വാവിട്ട വാക്ക്: ജയരാജനെ 'വിലക്കി' സി.പി.എം
text_fieldsതിരുവനന്തപുരം: ഇടതുസ്വഭാവമുള്ള കക്ഷികൾക്കാണ് ഇനി യു.ഡി.എഫിൽനിന്ന് വരാനായി എൽ.ഡി.എഫ് വാതിലുകൾ തുറക്കുക. മറ്റുള്ള വ്യക്തികൾക്ക് വലതുപക്ഷ സ്വഭാവം ഉപേക്ഷിച്ച് കടന്നുവരാം.
ജയരാജന്റെ വിവാദ പരാമർശങ്ങളെ തള്ളിയ വെള്ളിയാഴ്ചത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് ഏതാണ്ട് ശാസനസ്വരത്തിലാണ് കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ നിയന്ത്രണമില്ലാത്ത പ്രസ്താവന പ്രവണതക്ക് കടിഞ്ഞാണിട്ടത്. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ പൊതുസത്തക്ക് വിരുദ്ധമായാണ് മുസ്ലിം ലീഗ് അടക്കം യു.ഡി.എഫ് കക്ഷികളെ സ്വാഗതം ചെയ്തത്. എൽ.ഡി.എഫ് കൺവീനറായി തെരഞ്ഞെടുത്തതിനു പിന്നാലെയായിരുന്നു വിവാദ പ്രസ്താവന.
ഒന്നാം പിണറായി സർക്കാറിൽ മന്ത്രിയായിരുന്നപ്പോൾ നടത്തിയ വിവാദ നടപടികൾ ഇനി ആവർത്തിക്കരുതെന്ന കടുത്തനിലപാടായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം നേതാക്കൾക്ക്. ജയരാജന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അത് പാർട്ടി നയമല്ലെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം നേതാക്കൾ ഏക സ്വരത്തിൽ ചൂണ്ടിക്കാട്ടി. ജയരാജന്റെ വിശദീകരണശേഷമാണ് ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സെക്രട്ടേറിയറ്റ് ഓർമിപ്പിച്ചത്.
മുന്നണിയിലേക്ക് ആർ.എസ്.പിയും ഫോർവേഡ് ബ്ലോക്കും വരാൻ തയാറാണെങ്കിൽ സ്വാഗതം ചെയ്യാമെന്ന നിലപാടും നേതൃത്വം വ്യക്തമാക്കി. എന്നാൽ, ഇതു സംബന്ധിച്ച തീരുമാനം ഈ രണ്ടു കക്ഷികളും സ്വീകരിക്കട്ടെയെന്നാണ് നിലപാട്. മറിച്ച് ലീഗ് അടക്കം കക്ഷികളെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നത് ബി.ജെ.പിയെ ആവും സഹായിക്കുക. കോൺഗ്രസ്, ലീഗ് കക്ഷികളിൽനിന്ന് നേതൃത്വത്തെ തള്ളിപ്പറഞ്ഞ് വരുന്ന നേതാക്കളെ സ്വാഗതം ചെയ്യണമെന്ന നിലപാടും നേതൃത്വം യോഗത്തിൽ എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.