ആര്യാടൻ ഷൗക്കത്തിനെതിരായി നടപടിയുണ്ടായാൽ എൽ.ഡി.എഫ് സംരക്ഷിക്കും -എ.കെ.ബാലൻ
text_fieldsതിരുവനന്തപുരം: പാർട്ടി വിലക്ക് മറികടന്ന് മലപ്പുറത്ത് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സദസ്സിന്റെ പേരിൽ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയുണ്ടായാൽ ഇടതുപക്ഷം സംരക്ഷിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലൻ പറഞ്ഞു.
ഷൗക്കത്തിനെതിരായി നടപടിയെടുത്താൽ വളപൊട്ടുന്നതുപോലെ കോൺഗ്രസ് പൊട്ടിതെറിക്കും. അദ്ദേഹം കോൺഗ്രസിനുള്ള ശക്തനായ ഒരു മതനിരപേക്ഷവാദിയാണ്. ഫലസ്തീൻ വിഷയത്തിൽ ശക്തമായ നിലപാടുള്ള ഷൗകത്തിനെതിരെ നടപടിയെടുത്താൻ കോൺഗ്രസ് പരിപൂർണമായും ബി.ജെ.പി നയത്തിനൊപ്പമാണെന്ന് ബോധ്യമാവുമെന്നും എ.കെ.ബാലൻ പറഞ്ഞു.
അതേസമയം, വിഷയം അച്ചടക്ക സമിതി തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വിശദീകരിച്ചു. കെ.പി.സി.സി അച്ചടക്ക സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഷൗക്കത്തിനെ യോഗത്തിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. വിഷയം സി.പി.എം ആയുധമാക്കുന്ന സാഹചര്യത്തിൽ ഷൗക്കത്തിനെതിരെ കൂടുതൽ നടപടിയുണ്ടായേക്കില്ല.
ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കുന്ന കോൺഗ്രസ് ഫലസ്തീന് ഒപ്പമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വിമർശിച്ചിരുന്നു.
വെള്ളിയാഴ്ചയാണ് ആര്യാടൻ ഫൗണ്ടേഷൻ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്. ജില്ല ഘടകത്തെ മറികടന്ന് ഫൗണ്ടേഷന്റെ പേരിലുള്ള സമാന്തര പ്രവർത്തനം അച്ചടക്ക ലംഘനമാണെന്നാണ് കെ.പി.സി.സി നിലപാട്. അതിനാലാണ് ഫൗണ്ടേഷന്റെ പേരിലുള്ള റാലി വിലക്കിയത്. ഫലസ്തീൻ ഐക്യദാർഢ്യ റാലി വിഭാഗീയ പ്രവർത്തനമല്ലെന്നാണ് ഷൗക്കത്ത് കെ.പി.സി.സി നോട്ടീസിന് മറുപടി നൽകിയത്. വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ച് വീണ്ടും നോട്ടീസ് നൽകിയ കെ.പി.സി.സി കടുത്ത നടപടിക്ക് ഒരുങ്ങവെയാണ് വിഷയം സി.പി.എം ആയുധമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.