18 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് പിന്നിലായി; എം.വി. ഗോവിന്ദന്റെ മണ്ഡലവും കൈവിട്ടു
text_fieldsതിരുവനന്തപുരം: പിണറായി വിജയൻ മന്ത്രിസഭയിലെ 20 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ 18 ഇടത്തും എൽ.ഡി.എഫ് സ്ഥാനാർഥികൾ പിന്നിലായി. 15 മന്ത്രിമാരുടെ മണ്ഡലങ്ങളിൽ യു.ഡി.എഫ് മുന്നിലെത്തിയപ്പോൾ മൂന്ന് മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ബി.ജെ.പിയാണ് ലീഡ് നേടിയത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ് കൊണ്ടുപോയി.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ ധർമടം മണ്ഡലവും മന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കൊട്ടാരക്കര മണ്ഡലവും മന്ത്രി കെ. രാധാകൃഷ്ണന്‍റെ ചേലക്കര മണ്ഡലവുമാണ് എൽ.ഡി.എഫിനൊപ്പം നിന്നത്.
മന്ത്രി വി. ശിവൻകുട്ടിയുടെ നേമത്ത് ബി.ജെ.പി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ. മന്ത്രി ആർ. ബിന്ദുവിന്‍റെ മണ്ഡലമായ ഇരിങ്ങാലക്കുടയിലും മന്ത്രി കെ. രാജന്‍റെ മണ്ഡലമായ ഒല്ലൂരിലും ബി.ജെ.പി സ്ഥാനാർഥി സുരേഷ് ഗോപി ലീഡ് നേടി.
മന്ത്രിമാരായ വി. അബ്ദുറഹിമാന്റെ മണ്ഡലമായ താനൂർ, ജി.ആർ. അനിലിന്‍റെ മണ്ഡലമായ നെടുമങ്ങാട്, ചിഞ്ചുറാണിയുടെ ചടയമംഗലം, കെ. കൃഷ്ണൻകുട്ടിയുടെ ചിറ്റൂർ, മുഹമ്മദ് റിയാസിന്‍റെ ബേപ്പൂർ, പി. പ്രസാദിന്‍റെ ചേർത്തല, പി. രാജീവിന്‍റെ കളമശ്ശേരി, എം.ബി. രാജേഷിന്‍റെ തൃത്താല, റോഷി അഗസ്റ്റിന്‍റെ ഇടുക്കി, സജി ചെറിയാന്‍റെ ചെങ്ങന്നൂർ, എ.കെ. ശശീന്ദ്രന്‍റെ എലത്തൂർ, വി.എൻ. വാസവന്‍റെ ഏറ്റുമാനൂർ, വീണാ ജോർജിന്‍റെ ആറന്മുള, രാമചന്ദ്രൻ കടന്നപ്പള്ളിയുടെ കണ്ണൂർ, കെ.ബി. ഗണേഷ് കുമാറിന്‍റെ പത്തനാപുരം എന്നീ മന്ത്രിമാരുടെ മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പം നിന്നു. സ്പീക്കർ എ.എൻ. ഷംസീറിന്‍റെ മണ്ഡലമായ തലശ്ശേരി എൽ.ഡി.എഫിനൊപ്പം നിന്നു.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ മണ്ഡലമായ പറവൂരും കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും യു.ഡി.എഫിനൊപ്പം നിന്നു. മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ വേങ്ങരയും കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫിന്‍റെ മണ്ഡലമായ തൊടുപുഴയും യു.ഡി.എഫിനൊപ്പം നിന്നു. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് എൽ.ഡി.എഫിന് 2616 വോട്ടിന്‍റെ ലീഡ് മാത്രമാണ് ലഭിച്ചത്.
എം.വി ഗോവിന്ദന്‍റെ മണ്ഡലമായ തളിപ്പറമ്പിൽ 8787 വോട്ടിന്‍റെ ലീഡാണ് യു.ഡി.എഫിന് ലഭിച്ചത്. മുൻമന്ത്രിമാരായ കെ.ടി. ജലീലിന്‍റെ മണ്ഡലമായ തവനൂർ, എം.എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോല, അഹമ്മദ് ദേവർകോവിലിന്‍റെ മണ്ഡലമായ കോഴിക്കോട് സൗത്ത് എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫ് മുന്നിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.