ചികിത്സ വിവാദമുയർത്തി എൽ.ഡി.എഫ്; വൈകാരികതയിൽ പ്രതിരോധം തീർത്ത് യു.ഡി.എഫ്
text_fieldsകോട്ടയം: ചികിത്സ വിവാദമുയർത്തി പുതുപ്പള്ളിയിൽ എൽ.ഡി.എഫ് പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ, വൈകാരികതയിൽ പ്രതിരോധം തീർത്ത് യു.ഡി.എഫ്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചെന്നാരോപിച്ച് സി.പി.എം സംസ്ഥാന സമിതിയംഗം കെ. അനില്‍കുമാറാണ് വിവാദം വീണ്ടും ഉയർത്തിയത്. നേരത്തേ ഇടതു സ്വതന്ത്രനായി പുതുപ്പള്ളിയിൽ അവതരിപ്പിക്കാൻ സി.പി.എം ലക്ഷ്യമിട്ട ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും ജില്ല പഞ്ചായത്ത് അംഗവുമായ നിബു ജോണിലൂടെ വിഷയം ഉയർത്തിക്കൊണ്ടുവരാനായിരുന്നു തീരുമാനം. ഇത് പാളിയതോടെയാണ് സി.പി.എം നേതാവുതന്നെ ആരോപണവുമായി രംഗത്തിറങ്ങിയത്.
ഉമ്മൻ ചാണ്ടിക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിൽ കേരള സർക്കാറിന് പ്രത്യേക ഇടപെടൽ നടത്തേണ്ടിവന്നുവെന്ന് വ്യക്തമാക്കിയാണ് കെ. അനിൽകുമാർ വിഷയം ഉയർത്തിവിട്ടത്. ഉമ്മൻ ചാണ്ടിയുടെ കുടുംബം ഇക്കാര്യത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ചത് ബന്ധുക്കൾ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇന്ന് കണ്ണീരൊഴുക്കുന്നവർ അത്തരം കാര്യങ്ങളിൽ സ്വീകരിച്ച നിലപാടിന്റെ ഫലമായാണ് മുമ്പൊരു മുഖ്യമന്ത്രിയുടെ കാര്യത്തിലും ഇല്ലാത്ത വിധത്തിൽ സർക്കാർ ചികിത്സക്കായി ഇടപെടേണ്ടിവന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തേ സമൂഹമാധ്യമത്തിലും സമാന ആരോപണങ്ങൾ അനിൽകുമാർ ഉയർത്തിയിരുന്നു. ഒപ്പം ആരാധനാലയങ്ങളെ തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴച്ച് പുതുപ്പള്ളിയെ അയോധ്യയാക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനെതിരെ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ സി.പി.എം അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. പുതുപ്പള്ളിയില്‍ നടത്തുന്നത് തരംതാണ പ്രചാരണമെന്ന് പറഞ്ഞ അദ്ദേഹം, രാഷ്ട്രീയം പറഞ്ഞാല്‍ പ്രതിക്കൂട്ടിലാകുമെന്നതിനാലാണ് ചികിത്സ, പള്ളി, പ്രാർഥന എന്നൊക്കെ പറയുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ കാര്യത്തില്‍ സി.പി.എമ്മോ സര്‍ക്കാറോ ഇടപെടേണ്ട ഒരുകാര്യവും ഉണ്ടായിട്ടില്ല.
കുടുംബവും പാര്‍ട്ടിയും ഏറ്റവും ഭംഗിയായി അദ്ദേഹത്തിന് ചികിത്സ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാർഥിയായി വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിക്കുന്നതിന് വേണ്ടിയാണ് സി.പി.എം മൂന്നാംകിട ആരോപണം മൂന്നാംനിര നേതാക്കളെക്കൊണ്ട് പറയിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.