സോളാർ കത്തിന്‍റെ ഗുണഭോക്താക്കൾ ഇടതുപക്ഷമല്ല -നന്ദകുമാറിനെ തള്ളി എം.വി ഗോവിന്ദൻ
text_fieldsകൊച്ചി: സോളാർ കേസിലെ പരാതിക്കാരി ജയിലിൽ വെച്ച് എഴുതിയ കത്തിന്റെ ഗുണഭോക്താക്കൾ ഇടതുപക്ഷമല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആരോപണമുന്നയിച്ച ദല്ലാൾ നന്ദകുമാറിന്റെ വിശ്വാസ്യത തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും അത്തരം ആരോപണങ്ങൾക്ക് മറുപടി നൽകേണ്ട കാര്യം തനിക്കില്ലെന്നും കൊച്ചിയിൽ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സോളാർ കേസിൽ അന്വേഷണം വന്നാൽ യു.ഡി.എഫിൽ ആഭ്യന്തര കലാപമുണ്ടാകും. സോളാർ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്തുവരുമെന്ന് അവർക്കറിയാം. ഇതിൽ ഭയപ്പെട്ടാണ് അന്വേഷണം ആവശ്യപ്പെട്ടവർതന്നെ വേണ്ടെന്ന നിലപാടിലേക്ക് മാറിയതെന്ന് ഗോവിന്ദൻ പറഞ്ഞു.
അന്ന് ആഭ്യന്തരമന്ത്രിയായിരുന്നവർ മുഖ്യമന്ത്രിയെ താഴെയിറക്കാൻ ബോധപൂർവമായ ശ്രമം നടത്തിയെന്നതിന്റെ തെളിവ് പുറത്തുവന്നുകഴിഞ്ഞതാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കത്ത് പുറത്തുവിടേണ്ട കാര്യം ഇടതുപക്ഷത്തിനില്ല. കത്ത് പുറത്തുവന്നാലും ഇല്ലെങ്കിലും ഞങ്ങൾക്ക് ഗുണമാണ്. ഞങ്ങൾ അന്ന് ശക്തമായി വിഷയങ്ങൾ ഉന്നയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം നടത്തിയത്. സി.ബി.ഐ റിപ്പോർട്ടിന്റെ പേരിൽ സർക്കാറിനെ പ്രതിക്കൂട്ടിലാക്കാൻ യു.ഡി.എഫ് നടത്തിയ ശ്രമം അവരെ തിരിഞ്ഞുകുത്തി. മറുപടി ഇല്ലാത്തതിനാലാണ് അടിയന്തര പ്രമേയ ചർച്ചക്ക് ശേഷം വാക്കൗട്ട് നടത്തിയതെന്നും ഗോവിന്ദൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.