പ്രമുഖരെ നേരിടാൻ യുവനേതാക്കളെയും പൊതുസ്വതന്ത്രരെയും തേടി ഇടതു മുന്നണി
text_fieldsകോട്ടയം: യു.ഡി.എഫിലെ പ്രമുഖർ സ്ഥിരമായി ജയിക്കുന്ന നിയമസഭ മണ്ഡലങ്ങളിൽ യുവനേതാക്കളെയോ പൊതുസ്വതന്ത്രരെയോപരീക്ഷിക്കാൻ ഇടതുമുന്നണി.
മലബാറിൽ മുസ്ലിംലീഗിനെതിരെ ചില മണ്ഡലങ്ങളിൽ പരീക്ഷിച്ച് വിജയിച്ച ഈ തന്ത്രം മുതിർന്ന നേതാക്കളുടെ തട്ടകങ്ങളിൽ പരീക്ഷിക്കാനാണ് തീരുമാനം. പൊതുസ്വതന്ത്രരുടെ കാര്യത്തിൽ ജനപിന്തുണക്ക് പുറമെ ജാതിമത പരിഗണനകൾക്കും മുൻതൂക്കം നൽകും.
സംസ്ഥാനത്ത് കുറഞ്ഞത് 15 മണ്ഡലങ്ങളിലെങ്കിലും ഇത്തരം പരീക്ഷണം ഉണ്ടാകും. മധ്യകേരളത്തിൽ പുതുപ്പള്ളി, കോട്ടയം, ഹരിപ്പാട്, തൊടുപുഴ, പറവൂർ തുടങ്ങിയ മണ്ഡലങ്ങളിലാണ് ഇടതുമുന്നണി പൊതുസ്വതന്ത്രരെ തേടുന്നത്. ഉമ്മൻ ചാണ്ടിക്കും (പുതുപ്പള്ളി) തിരുവഞ്ചൂർ രാധാകൃഷ്ണനും (കോട്ടയം) പി.ജെ. ജോസഫിനും (തൊടുപുഴ) രമേശ് ചെന്നിത്തലക്കും (ഹരിപ്പാട്) എതിരെ യുവനേതാക്കളെയോ പൊതുസ്വതന്ത്രരെയോ രംഗത്തിറക്കിയേക്കും.
തദ്ദേശ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയവും ഇവിടെ പരിഗണിക്കുന്നുണ്ട്. പുതുപ്പള്ളി മണ്ഡലത്തിൽ പുതുപ്പള്ളി അടക്കം അഞ്ച് പഞ്ചായത്തുകളിൽ ഭരണം പിടിച്ചതും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിെൻറ വരവും ഇത്തവണ അപ്രതീക്ഷിത വിജയം ഉണ്ടാക്കുമെന്ന് ഇടതുമുന്നണി വിലയിരുത്തുന്നു.
ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിൽ നിന്നുള്ള യുവനേതാവിനെയോ പൊതുസ്വതന്ത്രനെയോ രംഗത്തിറക്കാനാണ് തീരുമാനം. സഭ തർക്കത്തിൽ സർക്കാറിനൊപ്പം നിൽക്കുന്ന യാക്കോബായ വിഭാഗത്തിനു പുതുപ്പള്ളിയിലുള്ള വോട്ട്ബാങ്ക് ഇടതു മുന്നണി തള്ളുന്നില്ല. കാൽലക്ഷത്തിലധികം വോട്ട് ഇവർക്കുണ്ടെന്നാണ് കണക്ക്.
അതുകൂടി മുന്നിൽക്കണ്ട് ഈ വിഭാഗത്തിൽനിന്നുള്ള പൊതുസ്വതന്ത്രനെയും പരീക്ഷിച്ചേക്കാം. സഭയിലെ വൈദികരോട് മത്സരത്തിനിറങ്ങരുതെന്ന് ഒാർത്തഡോക്സ് സഭ മുന്നറിയിപ്പ് നൽകിയതും ഈ പശ്ചാത്തലത്തിലാണ്. എന്നാൽ, സഭകളുടെ മാനജിങ് കമ്മിറ്റി അംഗങ്ങൾ രംഗത്തുവന്നേക്കാം.
ഇടതുനീക്കം മുന്നിൽകണ്ടുള്ള മറുനീക്കങ്ങൾ യു.ഡി.എഫും ശക്തമാക്കിയിട്ടുണ്ട്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഉമ്മൻ ചാണ്ടി വീണ്ടും പുതുപ്പള്ളിയിൽ മത്സരിക്കുന്നതിനെതിരെ ഒരുവിഭാഗം കോൺഗ്രസുകാർ രംഗത്തുവന്നിരുന്നു.
അവിടെത്തന്നെ മത്സരിക്കുമെന്ന് ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചതും ഇതേതുടർന്നാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടി മറികടക്കാൻ ഉമ്മൻ ചാണ്ടിയെ തന്നെ കോൺഗ്രസ് നേതൃത്വം നിയോഗിച്ചതും വ്യക്തമായ ലക്ഷ്യത്തോടെയാണ്.
കോട്ടയത്തും തൊടുപുഴയിലും വി.ഡി. സതീശനെതിരെ പറവൂരിലും യുവനിരയിലെ ഒന്നിലധികം പേരുടെ പട്ടികയാണ് ഇടതുമുന്നണി തയാറാക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.