ചെറുകിട ലോട്ടറി കച്ചവടക്കാരുടെ അന്നം മുട്ടിച്ച് ഇടത് സർക്കാർ
text_fieldsതിരുവനന്തപുരം: വൻകിട ലോട്ടറി വ്യാപാരികൾക്ക് വേണ്ടി സംസ്ഥാനത്തെ ചെറുകിട ലോട്ടറി കച്ചവടക്കാരുടെ അന്നം മുട്ടിച്ച് ഇടത് സർക്കാർ. ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് വൻകിട, ചെറുകിട ലോട്ടറി വിൽപനക്കാർക്ക് ടിക്കറ്റ് വിൽപനയിൽ ഏർപ്പെടുത്തിയ 75:25 അനുപാതം എടുത്തുകളഞ്ഞ് ലോട്ടറി വകുപ്പ് ഡയറക്ടർ സർക്കുലർ ഇറക്കിയതാണ് ചെറുകിടക്കാരുടെ വയറ്റത്തടിച്ചത്.
വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥൻ മുമ്പ് നടത്തിയ ക്രമവിരുദ്ധ നടപടി സാധൂകരിക്കാനാണ് ലോട്ടറി ഡയറക്ടറുടെ നീക്കമെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലധികം ചെറുകിട ലോട്ടറി കച്ചവടക്കാരാണുള്ളത്.
വൻകിടക്കാർ മാത്രമായി ഭൂരിഭാഗം ലോട്ടറി ടിക്കറ്റുകളും വാങ്ങുന്നത് ചെറുകിടക്കാർക്ക് തിരിച്ചടിയാവുമെന്നത് ശ്രദ്ധയിൽപെട്ട് ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നിയന്ത്രിക്കാൻ തത്വത്തിൽ തീരുമാനമായി. എന്നാൽ 2016ലെ എൽ.ഡി.എഫ് സർക്കാറാണ് ചെറുകിട വിൽപനക്കാർക്ക് ടിക്കറ്റ് ലഭ്യത ഉറപ്പുവരുത്താൻ 75:25 അനുപാതം നടപ്പാക്കിയത്. കഴിഞ്ഞ ട്രിപ്പിൾ ലോക്ഡൗൺ കാലത്ത് തിരുവനന്തപുരം ജില്ല ലോട്ടറി ഓഫിസർ ഈ അനുപാതം ലംഘിച്ച് വൻകിട ലോട്ടറി ഏജൻസിക്ക് മാത്രമായി കോടികളുടെ ടിക്കറ്റ് വിറ്റുവെന്ന പരാതി അടക്കം വിജിലൻസ് അന്വേഷിക്കുകയാണ്.
ഈ ഉദ്യോഗസ്ഥന്റെ ക്രമവിരുദ്ധത സാധൂകരിക്കാനാണ് സർക്കാർ ഉത്തരവ് ലംഘിച്ച് ഡയറക്ടർ ഫെബ്രുവരി 15ന് സർക്കുലർ പുറത്തിറക്കിയത്. 75:25 അനുപാതം പുലർത്തേണ്ടതില്ലെന്ന് ഇതിൽ നിർദേശിക്കുന്നു.
ചെറുകിട ലോട്ടറി കച്ചവടക്കാർക്ക് നിലവിലെ അനുപാത പ്രകാരം 300 ടിക്കറ്റ, വരെയാണ് വാങ്ങാൻ കഴിയുക. 96,000 ടിക്കറ്റ് വരെ എടുക്കുന്ന വൻകിട ഏജൻസികളോട് എറ്റുമുട്ടാൻ സാധിക്കാത്ത ചെറുകിടക്കാർക്ക് ഇതിലൂടെ ടിക്കറ്റ് ലഭ്യത ഉറപ്പായിരുന്നു. ഇനി വൻകിട ഏജൻസികൾ മുഴുവൻ ടിക്കറ്റും രാവിലെ തന്നെ എടുത്തുകൊണ്ടുപോകുമോയെന്നാണ് ആശങ്ക.
കോവിഡ് മഹാമാരിയെ തുടർന്ന് ഉപജീവനമാർഗം മുട്ടിയ നിരവധി പേരാണ് ചെറുകിട ലോട്ടറി വിൽപന തെരഞ്ഞെടുത്തത്. വയോധികർ, സ്ത്രീകൾ, ഭിന്നശേഷിക്കാരുടെ ആശ്രയവും ഈ മേഖലയാണ്. അനുപാത അട്ടിമറി ചെറുകിട ഏജന്റുമാരുടെ യൂനിയനുകൾ ശ്രദ്ധയിൽപെടുത്തിയിട്ടും ധനവകുപ്പ് ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.