എൽ.ഡി.എഫ് സമാധാന സന്ദേശ യാത്ര തുടങ്ങി; സമാധാനം പുലരാൻ സി.പി.എം ആത്മസംയമനം പാലിച്ചു -എം.വി. ജയരാജൻ
text_fieldsപാനൂർ: അക്രമമുണ്ടായാൽ തിരിച്ചടിക്കലല്ല സി.പി.എമ്മിന്‍റെയും എൽ.ഡി.എഫിന്‍റെയും സമീപനമെന്ന് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി ജയരാജൻ. മൻസൂർ വധത്തെ തുടർന്ന് സി.പി.എം സ്ഥാപനങ്ങൾക്കെതിരെ വ്യാപക അക്രമം നടന്നിട്ടും നാട്ടിൽ സമാധാനം പുലരാൻ ആത്മസംയമനം പാലിച്ചവരാണ് തങ്ങളുടെ പ്രവർത്തകരെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കാൻ എൽ.ഡി.എഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന സന്ദേശ യാത്ര കടവത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏതു രാഷ്ട്രീയ പാർട്ടിയിൽപെട്ട ആളായാലും രാഷ്ട്രീയ സംഘർഷത്തിൽ കൊല്ലപ്പെടാൻ പാടില്ല എന്നാണ് സി.പി.എമ്മിന്‍റെ സമീപനമെന്ന് ജയരാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം നടന്ന ദൗർഭാഗ്യകരമായ ഒരു സംഭവത്തിൽ സി.പി.എമ്മിനെതിരായി അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ് യു.ഡി.എഫും മാധ്യമങ്ങളും. മുസ്ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശത്ത് ആദ്യം അക്രമിക്കപ്പെട്ടത് എൽ.ഡി.എഫ് പ്രവർത്തകരാണ്. വൈകുന്നേരം സി.പി.എം പ്രവർത്തകനായ ഷിനാസിനെ ലീഗുകാർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ഷിനാസിനെയും തേടി സി.പി.എം പ്രവർത്തകർ എത്തിയപ്പോഴാണ് സംഘർഷവും അക്രമവും ദൗർഭാഗ്യകരമായ മരണവും ഉണ്ടായത്. കലക്ടർ വീണ്ടും ബന്ധപ്പെട്ടിട്ടും യു.ഡി.എഫ് സമാധാനയോഗവുമായി സഹകരിക്കാത്തത് നാട്ടിൽ അക്രമത്തിന് പ്രചോദനം നൽകാനാണ് -ജയരാജൻ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്ത ജാഥ കടവത്തൂരിൽ നിന്നാരംഭിച്ച് പെരിങ്ങത്തൂരിൽ സമാപിച്ചു. കെ.കെ. രവീന്ദ്രൻ കുന്നോത്ത് അധ്യക്ഷത വഹിച്ചു എ. പ്രദീപൻ, പി.കെ പ്രവീൺ, കെ.പി.ശിവപ്രസാദ്, പി.പ്രഭാകരൻ, കെ.ടി രാജീവ് എന്നിവർ സംസാരിച്ചു. പവിത്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.