കൂറുമാറിയ കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റാക്കി പായിപ്ര പഞ്ചായത്ത് ഭരണം പിടിച്ച് എൽ.ഡി.എഫ്
text_fieldsമൂവാറ്റുപുഴ: കൂറുമാറി എത്തിയ കോൺഗ്രസ് അംഗത്തെ പ്രസിഡൻറാക്കി പായിപ്ര ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫ് പിടിച്ചെടുത്തു. ഒരു യു.ഡി.എഫ് അംഗത്തിന്‍റെ വോട്ട് അസാധുവായത് എൽ.ഡി.എഫ് വിജയം അനായാസമാക്കി. കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറു കൂടിയായ ഏഴാംവാർഡ് അംഗം പി.എം. അസീസാണ് ഇടതുപിന്തുണയിൽ പ്രസിഡൻറായത്.
കോൺഗ്രസ് അംഗവും മുൻ വൈസ് പ്രസിഡൻറുമായ നിസ മൈതീന്‍റെ വോട്ടാണ് അസാധുവായത്. മുസ്ലിം ലീഗിലെ എം.എസ്. അലിയെ പത്തിനെതിരെ 11 വോട്ടിനാണ് അസീസ് പരാജയപ്പെടുത്തിയത്. യു.ഡി.എഫിലെ മുൻധാരണ അനുസരിച്ച് കോൺഗ്രസിലെ മാത്യൂസ് വർക്കി രാജിവെച്ച ഒഴിവിലാണ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നത്.
22 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ കോണ്‍ഗ്രസിന് ഒമ്പതും മുസ്ലിം ലീഗിന് മൂന്നുമായി യു.ഡി.എഫിന് 12ഉം സി.പി.എം-എട്ട്, സി.പി.ഐ- രണ്ട് എന്നിങ്ങനെ എല്‍.ഡി.എഫിന് പത്തും അംഗങ്ങളാണുള്ളത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ യു.ഡി.എഫില്‍ പ്രസിഡൻറു സ്ഥാനത്തെച്ചൊല്ലി തർക്കമുണ്ടായിരുന്നു. മാത്യൂസ് വർക്കിക്ക് രണ്ടും അസീസിന് ഒരു വര്‍ഷവും അടക്കം കോണ്‍ഗ്രസിന് മൂന്നു വര്‍ഷവും മുസ്ലിം ലീഗിന് രണ്ടു വര്‍ഷവും പ്രസിഡൻറ് പദവി നല്‍കാനാണ് അന്ന് ഉണ്ടാക്കിയ ധാരണ.
ഈ ധാരണ നടപ്പാക്കാന്‍ കഴിയാതിരുന്നതാണ് യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണം. രണ്ടുവർഷം പൂര്‍ത്തിയായിട്ടും മാത്യൂസ് വർക്കി ഒഴിഞ്ഞു കൊടുത്തില്ലെന്നുകാട്ടി അസീസ് ഒരു വർഷമായി രംഗത്തുണ്ടായിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇതിനിടെ, മൂന്നു വർഷമായപ്പോൾ ലീഗുമായുള്ള ധാരണ പാലിക്കാൻ മാത്യൂസ് സ്ഥാനം ഒഴിഞ്ഞു. ഇതേതുടർന്നാണ് ലീഗ് അംഗത്തെ പ്രസിഡൻറ് സ്ഥാനത്തേക്ക് നിർത്തി യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
അപ്രതീക്ഷിതമായ ഭരണമാറ്റം പഞ്ചായത്തിൽ സംഘടനാപരമായി ഏറെ പ്രബലരായ ലീഗും യു.ഡി.എഫിനെ നയിക്കുന്ന കോൺഗ്രസും തമ്മിലുള്ള തുറന്ന പോരിന് വഴിയൊരുക്കും. ലീഗ് പ്രതിനിധി പ്രസിഡന്‍റുസ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ പരിചയ സമ്പന്നയായ കോൺഗ്രസ് അംഗത്തിന്‍റെ വോട്ട് എങ്ങനെ അസാധുവായെന്നാണ് ലീഗ് പ്രവർത്തകരുടെ ചോദ്യം. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.