ഉമ്മൻചാണ്ടിയുടെ ജനസമ്പർക്കം 'സാന്ത്വന സ്പർശ'മായി അവതരിപ്പിച്ച് എൽ.ഡി.എഫ്
text_fieldsകോഴിക്കോട്: സി.പി.എമ്മും എൽ.ഡി.എഫും രൂക്ഷമായി വിമർശിച്ച ജനസമ്പർക്ക പരിപാടിക്ക് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പിണറായി വിജയൻ സർക്കാറും. കഴിഞ്ഞ ദിവസം മുതൽ മന്ത്രിമാരുടെ നേതൃത്വത്തിൽ തുടങ്ങിയ 'സാന്ത്വന സ്പർശം' അദാലത്താണ് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയുടെ അനുകരണമായത്.
കോവിഡ് പ്രോട്ടോക്കോൾ പോലും പാലിക്കാതെയാണ് പല ജില്ലകളിലും തിങ്കളാഴ്ച സാന്ത്വന സ്പർശം തുടങ്ങിയത്. അദാലത്ത് നടന്ന ഹാളുകളിൽ തിക്കിത്തിരക്കിയാണ് പരാതിക്കാർ നിന്നതെന്ന ആക്ഷേപവും ശക്തമാണ്. വൃദ്ധജനങ്ങളായിരുന്നു പരാതിയുമായി എത്തിയവരിലേറെയും. വീൽചെയറിലാണ് അവശരായ പലരുമെത്തുന്നത്. ഒാൺലൈനിലുള്ള അപേക്ഷകളും പരിഗണിക്കുന്നുണ്ടെങ്കിലും ചികിത്സാ സഹായത്തിനായുള്ള അപേക്ഷകളിൽ നേരിട്ടെത്തുന്നവർക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിക്കാനുമാകുന്നില്ല.
മുഖ്യമന്ത്രിയായിരിക്കേ 2005ലും 2011-16ലും ഉമ്മൻ ചാണ്ടി നടത്തിയ ജനസമ്പർക്ക പരിപാടിയിൽ നിരവധി പരാതികൾക്ക് പരിഹാരമായിരുന്നു. എന്നാൽ, മുഖ്യമന്ത്രി വില്ലേജ് ഓഫീസറുടെ പണിയെടുക്കുകയാണെന്നും ധൂർത്താണെന്നുമായിരുന്നു എൽ.ഡി.എഫിെൻറ ആരോപണം. ജനസമ്പർക്കവേദിയിൽ ജനങ്ങളെ കാത്തിരുത്തി ദുരിതത്തിലാക്കുകയാണെന്നായിരുന്നു മറ്റൊരാക്ഷേപം.
മൂന്ന് ഘട്ടമായി നടന്ന ജനസമ്പർക്ക പരിപാടിയിൽ 12.47 ലക്ഷം പരാതികളാണ് ഉമ്മൻചാണ്ടിക്ക് ലഭിച്ചിരുന്നത്. ഒന്നാം ഘട്ടത്തിൽ 22.68 കോടി രൂപയും രണ്ടാംഘട്ടത്തിൽ 44.05 കോടിയും മൂന്നാം ഘട്ടത്തിൽ 104 കോടി രൂപയും ധനസഹായം നൽകിയിരുന്നു. ഫയലിലെ ചുവപ്പുനാടയിൽ കുരുങ്ങിയ നിരവധി പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയിരുന്നു.
ജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കാനായാണ് ഇൗ മാസം ഒന്ന് മുതൽ 18 വരെ പിണറായി സർക്കാർ മന്ത്രിമാരെ പങ്കെടുപ്പിച്ച് സാന്ത്വന സ്പർശം സംഘടിപ്പിക്കുന്നത്. മൂന്ന് മന്ത്രിമാരാണ് ഓരോ ജില്ലയിലും പരാതി കേൾക്കുന്നത്. ആദ്യദിനമായ തിങ്കളാഴ്ച ഈ അദാലത്ത് നടന്ന ജില്ലകളിൽ പരിഹരിച്ചവയിലേറെയും ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാക്കാവുന്ന പരാതികളായിരുന്നു.
വീട്, പട്ടയം, റേഷൻ കാർഡ്, ബാങ്ക് വായ്പ തിരിച്ചടവ്, ക്ഷേമപെൻഷൻ, ചികിത്സാ സഹായം എന്നിവയിലായിരുന്നു പരാതികളേറെയും. കാലങ്ങളായി ഓഫീസുകൾ കയറിയിറങ്ങിയിട്ടും പരിഹാരമാവാതിരുന്ന പരാതികളിലും തീർപ്പുണ്ടായി. എ.പി.എൽ കാർഡ് ബി.പി.എല്ലായി മാറ്റാൻ നിരവധി പേരാണെത്തുന്നത്. ഇക്കാര്യങ്ങളിലൊന്നും ഓഫീസുകളിൽ നിന്ന് പരിഹാരമുണ്ടായില്ലെന്ന സ്വയംവിമർശനം കൂടിയാണ് സർക്കാറിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.