കോവിഡ്: പൊലീസിനും ജില്ലാഭരണകൂടത്തിനുമെതിരെ വയനാട് എൽ.ഡി.എഫ് കൺവീനർ; വിവാദമായപ്പോൾ തിരുത്തി
text_fieldsകൽപറ്റ: വയനാട്ടിൽ കോവിഡ് കേസുകൾ വർധിച്ചത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിനും പൊലീസിനും എതിരെ ആഞ്ഞടിച്ച് എൽ.ഡി.എഫ് ജില്ലാ കൺവീനറും സി.പി.എം നേതാവുമായ കെ.വി. മോഹനെൻറ ഫെയ്സ്ബുക്ക് പോസ്റ്റ്. വിവാദമായതോടെ നിലപാട് തിരുത്തി രണ്ടാമത്തെ പോസ്റ്റ്. പൊലീസ് ഉദ്യോഗസ്ഥർക്ക് മയക്കുമരുന്ന് വ്യാപാരവുമായി വരെ ബന്ധമുണ്ടെന്നും ജില്ലാ ഭരണകൂടം വാര്‍ത്താ സമ്മേളന ജാഡ നടത്തുകയാണെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തിെൻറ ആദ്യ പോസ്റ്റ്. തെൻറ അഭിപ്രായപ്രകടനത്തിൽ ജാഗ്രതക്കുറവുണ്ടായെന്നും ഖേദിക്കുന്നെന്നും വ്യക്തമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റ്. പോസ്റ്റുകളുടെ പൂർണരൂപം:
1
കേരളത്തില്‍ പൊതുവില്‍ കോവിഡ് 19 സമൂഹവ്യാപനം ഉണ്ടാകുന്നില്ല എന്നത് ആശ്വാസമുണ്ട്. കാസര്‍ഗോഡും, കണ്ണൂരും, പത്തനംതിട്ടയും ഇടുക്കിയും സമൂഹ വ്യാപനത്തില്‍ നിന്ന് കരകയറിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ വയനാട് ജില്ലയില്‍ കോവിഡ് -19 രോഗത്തിന്‍റെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു എന്നത് ദുഖകരമാണ്. പോലീസ് അടക്കമുള്ള ജില്ലാ ഭരണകൂടത്തിന്‍റെ അശ്രദ്ധയാണ് ഇങ്ങനെ സംഭവിച്ചതിന്‍റെ കാരണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല. ജില്ലാ ഭരണകൂടം വാര്‍ത്താ സമ്മേളന ജാഡ നടത്തിയത് കൊണ്ട് ജാഗ്രതയാകുമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് ശരിയല്ല എന്നാണ് ഇവിടെ തെളിയുന്നത്.
ഇവിടെ ഒരാളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ക്ക് രോഗം വ്യാപിച്ചത്. ഇപ്പോഴാകാട്ടെ രണ്ട് പോലീസുകാര്‍ അടക്കം രോഗികളുമാണ്. ലോറി ഡ്രൈവറുടെ ക്ലീനര്‍ പോകാതെ അയാളുടെ മകന്‍ എങ്ങനെ ലോറിയില്‍ പോയി എന്ന ചോദ്യത്തിന് മറുപടി പറയേണ്ടവര്‍ മൗനം ദീക്ഷിക്കുന്നത് ആരെ രക്ഷിക്കാനാണ്. സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളില്‍ നേരിയ അശ്രദ്ധ ഉണ്ടായാല്‍ അപകടമുണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥനയും വയനാട്ടുകാര്‍ മുഖവിലയ്ക്കെടുക്കുന്നതേയില്ല. അതുകൊണ്ടാണ് ക്ലീനര്‍ക്ക് പകരം മകന്‍ പോയതും, മകന്‍റെ സ്നേഹിതന്‍റെ(ഇപ്പോള്‍ രോഗാവസ്ഥയില്‍ കഴിയുന്ന അള്‍) റൂട്ട് മാപ്പ് കൃത്യമായി ലഭിക്കാത്തതും.
