തദ്ദേശ ഉപതെരഞ്ഞെടുപ്പ് നേട്ടത്തിന്റെ ആശ്വാസത്തിൽ എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായ ആശ്വാസത്തിൽ ഇടതുമുന്നണി. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ലോക്സഭയുടെ ‘ട്രെന്റ്’ വിലയിരുത്താനാവില്ലെങ്കിലും ഭരണവിരുദ്ധ വികാരമില്ലെന്ന ആശ്വാസത്തിലാണ് ഇടതുമുന്നണി. സർക്കാർ വിരുദ്ധ വികാരമില്ലെന്നും സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ ജനം തിരിച്ചറിഞ്ഞുവെന്നുമുള്ള വികാരമാണ് ഇടത് നേതാക്കൾ പങ്കുവെക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇക്കാര്യം മാധ്യമങ്ങളോട് വിശദീകരിച്ചു.
ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫും യു.ഡി.എഫും നേടിയ സീറ്റ് തുല്യമാണ്. എന്നാൽ യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും സിറ്റിങ് സീറ്റുകൾ പിടിച്ചെടുക്കാനായത് ഇടതിന് നേട്ടമായി. തിരുവനന്തപുരം കോർപറേഷനിലെ വെള്ളാർ വാർഡ് ബി.ജെ.പിയിൽനിന്ന് പിടിച്ചെടുത്തത് നഗരസഭ ഭരണത്തിന്റെ മികവ് കൂടിയായി നേതൃത്വം കാണുന്നു. മുഖ്യ പ്രതിപക്ഷമായ ബി.ജെ.പി ജയപ്രതീക്ഷ പുലർത്തിയിരുന്ന വാർഡാണ് വെള്ളാർ. സി.പി.ഐ സ്ഥാനാർഥിയാണ് 151 വോട്ടിന് ബി.ജെ.പിയെ പരാജയപ്പെടുത്തി വാർഡ് ഇടതിനൊപ്പം കൂട്ടിയത്. തിരുവനന്തപുരം ജില്ലയിലെ തന്നെ ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിൽ ബി.ജെ.പിക്കെതിരെ സി.പി.എം വിജയം 59 വോട്ടിനാണ്. നെടുമ്പാശ്ശേരി പഞ്ചായത്തിലെ വിജയത്തോടെ പഞ്ചായത്ത് ഭരണം യു.ഡിഎഫിന് നഷ്ടമായതും ഇടത് കേന്ദ്രങ്ങളിൽ ആഹ്ലാദം പടർത്തി.
അതേസമയം തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രാദേശികമായി മാത്രം വിലയിരുത്തിയാൽ മതിയെന്നും ജയപരാജയങ്ങൾ സർക്കാറിന്റെ വിലയിരുത്തലല്ലെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു. ഡിസംബർ 12ന് 33 വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിനായിരുന്നു മുന്നേറ്റം. യു.ഡി.എഫ് -17, എൽ.ഡി.എഫ് -10, എൻ.ഡി.എ -നാല് മറ്റുള്ളവർ -രണ്ട് എന്നിങ്ങനെയായിരുന്നു അന്നത്തെ കക്ഷിനില. 12 സീറ്റിൽനിന്ന് എൽ.ഡി.എഫ് അന്ന് പത്തിലേക്ക് ചുരുങ്ങുകയായിരുന്നു. യു.ഡി.എഫ് 11ൽ നിന്ന് 17ലേക്കുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.