ പഴയ പ്രസ്താവനകളും ഫേസ്ബുക്ക് പോസ്റ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ‘സരിൻ തരംഗം’ എന്ന തലക്കെട്ടിന് അനുമതി വാങ്ങിയാണ് പരസ്യം പ്രസിദ്ധീകരിച്ചതെന്നായിരുന്നു പത്രമേധാവികളുടെയും വിശദീകരണം. ‘സിറാജ്’, ‘സുപ്രഭാതം’ പത്രങ്ങളിലാണ് പരസ്യം വന്നത്.
ചീഫ് ഇലക്ഷൻ ഏജന്റ് നൽകിയ വിശദീകരണം പരിശോധിച്ചുവരുകയാണെന്നും റിട്ടേണിങ് ഓഫിസർ എസ്. ശ്രീജിത്ത് പറഞ്ഞു. അനുമതി വാങ്ങാതെയാണ് വിവാദ പരസ്യം വന്നത്. ഇലക്ഷൻ ഏജൻറിന്റെ വിശദീകരണം മോണിറ്ററിങ് സമിതി തള്ളിയാൽ എൽ.ഡി.എഫ് പ്രതിരോധത്തിലാകും. പരസ്യത്തിന് ആരാണ് പണം നൽകിയതെന്ന് വിശദീകരിക്കണം. പരസ്യത്തിൽ തെറ്റില്ലെന്നും കോൺഗ്രസിലേക്ക് കൂറുമാറിയ വ്യക്തിയെ തുറന്നുകാണിക്കുക മാത്രമാണ് ചെയ്തതെന്നും സ്ഥാനാർഥിയും മന്ത്രി എം.ബി. രാജേഷ് ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.