ചില മയക്കുമരുന്നുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മാനന്തവാടിയിലെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നും അതിന്‍റെ കണ്ണിയാണ് ഈ റൂട്ട് മാപ്പ് കൃത്യമായി നല്‍കാത്ത രോഗി എന്നും നാട്ടില്‍ പാട്ടാണ്. ഇതൊന്നും ശ്രദ്ധിക്കാന്‍ ജില്ലാ ഭരണകൂടത്തിന് നേരമില്ല.
മാനന്തവാടി ജില്ലാ ആശുപത്രി ജില്ലാപഞ്ചായത്തിന്‍റെ കീഴിലുള്ള സ്ഥാപനമാണ്. അവിടെയുള്ള രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം ജില്ലാപഞ്ചായത്തിനാണ്. ജില്ലാ പഞ്ചായത്തും ജില്ലാ ഭരണാധികാരി എന്ന നിലയ്ക്ക് ബഹു.ജില്ലാ കളക്ടറും എല്ലാം ചേര്‍ന്ന് ഭക്ഷണം കൊടുക്കുന്നതിന് പകരം ഗവ.ഉത്തരവും നിര്‍ദ്ദേശങ്ങളും ലംഘിച്ച്കൊണ്ട് ചില സന്നദ്ധ സംഘടനകള്‍ക്ക് ഭക്ഷണം നല്‍കാന്‍ സൗകര്യം ഒരുക്കികൊടുത്തതില്‍ എന്താണ് താത്പര്യം.
സര്‍ക്കാരുകള്‍ നിര്‍ദ്ദേശങ്ങളും അതുവഴി ഉത്തരുവുകളും നല്‍കുമ്പോള്‍ അതൊന്നും പാലിക്കാന്‍ കൂട്ടാക്കാതെ ജാഡകളിച്ചു നടന്നാല്‍ ഭരണമാവില്ല. അതിന്‍റെ ദുര്യോഗമാണ് വയനാട്ടില്‍ അരങ്ങേറുന്നത്. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും അറിയിച്ചാലും പരാതിപ്പെട്ടാലും ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുകയുമില്ല എന്ന ബോധ്യം നമുക്കുണ്ട്. നമുക്കൊരു ജില്ല പാഞ്ചായത്തും അതിന്‍റെ കീഴില്‍ HMC യും ആശുപത്രിയിലുണ്ട്. അതില്‍ വിവിധ പാര്‍ട്ടി നേതാക്കളും ഉണ്ട്. എന്നിരുന്നാലും ഇത്തരം ജാഗ്രതക്കുറവുകള്‍ പരിഹരിക്കാന്‍ അവരൊക്കെ എടപെടും എന്നാണ് നമ്മുടെ പ്രതീക്ഷ.
കേരളത്തില്‍ കൊറോണ രോഗത്തിന്‍റെ വ്യാപനം ആഗ്രഹിക്കുന്ന ദുഷ്ട ശത്രുക്കള്‍ നമ്മുടെ നാട്ടിലുണ്ട്. പാസില്ലാതെ അന്യ സംസ്ഥാനത്ത് നിന്ന് ആള്‍ക്കാരെ കൊണ്ടുവരാനും നിയമ വിധേയമായ പരിശോധനകളും ക്വാറന്‍റൈന്‍ പ്രവര്‍ത്തനങ്ങളും നടത്താതെയും സമൂഹ അകലം പാലിക്കാതെയും ഇവിടെ രോഗ വ്യാപനം നടത്തി അതില്‍ ആത്മസുഖം കൊണ്ട് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ കഴിയുമോ എന്ന് ചിന്തിക്കുന്നവരുടെ കൂട്ടത്തില്‍ ഇത്തരക്കാര്‍ പെടുമോ എന്ന സംശയം നാട്ടിലുദിക്കുകയാണ്.
2
ഫെയ്സ് ബുക്കിലും ചില ചാനലുകളിലും ഞാന്‍ കോവിഡ് 19 മായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രതക്കുറവുണ്ടായതായി അറിയിക്കുന്നു. ജില്ലാ ഭരണകൂടത്തിനും പോലീസിനും വീഴ്ച ഉണ്ടായി എന്ന് പറയുന്നത് ശരിയല്ല. കേരള സര്‍ക്കാരിെൻറ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിട്ടുണ്ട്. വിഷയങ്ങളെ വൈകാരികമായി സമീപിച്ചതില്‍ ഖേദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.