വടക്കാഞ്ചേരി: ലൈഫ് തിരിച്ചടിച്ചു; യു.ഡി.എഫ് വീണു
text_fieldsഅജീഷ് കർക്കിടകത്ത്
വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ വിവാദം കോൺഗ്രസിനും യു.ഡി.എഫിനും അതിലുപരി സ്ഥാനാർഥി അനിൽ അക്കരക്കും ബൂമറാങ്ങായി. 'പാവങ്ങളുടെ വീട് മുടക്കിയവൻ'എന്ന എൽ.ഡി.എഫിെൻറ ആക്ഷേപം വോട്ടർമാരും ഏറ്റെടുത്തപ്പോൾ സ്വന്തം പാർട്ടിയുടെപോലും പൂർണ പിന്തുണയില്ലാതെ തന്ത്രങ്ങൾ മെനയുന്ന അനിൽ അക്കരയുടെ കൗശലങ്ങൾ വിലപ്പോയില്ല. 15,117 വോട്ടിനാണ് അനിൽ അക്കര സേവ്യർ ചിറ്റിലപ്പിള്ളി എന്ന 'വടക്കാഞ്ചേരിയുടെ ഹൃദയത്തിൽ'ഇടമുള്ള സ്ഥാനാർഥിക്ക് മുന്നിൽ അടിപതറിയത്. വിവിധ വോട്ടെണ്ണൽ ഘട്ടങ്ങളിൽ തപാൽ വോട്ടിലല്ലാതെ ഒരിടത്തുപോലും അനിൽ അക്കര മുന്നിലെത്തിയില്ല.
2016ലെ തെരഞ്ഞെടുപ്പിൽ 'കപ്പിനും ചുണ്ടിനുമിടയി'ലാണ് എൽ.ഡി.എഫിന് വടക്കാഞ്ചേരി നഷ്ടപ്പെട്ടത്. സ്ഥാനാർഥി നിർണയത്തിലുണ്ടായ തർക്കവും പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചതും മറ്റുമായി കല്ലുകടിച്ച് നീങ്ങിയപ്പോൾ 43 വോട്ടിന് മണ്ഡലം നഷ്ടപ്പെട്ടു. അതിെൻറ പേരിൽ പാർട്ടിയിൽ ഉണ്ടായ അസ്വസ്ഥത തീർത്താണ് ഇത്തവണ വടക്കാഞ്ചേരി ഓട്ടുപാറക്കാരനായ സേവ്യർ ചിറ്റിലപ്പിള്ളിയെ സി.പി.എം രംഗത്തിറക്കിയത്.
ലൈഫ് മിഷൻ വിവാദമുയർന്ന വടക്കാഞ്ചേരി നഗരസഭ നിലനിർത്തിയതിനൊപ്പം അനിൽ അക്കരയുടെ പഞ്ചായത്തും വാർഡും ഇടതുപക്ഷം പിടിച്ചെടുത്തു. ഇത് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ കാലത്ത് മാത്രം നടത്തിയ നീക്കങ്ങളുടെ നേട്ടമല്ല. അഞ്ച് വർഷമായി ഇടതുപക്ഷം ശരിയായി ഗൃഹപാഠം ചെയ്തുണ്ടാക്കിയതാണ്. വോട്ടു ചോർച്ച ഉണ്ടാകരുതെന്ന കർശന തീരുമാനം നടപ്പാക്കിയാണ് സി.പി.എം തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തിയത്. മണ്ഡലത്തിലെ സാമുദായിക വോട്ടുകൾ വിഘടിച്ചതും മുന്നണിക്ക് സഹായകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.