സി.പി.എം-സി.പി.ഐ പോരിനിടെ എല്‍.ഡി.എഫ് സംസ്ഥാന സമിതി ഇന്ന്
text_fieldsതിരുവനന്തപുരം: പരസ്പരം പോരടിക്കുന്ന സി.പി.എം-സി.പി.ഐ നേതൃത്വങ്ങള്‍ക്ക് ‘മണികെട്ടാന്‍’ മുന്നണി നേതൃത്വത്തിന് കഴിയാതിരിക്കെ എല്‍.ഡി.എഫ് സംസ്ഥാന സമിതി തിങ്കളാഴ്ച ചേരുന്നു. രാവിലെ 11ന് എ.കെ.ജി സെന്‍ററിലാണ് യോഗം. രൂക്ഷമായ റേഷന്‍, ഭരണപ്രതിസന്ധി, ക്രമസമാധാന പ്രശ്നം, സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥി പീഡനം, പടിവാതില്‍ക്കല്‍ നില്‍ക്കുന്ന നിയമസഭ സമ്മേളനം എന്നിവയും മുന്നണി നേതൃത്വത്തിന്‍െറ പരിഗണനക്കായി മുന്നിലുണ്ട്.
മുന്നണി ബന്ധം വഷളാക്കുന്ന ‘വലിയേട്ടന്‍, ചെറിയേട്ടന്‍’ പോരില്‍ മറ്റു ഘടകകക്ഷികള്‍ ആശങ്കയിലാണ്. പക്ഷേ, മറ്റേതെങ്കിലും കക്ഷികള്‍ ഇത് ഉന്നയിക്കാത്ത പക്ഷം തിങ്കളാഴ്ചയിലെ യോഗത്തിന്‍െറ അജണ്ടയില്‍ വരാനും സാധ്യതയില്ല. രണ്ട് പാര്‍ട്ടികളും തമ്മിലെ ഉഭയകക്ഷി ചര്‍ച്ചക്ക് മുന്നണി യോഗം കളമൊരുക്കുന്നതിന്‍െറ സാധ്യത മാത്രമാണ് മുന്നിലുള്ളത്. വിവിധ വിഷയങ്ങളിലെ തര്‍ക്കം നിലവില്‍ വിവരാവകാശ നിയമത്തില്‍ എത്തി നില്‍ക്കുകയാണ്.
മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും തമ്മിലെ വാദപ്രതിവാദത്തിലേക്ക് ഇതു മാറി. മന്ത്രിസഭ യോഗ തീരുമാനം ആര്‍.ടി.ഐ പ്രകാരം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ളെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹരജി നല്‍കിയത് മുന്നണിയില്‍ ആലോചിക്കാതെയാണെന്നാണ് സി.പി.ഐ ആക്ഷേപം. ഇതിനിടെ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍െറ ഒൗദ്യോഗിക വസതിയിലേക്ക് എ.ഐ.ടി.യു.സി മാര്‍ച്ച് നടത്തിയതില്‍ എന്‍.സി.പി കടുത്ത അതൃപ്തിയിലാണ്. അവര്‍ ഇത് സി.പി.ഐയെ അറിയിക്കും.
സംസ്ഥാനം നേരിടുന്ന റേഷന്‍ പ്രതിസന്ധിയാവും പ്രധാന അജണ്ടകളിലൊന്ന്. ബജറ്റ് സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെ അതു സംബന്ധിച്ച രാഷ്ട്രീയ, നയ നിലപാട് സംബന്ധിച്ചും ചര്‍ച്ചയുണ്ടാവും. റേഷന്‍ പ്രശ്നത്തില്‍ എല്ലാ കക്ഷികളെയും ഒരുകുടക്കീഴില്‍ അണിനിരത്തുന്നതിന്‍െറ സാധ്യതകളാവും പ്രധാന ആലോചന. ശനിയാഴ്ച നടത്തിയ രാജ്ഭവന്‍ മാര്‍ച്ചില്‍ കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.