ലീഗിലും ആർ.എസ്.പിയിലും കണ്ണെറിഞ്ഞ് എൽ.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: മുസ്ലിം ലീഗിനെയും ആർ.എസ്.പിയെയും കണ്ണെറിഞ്ഞ് എൽ.ഡി.എഫ് വികസനത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ അഴിച്ചുവിട്ട് പുതിയ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ. ജയരാജനെ തള്ളി മുസ്ലിം ലീഗ് അടക്കം രംഗത്തുവന്നെങ്കിലും സി.പി.എം, എൽ.ഡി.എഫ് ഘടകകക്ഷി നേതൃത്വങ്ങൾ വിഷയത്തിൽ മൗനം പാലിച്ചു. ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ കുറിച്ച് കടുത്ത വിമർശനമാണ് സി.പി.എം നേതൃത്വത്തിന്റേത്. സി.പി.ഐക്കും മറിച്ചല്ല നിലപാട്. ആർ.എസ്.പിയോടുള്ള വിയോജിപ്പുകൾ പലപ്പോഴും പരസ്യമായി പ്രകടമാക്കിയ പിണറായി വിജയൻ ഇതുവരെ ആ കക്ഷിയുടെ വരവിനെ കുറിച്ച് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജയരാജന്റെ വാവിട്ട പ്രതികരണങ്ങൾ ഒന്നാം പിണറായി സർക്കാറിന്റെ കാലത്തെപ്പോലെ മുന്നണിയെും സി.പി.എമ്മിനെയും വിവാദത്തിലാക്കുമോയെന്നത് വരും ദിവസങ്ങളാകും തീരുമാനിക്കുക.
കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് വന്നാൽ ഇടതുമുന്നണി പ്രവേശം അപ്പോൾ ആലോചിക്കുമെന്നാണ് ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. 'മുന്നണി വിപുലീകരണം എൽ.ഡി.എഫ് നയമാണ്. പ്രതീക്ഷിക്കാത്ത പല പാർട്ടികളും മുന്നണിയിൽ വന്നേക്കും. ഇടതുമുന്നണിയിലേക്ക് വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് മുസ്ലിം ലീഗാണ്. മുസ്ലിം മതവിഭാഗത്തിനിടയില്‍ വലിയ അസംതൃപ്തിയാണുള്ളത്. ലീഗ് ഇപ്പോള്‍ യു.ഡി.എഫിന്റെ ഭാഗമാണെങ്കിലും മുന്നണി നിലപാടില്‍ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. ലീഗിന് എൽ.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാം'- ഇ.പി. ജയരാജന് പറഞ്ഞു.
'യു.ഡി.എഫിലെത്തിയ ആർ.എസ്.പി ഒന്നുമല്ലാതായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ നിലയിലെത്താൻ കാരണം. അവർ പുനഃപരിശോധന നടത്തിയാൽ നല്ലത്. എൽ.ഡി.എഫ് നയങ്ങൾ അംഗീകരിച്ചുവന്നാൽ പി.ജെ. കുര്യനുമായും സഹകരിക്കും. മാണി സി. കാപ്പൻ തിരികെ വന്നാലും സഹകരിപ്പിക്കും. എല്ലാ പാര്‍ട്ടികളിലുമുള്ള അണികള്‍ ഇടതുമുന്നണിയുടെ നയത്തില്‍ ആകൃഷ്ടരാകുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എസ്.ഡി.പി.ഐ വോട്ട് വേണോ വേണ്ടയോ എന്ന് ഇപ്പോൾ പറയേണ്ട കാര്യമില്ല. തെരഞ്ഞെടുപ്പ് കാലത്താണ് അതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്'- ജയരാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.