എന്തുകൊണ്ട് തോറ്റു...? വിമർശനമുനയിൽ പിണറായി
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻപരാജയത്തിന് പിന്നാലെ സി.പി.എമ്മിൽ പിണറായി വിജയനെതിരെ വിമർശനം. ജനവിധി സർക്കാറിന് എതിരാണെന്ന വ്യാഖ്യാനം വേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പാർട്ടി നേതാക്കളിൽ പലരും ഏറ്റുപിടിക്കുന്നില്ല. മാത്രമല്ല, പിണറായി പറഞ്ഞതിനെ തള്ളുന്ന നിരീക്ഷണങ്ങളാണ് നേതാക്കൾ പലരും പങ്കുവെക്കുന്നത്. പരാജയം വിലയിരുത്താൻ അടുത്താഴ്ച സംസ്ഥാന സമിതി യോഗം ചേരുന്നുണ്ട്. പുറത്തുപറഞ്ഞ വിമർശനങ്ങൾ നേതാക്കൾ പാർട്ടി കമ്മിറ്റിയിൽ ആവർത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേതൃത്വത്തിനു നേരെ വിമർശനം ഉണ്ടായിരുന്നില്ല. ശേഷം ചേർന്ന സി.പി.ഐ സംസ്ഥാന നേതൃയോഗത്തിൽ എൽ.ഡി.എഫിന്റെ തോൽവിക്ക് കാരണം ഭരണവിരുദ്ധ വികാരമാണെന്ന വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തേണ്ട സമയത്ത് തിരുത്താൻ സി.പി.ഐക്ക് കഴിഞ്ഞില്ലെന്നും പലരും അഭിപ്രായപ്പെട്ടു. അതിനു പിന്നാലെയാണ് സമാന വിമർശനങ്ങളുമായി സി.പി.എം നേതാക്കൾ രംഗത്തുവന്നത്.
മുതിർന്ന നേതാക്കളായ ജി. സുധാകരൻ, പി. ജയരാജൻ, ആലപ്പുഴ ജില്ല സെക്രട്ടറി നാസർ, മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ പ്രതികരണങ്ങളിൽ പാർട്ടി നേതൃത്വത്തിനും ഭരണത്തിനുമെതിരായ വിമർശനങ്ങളുണ്ട്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെ മാറ്റിനിർത്താൻവേണ്ടിയാണ് കേരളം വോട്ടുചെയ്തതെന്നും അത് ഇടതുവിരുദ്ധമായി കാണേണ്ടതില്ലെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുടെ വാദവുമായി ചേർന്നുപോകുന്നതല്ല മറ്റുനേതാക്കളുടെ വിലയിരുത്തൽ.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രമുറങ്ങുന്ന ആലപ്പുഴ പുന്നപ്ര മേഖലയിലടക്കം പാർട്ടി വോട്ട് ചോർന്നതും ബി.ജെ.പിക്ക് വോട്ടുകൂടിയതും നേതൃത്വം സമാധാനം പറയേണ്ട കാര്യമാണെന്നാണ് മുതിർന്ന നേതാവ് ജി. സുധാകരൻ പ്രതികരിച്ചത്. രണ്ടാം പിണറായി സർക്കാറിനെക്കുറിച്ച് വിമർശനങ്ങളുണ്ടെന്നും അതു പറയാൻ പലരും മടിച്ചുനിൽക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. സർക്കാറിൽനിന്നുള്ള സഹായം കിട്ടിയിരുന്നവർക്ക് അതു മുടങ്ങിയതും പരാജയത്തിൽ പ്രതിഫലിച്ചിരിക്കാമെന്നാണ് വെള്ളിയാഴ്ച നിയമസഭയിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞത്.
തോൽവിയിൽനിന്ന് പാഠം ഉൾക്കൊള്ളണമെന്ന് പറഞ്ഞ പി. ജയരാജൻ ഉന്നംവെക്കുന്നതും പാർട്ടി നേതൃത്വത്തെയാണ്. പാർട്ടി സംസ്ഥാന കമ്മിറ്റി പരാജയം ചർച്ച ചെയ്യുമ്പോൾ ഇക്കാര്യം ഉയർന്നുവന്നാൽ അതു പിണറായി വിജയനും എം.വി. ഗോവിന്ദനും വലിയ വെല്ലുവിളിയാണ്. സി.പി.ഐ നേതൃയോഗത്തിലെ വിമർശനം ഇടതുമുന്നണി യോഗത്തിൽ സി.പി.ഐ ഉന്നയിക്കുയാണെങ്കിൽ അത് സി.പി.എം നേതൃത്വത്തിന് ഇരട്ട പ്രഹരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.