ഇടതുസർക്കാർ അനുമതി നൽകിയത് 77 പുതിയ ബാറുകൾക്ക്
text_fieldsകോഴിക്കോട്: ഇടതുസർക്കാർ അധികാരത്തിൽ വന്ന് രണ്ടുവർഷത്തിനകം 77 പുതിയ ബാറുകൾക്ക് അനുമതി നൽകി. കോഴിക്കോട് മാവൂർ േറാഡിലെ ഹോട്ടൽ റാവിസ്, രാമനാട്ടുകര-തൊണ്ടയാട് ബൈപാസിലെ ഹോട്ടൽ കോപ്പർഫോളിയോ, മൊണാർക്ക്, സൂര്യ തുടങ്ങിയവ പുതുതായി ബാർ ലൈസൻസ് ലഭിച്ചവയിൽപെടുന്നു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് നൽകിയ വിവരാവകാശ അപേക്ഷയിൽ ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ. സുരേഷ് ബാബുവിെൻറ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മദ്യം ഘട്ടംഘട്ടമായി നിരോധിക്കുന്നതിെൻറ ഭാഗമായി യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകളിൽ ഒട്ടുമിക്കതും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അടച്ചുപൂട്ടിയവയും അടുത്തകാലത്തായി തുറന്നു പ്രവർത്തനം തുടങ്ങി. ബിയർ, വൈൻ പാർലറുകളായവ വീണ്ടും ബാറുകളായി മാറിയിട്ടുണ്ട്. മദ്യവർജനമാണ് സർക്കാർ ലക്ഷ്യമെന്നും പുതിയ ഒരു ബാർ ലൈസൻസുപോലും അനുവദിക്കില്ലെന്നും ആവർത്തിച്ച് പറയുന്ന എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ് വിവരാവകാശരേഖ.
മദ്യഷാപ്പുകൾക്ക് അനുമതി നൽകാൻ നേരത്തേ തദ്ദേശ സ്ഥാപനങ്ങളിൽനിന്നും നിരാക്ഷേപപത്രം (എൻ.ഒ.സി) ആവശ്യമായിരുന്നു. ഇൗ വ്യവസ്ഥ ഇടതുസർക്കാർ റദ്ദാക്കിയെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു. പുതിയ 15ഒാളം ബാർ അപേക്ഷകൾ സർക്കാർ പരിഗണനയിലാണ്. ഇവക്ക് അടുത്തദിവസംതന്നെ അനുമതി നൽകുമെന്നാണ് സൂചന.
പുതിയ ബാറുകൾ: കള്ളം പറഞ്ഞ മന്ത്രി രാജിവെക്കണം –യൂത്ത്ലീഗ്
കോഴിക്കോട്: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം സംസ്ഥാനത്ത് പുതുതായി ഒരു ബാറും തുറന്നിട്ടില്ലെന്ന് കള്ളം പറഞ്ഞ മന്ത്രി ടി.പി. രാമകൃഷ്ണന് ജനങ്ങളോട് മാപ്പുപറഞ്ഞ് രാജിവെക്കണമെന്ന് മുസ്ലിം യൂത്ത്ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭക്ക് അകത്തും പുറത്തും മന്ത്രി നടത്തിയ പ്രസ്താവന വസ്തുതാവിരുദ്ധവും ജനങ്ങളെ കബളിപ്പിക്കുന്നതുമാണ്. വിവരാവകാശനിയമപ്രകാരം എക്സൈസ് കമീഷണര്‍ക്ക് നല്കിയ അപേക്ഷയില്‍, സംസ്ഥാനത്ത് 77 പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കിയെന്ന് വ്യക്തമായ സാഹചര്യത്തിൽ അഴിമതി മറച്ചുപിടിക്കാനാണോ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ അവതരിപ്പിച്ചതെന്ന് മന്ത്രി വിശദീകരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ഹൈദരാബാദില്‍ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിലൂടെ പി.എസ്.സി അംഗം ആര്. പാർവതിദേവി സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാപദവിക്ക് ചേരാത്ത പ്രവര്‍ത്തനവുമാണ് നടത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കീഴ്വഴക്കങ്ങളും ധാർമികതയും ലംഘിച്ചതായും ഫിറോസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.