ഉപതെരഞ്ഞെടുപ്പ്: തൃശൂർ പുല്ലഴി വാർഡിൽ യു.ഡി.എഫിന് അട്ടിമറി ജയം; കളമശ്ശേരിയിൽ എൽ.ഡി.എഫ്
text_fieldsകൊച്ചി/തൃശൂർ: കളമശ്ശേരി നഗരസഭയിലെ 37ാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. ഇടത് സ്വതന്ത്രൻ റഫീഖ് മരക്കാറാണ് 64 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. റഫീഖ് മരക്കാർ 308 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി വി.എസ് സമീൽ 244 വോട്ടും നേടി. കോൺഗ്രസ് വിമതൻ ഷിബു സിദ്ദീഖ് 207 വോട്ട് പിടിച്ചു.
സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് 25 വർഷമായി മുസ് ലിം ലീഗ് ൈകവശം വെച്ചിട്ടുള്ള സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് വിമതൻ മൽസരിച്ചതാണ് യു.ഡി.എഫിന് തിരിച്ചടിയായത്. അഞ്ചു സ്ഥാനാർഥികൾ മൽസര രംഗത്തുണ്ടായിരുന്നതും വോട്ട് ഭിന്നിക്കാൻ ഇടയാക്കി. യു.ഡി.എഫിന് 21ഉം എൽ.ഡി.എഫിന് 20ഉം ആണ് നിലവിലെ കക്ഷിനില. ഭരണമാറ്റത്തിന് നിലവിൽ സാധ്യതയില്ല. എന്നാൽ, അവിശ്വാസം കൊണ്ടുവന്നാൽ വിമതർ യു.ഡി.എഫിനെ കൈവിടുമെന്ന് റഫീഖ് മരക്കാർ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ കോർപറേഷനിൽ കോൺഗ്രസ് സ്ഥാനാർഥി കെ. രാമനാഥൻ 993 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ഡിവിഷൻ പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്വതന്ത്രൻ അഡ്വ. മഠത്തിൽ രാമൻകുട്ടിക്ക് 1049 വോട്ട് ലഭിച്ചപ്പോൾ കെ. രാമനാഥൻ 20442 വോട്ട് നേടി. ബി.ജെ.പിയുടെ സന്തോഷ് പുല്ലഴിക്ക് 539 വോട്ടാണ് കിട്ടിയത്. ആം ആദ്മി പാർട്ടിയുടെ ജോഗിഷ് എ. ജോണിന് 33 വോട്ടും സ്വതന്ത്രന്മാരായ ആൻറണി പുല്ലഴിക്ക് 59 വോട്ടും ജോഷി തൈക്കാടന് 11 വോട്ടുമാണ് കിട്ടിയത്. ഇതോടെ കോർപറേഷനിൽ ഇരു മുന്നണികൾക്കും സീറ്റ് നില 24 വീതമായി.
കോൺഗ്രസ് വിമതൻ എം.കെ. വർഗീസിനെ മേയറാക്കിയാണ് എൽ.ഡി.എഫ് കോർപറേഷൻ ഭരണം പിടിച്ചത്. രണ്ടു വർഷത്തേക്കാണ് മേയർ പദവി വർഗീസിന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുള്ളത്. അഞ്ച് വർഷം മേയർ പദവി നൽകാമെന്ന യു.ഡി.എഫ് വാഗ്ദാനം വർഗീസ് അംഗീകരിച്ചാൽ കോർപറേഷനിൽ ഭരണമാറ്റത്തിന് സാധ്യതയുണ്ട്.
മാവൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 11 താത്തൂർ പൊയിലിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. കോൺഗ്രസിലെ കെ.സി. വാസന്തി വിജയനാണ് സി.പിഎമ്മിലെ സുനിൽ കുമാർ പുതുക്കുടിയെ 21 വോട്ടിന് തോൽപ്പിച്ചത്. വാസന്തി വിജയന് 532 വോട്ട് കിട്ടിയപ്പോൾ സുനിൽ കുമാറിന് 511 വോട്ടാണ് കിട്ടിയത്. ബി.ജെ.പി സ്ഥാനാർഥി എം. മുകുന്ദന് 31 വോട്ടും എസ്.ഡി.പി.ഐ യിലെ ഹംസക്ക് 11 വോട്ടും സ്വതന്ത്ര സ്ഥാനാർഥി അബ്ദുറസാഖിന് ആറ് വോട്ടും കിട്ടി.
കോൺഗ്രസ് സ്ഥാനാർഥി അനിൽകുമാർ മരിച്ചതിനെ തുടർന്നാണ് താത്തൂർ പൊയിലിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നിലവിലെ മെംബറായ വാസന്തി വിജയൻ മത്സരത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് അനിൽകുമാർ സ്ഥാനാർഥിയായിരുന്നത്. പാർട്ടി പ്രവർത്തകരുടെ നിർബന്ധത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പിൽ വാസന്തി വിജയൻ വീണ്ടും മത്സരിക്കാൻ തയാറാകുകയായിരുന്നു.
കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ എൽ.ഡി.എഫിന് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി ബിനോയ് കുര‍്യൻ 6874 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സീറ്റിൽ വിജയിച്ചത്.
കൊല്ലം പന്മന ഗ്രാമപഞ്ചായത്ത് പറമ്പിമുക്ക് വാർഡിൽ യു.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് സ്ഥാനാർഥി നൗഫൽ 323 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ചെട്ടികുളങ്ങര ഏഴാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിജയിച്ചു. രോഹിത് എം. പിള്ള 464 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.