25 മുതൽ മണ്ഡലങ്ങളിൽ എൽ.ഡി.എഫ് ബഹുജന റാലി
text_fieldsതിരുവനന്തപുരം: ഏപ്രിൽ 25 മുതൽ മേയ് 20 വരെ സംസ്ഥാനത്തെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും സർക്കാറിന്റെ നേട്ടങ്ങൾ വ്യക്തമാക്കുന്ന ബഹുജന റാലികൾ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് യോഗം തീരുമാനിച്ചു. ബഹുജന റാലിയിൽ എൽ.ഡി.എഫ് നേതാക്കൾ, മറ്റ് ബഹുജന സംഘടന, സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെ പങ്കെടുപ്പിക്കും. മേയ് 20ന് തിരുവനന്തപുരത്ത് സർക്കാറിന്റെ രണ്ടു വർഷം പൂർത്തീകരിക്കുന്ന ദിനത്തിൽ ആഹ്ലാദറാലി സംഘടിപ്പിക്കും.
മുഖ്യമന്ത്രിയും മന്ത്രിമാരും എൽ.ഡി.എഫ് നേതാക്കളും പരിപാടിയിൽ പങ്കെടുക്കും. ഇതിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ഏപ്രിൽ പത്തിനകം എല്ലാ എൽ.ഡി.എഫ് ജില്ല കമ്മിറ്റികളും യോഗം ചേരും. ഏപ്രിൽ 15നകം എല്ലാ മണ്ഡലം കമ്മിറ്റികളും യോഗം ചേരും. തുടർന്ന്, ഏപ്രിൽ 25നകം എൽ.ഡി.എഫിന്റെ ലോക്കൽ/പഞ്ചായത്ത് തല കമ്മിറ്റികളും ചേർന്ന് റാലിയുടെ വിശദമായ പരിപാടികൾ തയാറാക്കാനും യോഗം തീരുമാനിച്ചു. രാജ്യത്ത് നടപ്പാക്കുന്ന ആഗോളവത്കരണ നയങ്ങൾക്ക് ബദൽ സമീപനം സ്വീകരിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ രാജ്യത്തിനാകമാനം മാതൃകയായി ഉയർന്നുനിൽക്കുകയാണെന്ന് യോഗം വിലയിരുത്തി.
പൊതുമേഖലയെ സംരക്ഷിച്ചും, കാർഷിക മേഖലയെ ശക്തിപ്പെടുത്തിയും സർക്കാർ സ്വീകരിക്കുന്ന നടപടികൾ രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചതാണ്. ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയും സാമൂഹിക സുരക്ഷാ പദ്ധതികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയും മുന്നോട്ടുപോകുകയാണ്. രാജ്യത്തിനാകമാനം മാതൃകയായി നിൽക്കുന്ന എൽ.ഡി.എഫ് സർക്കാറിന്റെ ഈ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിനുള്ള വിപുലമായ പരിപാടികൾ സംസ്ഥാനത്താകെ സംഘടിപ്പിക്കും. സർക്കാറിന്റെ നേട്ടങ്ങൾക്കൊപ്പം ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ സംബന്ധിച്ചും പ്രചാരണം നടത്തും. സർക്കാർ പ്രഖ്യാപിച്ച നൂറുദിനകർമ പരിപാടികൾ സമയബന്ധിതമായി തീർപ്പാക്കാനും യോഗം തീരുമാനിച്ചു. ഓരോ ഘടകകക്ഷിക്കും കീഴിലുള്ള മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി പദ്ധതികൾ വേഗത്തിലാക്കാനുള്ള സമയബന്ധിതമായ ഇടപെടലുകളുണ്ടാകണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.