കോട്ടകാത്ത് എൽ.ഡി.എഫ്; തോറ്റു തുന്നം'പാടി' രമ്യ
text_fieldsലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തകർന്നടിഞ്ഞപ്പോഴും എൽ.ഡി.എഫിന് ആശ്വാസത്തിനുള്ള വക നൽകി ആലത്തൂർ മണ്ഡലം. ഏറ്റവും കരുത്തനായി സ്ഥാനാർഥിയെ ഇറക്കി സി.പി.എം ആലത്തൂരിൽ നടത്തിയ നീക്കം വിജയം കണ്ടു. 20000ത്തിലേറെ വോട്ടുകൾക്ക് മന്ത്രി കെ.രാധാകൃഷ്ണൻ ജയിച്ച് കയറുമ്പോൾ വിജയിക്കുന്നത് സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം തന്നെയാണ്. ഇതിനൊപ്പം താഴെത്തട്ട് മുതൽ സി.പി.എം നടത്തിയ ചിട്ടയായ പ്രവർത്തനവുമാണ് രാധാകൃഷ്ണന് വിജയമൊരുക്കിയത്.
തൃശൂർ ജില്ലയിലെ കുന്നംകുളം, ചേലക്കര, വടക്കാഞ്ചേരി നിയമസഭ മണ്ഡലങ്ങളും പാലക്കാട് ജില്ലയിലെ തരൂർ, ചിറ്റൂർ, നെന്മാറ, ആലത്തൂർ മണ്ഡലങ്ങളും ചേർന്ന ആലത്തൂർ ലോക്സഭ മണ്ഡലം. ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ മുഴുവൻ നിയമസഭ മണ്ഡലങ്ങളും സി.പി.എമ്മാണ് ഭരിക്കുന്നത്. 2009ൽ മണ്ഡലം നിലവിൽ വന്നതിന് ശേഷം ആദ്യത്തെ രണ്ട് ടേമിലും സി.പി.എം തോൽവിയറിഞ്ഞിരുന്നില്ല. പി.കെ ബിജു രണ്ട് തവണയും വിജയിച്ചു. എന്നാൽ, 2019ൽ കോഴിക്കോട് നിന്നെത്തിയ കോൺഗ്രസ് യുവനേതാവ് രമ്യ ഹരിദാസിന് മുന്നിൽ എം.പിയായിരുന്ന പി.കെ ബിജു അടിയറവ് പറഞ്ഞു. 1,58,968 വോട്ടുകളുടെ വൻ വിജയമാണ് അന്ന് രമ്യ നേടിയത്. ലോക്സഭ 2019ൽ തെരഞ്ഞെടുപ്പിൽ 19 മണ്ഡലങ്ങളും തോറ്റപ്പോഴും ആലത്തൂരിലെ തോൽവിയായിരുന്നു സി.പി.എമ്മിനെ വല്ലാതെ വേട്ടയാടിയത്.
ക്ലീൻ ഇമേജുള്ള കെ.രാധാകൃഷ്ണൻ എന്ന സ്ഥാനാർഥി തന്നെയാണ് 2024 സി.പി.എമ്മിന്റെ വിജയത്തിൽ നിർണായകമായത്. മണ്ഡലത്തിൽ ഉൾപ്പെടുന്ന ചേലക്കരയിലെ ജനപ്രതിനിധിയായ കെ.രാധകൃഷ്ണനെ ആലത്തൂരിന്റെ രാഷ്ട്രീയഭൂമികയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഇതിനൊപ്പം പാർലമെന്റിലെ രമ്യഹരിദാസിന്റെ പ്രകടനം മോശമാണെന്നും എം.പിയെ മണ്ഡലത്തിൽ കാണാനില്ലെന്നുമുള്ള സി.പി.എം പ്രചാരണവും രാധാകൃഷ്ണന്റെ വിജയത്തിൽ നിർണായകമായി.
2024ൽ സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധവികാരത്തിനൊപ്പം കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പുകളിലൊന്നായ കരുവന്നൂർ ഉണ്ടാക്കിയ നെഗറ്റീവ് ഇമേജ് കൂടി സി.പി.എമ്മിന് നേരിടണമായിരുന്നു. ആലത്തുർ മണ്ഡലത്തിൽ വരുന്ന തൃശൂർ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ കരുവന്നൂർ വലിയ സ്വാധീനം ചെലുത്തുമെന്നായിരുന്നു വിലയിരുത്തൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി കരുവന്നൂർ പ്രചാരണമാക്കിയത് തൃശൂർ, ആലത്തൂർ ലോക്സഭ മണ്ഡലങ്ങളെ കണ്ടായിരുന്നു. എന്നാൽ, കരുവന്നൂർ മുൻനിർത്തി നടത്തിയ പ്രചാരണം ആലത്തൂരിൽ ഏശിയിട്ടില്ലെന്ന് പറയേണ്ടി വരും. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിക്ക് വേണ്ടിയും നേരിട്ട് മോദിയെത്തി. എന്നാൽ, ആലത്തൂരിലെ ചുവപ്പ് മായ്ക്കാൻ മാത്രമുള്ള കരുത്ത് ആ വരവിനുണ്ടായിരുന്നില്ല. ബി.ഡി.ജെ.എസിൽ നിന്നും സീറ്റ് ഏറ്റെടുത്ത ബി.ജെ.പിക്ക് വോട്ടെണ്ണം വർധിപ്പിക്കാൻ കഴിഞ്ഞത് മാത്രമാണ് നേട്ടം. മണ്ഡലത്തിൽ ബി.ജെ.പി പിടിച്ച വോട്ടുകൾ യു.ഡി.എഫ് പരാജയത്തിന് കാരണമാവുകയും ചെയ്തു.
കർഷകരും കർഷക തൊഴിലാളികളും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ നെല്ല് സംഭരണത്തിലെ പാളിച്ചകളും ആളിയാർ ജലവുമായി ബന്ധപ്പെട്ട് തമിഴ്നാടുമായി ഉള്ള തർക്കവും വരെ ചർച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും പെട്ടിതുറന്ന് ഫലം പുറത്ത് വരുമ്പോൾ ഇതൊന്ന് കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് വ്യക്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.