എൻ.കെ പ്രേമചന്ദ്രന്‍റെ സ്വീകരണ യോഗം എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു; രണ്ടു പേർക്ക് വെട്ടേറ്റു
text_fieldsകൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ സ്വീകരണ യോഗത്തിന് നേരെ എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയേറ്റം. സംഭവത്തിൽ രണ്ടു യു.ഡി.എഫ് പ്രവർത്തകർക്ക് വെട്ടേറ്റു. ഒരു പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. കൊല്ലം പുതുകുളം പഞ്ചായത്തിലെ കരടിമൂട്ടിൽ വെച്ചാണ് സംഭവം.
ചാത്തന്നൂർ നിയോജക മണ്ഡലത്തിലായിരുന്നു സ്വീകരണ യോഗം സംഘടിപ്പിച്ചിരുന്നത്. കരടിമൂട്ടിൽ വെച്ച് എം.പിയുടെ വാഹനവ്യൂഹം എൽ.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. തുടർന്ന് ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ് പ്രവർത്തകരായ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതേ സമയത്ത് അര കിലോമീറ്റർ അകലെ മുക്കട ജംങ്ഷനിൽ സമാന രീതിയിൽ സംഘർഷം അരങ്ങേറി.
എം.പിയുടെ പൈലറ്റ് വാഹനത്തിൽ ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പ്രേമചന്ദ്രനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും എം.പിയെ സ്വീകരിക്കാൻ കാത്തുനിന്ന പ്രവർത്തകരെ സി.പി.എം, സി.പി.ഐ പ്രവർത്തകർ ആക്രമിച്ചെന്നും യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു.
എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയിൽ സി.പി.ഐ യുവജന സംഘടനയായ എ.ഐ.വൈ.എഫിന്‍റെ പതാക ഉണ്ടായിരുന്നു. സി.പി.ഐ ശക്തികേന്ദ്രമാണ് പുതുകുളം.
സംഭവത്തിൽ പ്രതിഷേധിച്ച് എൻ.കെ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിൽ പരവൂർ-പാരിപ്പള്ളി റോഡ് ഉപരോധിച്ചു. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.