സ്ഥാനാർഥികളിൽ 'സസ്പെൻസ്' ക്ലൈമാക്സിന് എൽ.ഡി.എഫ്
text_fieldsകൊച്ചി: ജില്ലയിലെ ചില മണ്ഡലങ്ങളിൽ അപ്രതീക്ഷിത സ്ഥാനാർഥികളെ കൊണ്ടുവന്ന് രംഗം കൊഴുപ്പിക്കാൻ എൽ.ഡി.എഫ് നീക്കം. പേരിനൊരു മത്സരത്തിന് പകരം ജയസാധ്യതയോടെതന്നെ പോരിന് തയാറാകണമെന്ന വിലയിരുത്തലോടെയാണ് യു.ഡി.എഫ് കോട്ടകളിലടക്കം കടുത്ത പോരാട്ടം ലക്ഷ്യമിട്ടുള്ള നീക്കം നടത്തുന്നത്. അതേസമയം, സിറ്റിങ് സീറ്റുകളിൽ മാറ്റങ്ങൾക്ക് മുതിരുന്നില്ലെങ്കിലും ജയസാധ്യത മാത്രം നോക്കി കരുത്തരായ പാർട്ടി നേതാക്കളെതന്നെ മറ്റിടങ്ങളിൽ രംഗത്തിറക്കുമെന്നാണ് യു.ഡി.എഫ് നൽകുന്ന സൂചന.
പെരുമ്പാവൂരിൽ പറഞ്ഞുകേട്ട പേരുകളെല്ലാം ഒഴിവാക്കി വിജയസാധ്യത ഉറപ്പുള്ളയാളെ കളത്തിലിറക്കാനുള്ള ശ്രമങ്ങൾ അവസാനഘട്ടത്തിലാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് വിട്ടുനൽകിയേക്കുമെന്ന് കരുതിയ മണ്ഡലം സി.പി.എംതന്നെ കൈവശംവെച്ച് പിറവം മാണി ഗ്രൂപ്പിന് നൽകാമെന്ന ധാരണയാണ് ഏറക്കുറെ ഉണ്ടായിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്.
പിറവത്ത് സ്ഥാനാർഥിയാകാൻ മണ്ഡലത്തിൽ മേൽക്കോയ്മയുള്ള യാക്കോബായ വിഭാഗക്കാരനായ സ്ഥാനാർഥിയെ കണ്ടെത്തലാണ് മാണി ഗ്രൂപ്പിന് മുന്നിലുള്ള വെല്ലുവിളി. പെരുമ്പാവൂർ കൈവശം വെക്കാനായാൽ എൽ.ഡി.എഫിനോ സി.പി.എമ്മിനോ ഒപ്പം ഇപ്പോഴില്ലാത്ത മണ്ഡലത്തിൽ പൊതുസമ്മതനായ ഒരാളെതന്നെ രംഗത്തിറക്കി വെന്നിക്കൊടി പാറിക്കാനാണ് സി.പി.എം നീക്കം.
യു.ഡി.എഫ് നേതൃത്വത്തിനുപോലും ഞെട്ടലുണ്ടാക്കുന്ന സ്ഥാനാർഥി പ്രഖ്യാപനമാകും എൽ.ഡി.എഫിനുവേണ്ടി പെരുമ്പാവൂരിലുണ്ടാവുകയെന്ന സൂചനയാണുള്ളത്. തൃക്കാക്കരയിൽ രാഷ്ട്രീയത്തിന് പുറത്തുനിന്നുള്ള പൊതുസമ്മതനായ സ്ഥാനാർഥിക്കുതന്നെയാണ് എൽ.ഡി.എഫ് മുൻഗണന നൽകുന്നത്. കളമശ്ശേരിയിൽ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിലെ ഉന്നത വ്യക്തിയെതന്നെ രംഗത്തിറക്കാനാണ് നീക്കം. നാട്ടുകാരൻകൂടിയായ നേതാവിെൻറ സാന്നിധ്യം വിജയസാധ്യത വർധിപ്പിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു.
പറവൂർ മണ്ഡലത്തിൽ യുവജന സംഘടനയുെട ജില്ല നേതാവിനെതന്നെ രംഗത്തിറക്കിയേക്കും. പുറത്തുനിന്നുള്ളവരെ ഇക്കുറി പറവൂരിൽ ഇറക്കേണ്ടെന്ന തീരുമാനമാണുള്ളത്. കൊച്ചി, വൈപ്പിൻ മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയമാണ് യു.ഡി.എഫിന് കീറാമുട്ടിയാകുന്നത്. പാർട്ടിയിൽ തുല്യസ്ഥാനമുള്ള ഒട്ടേറെ മുതിർന്ന നേതാക്കളാണ് സീറ്റിന് ശ്രമം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.