തൃക്കാക്കര നഗരസഭ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം
text_fieldsകാക്കനാട്: തൃക്കാക്കര നഗരസഭയിലെ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് അട്ടിമറി ജയം. നഗരസഭയിൽ യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും എൽ.ഡി.എഫിൽനിന്ന് മത്സരിച്ച നാലുപേർ ജയിച്ചു. യു.ഡി.എഫിലെ ഒരാൾക്ക് മാത്രമേ കൗൺസിലിലേക്ക് എത്താൻ കഴിഞ്ഞുള്ളൂ. എൽ.ഡി.എഫ് കൗൺസിലർമാരായ പി.സി. മനൂപ്, കെ.എക്സ്. സൈമൺ, റസിയ നിഷാദ്, അജുന ഹാഷിം എന്നിവരും യു.ഡി.എഫ് കൗൺസിലറായ ടി.ജി. ദിനൂപുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുഴുവൻ യു.ഡി.എഫ് കൗൺസിലർമാരും പിന്തുണച്ചത് ദിനൂപിനെ മാത്രമാണ്. വ്യാപകമായി വോട്ട് മാറ്റിക്കുത്തിയതാണ് ഭരണപക്ഷത്തെ കൂട്ടത്തോൽവിയിലേക്ക് നയിച്ചത്.
യു.ഡി.എഫിന് 25 കൗൺസിലർമാരും എൽ.ഡി.എഫിന് 18 കൗൺസിലർമാരുമാണ് ഉള്ളത്. ഷാന അബ്ദു, ഉണ്ണി കാക്കനാട്, സുനീറ ഫിറോസ്, ടി.ജി. ദിനൂപ്, രജനി ജീജൻ എന്നിവരാണ് യു.ഡി.എഫ് പാനലിൽ മത്സരിച്ചത്. 22 കൗൺസിലർമാരുടെ പിന്തുണയുണ്ടെങ്കിൽ വിജയിക്കാമെന്നിരിക്കെയാണ് നാല് സീറ്റിൽ പരാജയപ്പെട്ടത്. 12 കൗൺസിലർമാർ മാത്രമായിരുന്നു മുഴുവൻ പാനൽ വോട്ട് ചെയ്തത്. ഒരാൾ നാലുപേർക്ക് മാത്രം വോട്ട് ചെയ്തപ്പോൾ ബാക്കിയുള്ളവർ മാറ്റി വോട്ട് ചെയ്യുകയായിരുന്നു.
മേയിൽ സ്പോർട്സ് കൗൺസിലിലേക്ക് എൽ.ഡി.എഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. യു.ഡി.എഫ് കൗൺസിലർമാർ പത്രിക സമർപ്പിക്കാൻ വൈകിയതോടെയാണ് എൽ.ഡി.എഫിൽനിന്നുള്ള അഞ്ചുപേരെയും എതിരില്ലാതെ തെരഞ്ഞെടുത്തത്. പിന്നീട് കോവിഡിനെ തുടർന്ന് പലയിടത്തും തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല എന്നത് പരിഗണിച്ചാണ് രണ്ടാമത് തെരഞ്ഞെടുപ്പ് നടത്തിയത്.
വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് കോൺഗ്രസ് നേതാക്കൾക്കും അണികൾക്കുമിടയിൽ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്. ഗ്രൂപ് പ്രശ്നങ്ങളും പടലപ്പിണക്കവുമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധമുയരുന്നത്. മുൻ നഗരസഭ അധ്യക്ഷ ഉഷ പ്രവീണാണ് പരാജയപ്പെട്ട എൽ.ഡി.എഫ് സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.