ഗവർണർക്കെതിരെ ഇനി പ്രത്യക്ഷ സമരം; 15ന് രാജ്ഭവന് മുന്നിൽ എൽ.ഡി.എഫ് പ്രതിഷേധ കൂട്ടായ്മ
text_fieldsതിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രത്യക്ഷ സമരത്തിലേക്ക് എൽ.ഡി.എഫ് കടക്കുന്നു. ഗവർണറുടെ നടപടികളിൽ പ്രതിഷേധിച്ച് രാജ്ഭവന് മുന്നിൽ നവംബർ 15ന് വൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാൻ എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ചാൻസലർ പദവി ഉപയോഗിച്ച് നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവുമായി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗവർണർ ഇടപെടുന്നുവെന്ന് ആരോപിച്ച് കോളജ് കാമ്പസുകൾ മുതൽ സർവകലാശാലകൾ വരെ പ്രചാരണവും ജില്ലതല പ്രതിഷേധ കൂട്ടായ്മകളും നടത്തും.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന് അസുഖമായതിനാൽ സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരായ എം.വി. ഗോവിന്ദനും കാനം രാജേന്ദ്രനും ചേർന്നാണ് യോഗ ശേഷം വാർത്തസമ്മേളനം നടത്തിയത്. രാജ്ഭവന് മുന്നിൽ സംസ്ഥാനടിസ്ഥാനത്തിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മയിൽ മുഖ്യമന്ത്രി പങ്കെടുക്കണമെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.
നവംബർ രണ്ടിന് സംസ്ഥാന തലത്തിൽ കൺവെൻഷനുകൾ സംഘടിപ്പിക്കും. 10ന് ജില്ലതല കൺവെൻഷനുകൾ പൂർത്തീകരിക്കും. 12ന് സർവകലാശാലകളും കോളജുകളും കേന്ദ്രീകരിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തും. ഗവർണറുടെ ഇടപെടൽ സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ്. ജനാധിപത്യപരമായി അധികാരത്തിൽ വരില്ലെന്ന് ഉറപ്പായതിനാൽ സംഘ്പരിവാർ ചാൻസലർ പദവി ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തി സർവകലാശാലകളുടെ സ്വയംഭരണം തകർക്കുന്നു. താനൊരു ആർ.എസ്.എസ് അനുഭാവിയെന്ന് പരസ്യമായി പ്രഖ്യാപിച്ചയാളാണ് അദ്ദേഹം. സർവകലാശാല പ്രവർത്തനം തടസ്സപ്പെടുത്തുകയാണ് ആർ.എസ്.എസിന്റെ പ്രധാന അജണ്ടകളിലൊന്നെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
ഗവർണറെ ചാൻസലർ പദവിയിൽ നിന്ന് പിൻവലിക്കുന്നത് എൽ.ഡി.എഫ് ഗൗരവമായി ചർച്ച ചെയ്യുകയാണ്. മന്ത്രിമാരെ പിൻവലിക്കുമെന്ന പ്രസ്താവന ഭരണഘടന വായിച്ചവർ ഒരു ഭീഷണിയായി കാണില്ല. ഗവർണർ വമ്പത്തം പറയുന്നതാണ്. ഇല്ലാത്ത അധികാരം പ്രയോഗിച്ചാൽ കേരള സമൂഹം അംഗീകരിക്കില്ല. സാങ്കേതിക സർവകലാശാല വി.സി നിയമനം സുപ്രീംകോടതി റദ്ദാക്കിയതിൽ അപ്പീൽ പോകും. ജുഡീഷ്യറി തെറ്റ് ചൂണ്ടിക്കാട്ടിയാൽ തിരുത്തും. ഇല്ലാത്ത അധികാരം ഗവർണർ ഉപയോഗിക്കുന്നതിന് എൽ.ഡി.എഫ് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.