വയനാട് പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണമെന്ന് പ്രതിപക്ഷ നേതാവ്
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസം സംബന്ധിച്ച കൃത്യമായ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരുമാനം ഉണ്ടാക്കുന്നവര്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അനാഥരായ കുഞ്ഞുങ്ങളും മക്കളെ നഷ്ടപ്പെട്ട വയോധികരുമുണ്ട്. ഇവര്‍ക്കൊന്നും സ്വയം തൊഴിലെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയാണ്. പുനരധിവാസം വേണ്ടി വരുന്ന 450 കുടുംബങ്ങളില്‍ ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിക്കണം. ഓരോ കുടുംബങ്ങളും വാടക വീട്ടിലേക്ക് മാറുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കണം. അത്തരത്തില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ യു.ഡി.എഫ് തയാറാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
കുറെ ആളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ തൊഴില്‍ നല്‍കേണ്ടി വരും. ചിലര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി നല്‍കണം. കൃഷി ചെയ്ത് ജീവിച്ചവര്‍ക്ക് വീണ്ടും കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. പുനരധിവാസത്തിന് വേണ്ടിയുള്ള സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാനുള്ള ഗ്രൗണ്ടും സ്‌കൂളും അങ്കണ്‍വാടിയും ഉള്‍പ്പെടെ നിര്‍മ്മിക്കുകയെന്നതാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് മാതൃകാ പദ്ധതി തന്നെ നടപ്പാക്കും. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ.
ഇനിയും ദുരന്തങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതിന്റെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ട്. ഇതിനായി ആധുനികമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് മണ്ണിടിച്ചിലിന് സാധ്യതയുള്ള സ്ഥലങ്ങള്‍ മാപ്പ് ചെയ്യണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ജിയോളജി വകുപ്പ്, കാലാവസ്ഥ വകുപ്പ് ഉള്‍പ്പെടെയുള്ളവയെ സഹകരിപ്പിച്ച് എ.ഐ സഹായത്തോട് കൂടിയുള്ള വാര്‍ണിങ് സിസ്റ്റം കേരളം മുഴുവന്‍ സ്ഥാപിക്കണം. കാലാവസ്ഥാ വ്യതിയാനം സര്‍ക്കാര്‍ കാണാതെ പോകരുത്.
കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചുള്ളതാകണം സര്‍ക്കാറിന്‍റെ നയരൂപീകരണവും. ഇതൊക്കെ പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടതാണ്. അതുകൊണ്ടാണ് 300 കിലോ മീറ്റര്‍ ദൂരം 30 അടി ഉയരത്തില്‍ എംബാങ്‌മെന്‍റ് കെട്ടിയുള്ള കെ റെയിലിനെ യു.ഡി.എഫ് എതിര്‍ത്തത്. പാരിസ്ഥിതികമായ വിഷയങ്ങളെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഗൗരവത്തോടെ നോക്കിക്കണ്ടു മാത്രമെ പുതിയ നയങ്ങള്‍ രൂപീകരിക്കാവൂ എന്നതാണ് യു.ഡി.എഫിന്റെ അഭിപ്രായം.
പുനരധിവാസത്തിന് വേണ്ടി സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് കലവറയില്ലാത്ത പിന്തുണ നല്‍കും. അതിനൊപ്പം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളും നല്‍കും. ദേശീയ ദുരന്തം എന്ന പേരിട്ട് വിളിച്ചില്ലെങ്കിലും വയനാട് ഉരുള്‍ പൊട്ടലിനെ L3 യില്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പരമാവധിസഹായം നല്‍കണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.