അവിശ്വാസ പ്രമേയം പാസായി; വയനാട് പനമരം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി
text_fieldsപനമരം: വയനാട് പനമരം പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായി. പ്രസിഡന്റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എൽ.ഡി.എഫ് അംഗം വോട്ട് ചെയ്തതോടെയാണ് ഭരണം നഷ്ടമായത്. 23 അംഗ ഭരണസമിതിയിൽ 11 സീറ്റ് എൽ.ഡി.എഫിനും, 11 സീറ്റ് യു.ഡി.എഫിനുമായിരുന്നു. ഒരംഗമുള്ള ബി.ജെപി വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു.
കഴിഞ്ഞ മാസം 20നാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരെ യു.ഡി.എഫ് അംഗങ്ങൾ അവിശ്വാസപ്രമേയത്തിനുള്ള നോട്ടീസ് നൽകിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനുള്ള അനുമതിതേടിയുള്ള നോട്ടീസ് നൽകിയത്. യു.ഡി.എഫിലെ പതിനൊന്ന് അംഗങ്ങളും ഒപ്പിട്ട പ്രമേയ നോട്ടീസാണ് സമർപ്പിച്ചത്. സെക്രട്ടറി നോട്ടീസ് കൈപ്പറ്റുകയും രസീത് നൽകുകയും ചെയ്തു. ഇതിന്റെ തുടർ നടപടിയായാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.
പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റേത് ഏകാധിപത്യവും അഴിമതി നിറഞ്ഞതുമായ ഭരണമാണെന്ന് ആരോപിച്ചാണ് യു.ഡി.എഫ് അംഗങ്ങളുടെ പ്രമേയം. പുതിയ ഭരണസമിതി ചുമതലയേറ്റതുമുതൽ പഞ്ചായത്തിന്റെ പ്രവർത്തനം അവതാളത്തിലാണ്. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ യഥാസമയം ചെയ്തു നൽകാൻപോലും പ്രസിഡന്റിന് കഴിഞ്ഞിട്ടില്ല. തീർത്തും വികസനമുരടിപ്പാണ്. പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ സാധിച്ചിട്ടില്ലെന്നും യു.ഡി.എഫ് ആരോപിച്ചു.
പഞ്ചായത്തിന്റെ വാഹനം തോന്നിയപോലെ ഉപയോഗിക്കുകയാണ്. ഓഫീസ് ആവശ്യങ്ങൾക്കൊന്നും വാഹനം ലഭിക്കാറില്ല. കെടുകാര്യസ്ഥതമൂലം പഞ്ചായത്തിൽ മതിയായ ജീവനക്കാരുടെ ഒഴിവ് നികത്താൻപോലും കഴിഞ്ഞിട്ടില്ല. തന്മൂലം ഓഫീസ് പ്രവർത്തനം താളം തെറ്റുകയും ഫയലുകൾ കെട്ടിക്കിടക്കുകയുമാണ്. ഇതിലൂടെ ജനം നെട്ടോട്ടമോടുകയാണെന്നും യു.ഡി.എഫ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.