പി. രാജീവിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ്
text_fieldsകൊച്ചി: വ്യവസായ മന്ത്രി പി. രാജീവിനോട് ഏഴ് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെൽട്രോൺ എം.ഡിയെപ്പോലെ സംസാരിക്കുന്ന മന്ത്രി ഇവക്ക് മറുപടി നൽകണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2019 ജൂലൈ നാലിലെ ധനകാര്യ വകുപ്പിന്റെ ഉത്തരവില്‍ വിവിധ പ്രവൃത്തികള്‍ക്കായി അക്രഡിറ്റഡ് ഏജന്‍സികളെ നിശ്ചയിച്ചിട്ടുണ്ട്. അതുപ്രകാരം ട്രാഫിക് സിഗ്നലിങ് സിസ്റ്റം ഉള്‍പ്പെടെ നടപ്പാക്കുന്നതില്‍ കെല്‍ട്രോണിനെ നോണ്‍ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായാണ് നിയമിച്ചിരിക്കുന്നത്. അതായത് കെല്‍ട്രോണിനെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി നിയമിക്കാന്‍ സാധിക്കില്ല. ഈ ഉത്തരവ് നിലനില്‍ക്കേ സേഫ് കേരള പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി കെല്‍ട്രോണിനെ ഗതാഗത വകുപ്പ് നിയമിച്ചത് എന്തിനാണ്. ധനവകുപ്പിന്റെ 2018 ആഗസ്റ്റ് മൂന്നിലെ ഉത്തരവനുസരിച്ച് കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കെല്‍ട്രോണിനെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റാക്കി അതത് വകുപ്പുകള്‍ തന്നെ സംഭരിക്കണം. ഈ ഉത്തരവിന് വിരുദ്ധമായി കെല്‍ട്രോണ്‍ ഉപകരണങ്ങള്‍ സംഭരിച്ചത് എങ്ങനെ?
ഗതാഗത വകുപ്പ്, കെല്‍ട്രോണ്‍, എസ്.ആര്.ഐ.ടി, പ്രസാഡിയോ എന്നിവരില്‍ ആരാണ് ഗതാഗതനിയമ ലംഘനം നടത്തുന്നവര്‍ക്ക് നോട്ടീസ് നല്‍കുന്നത്? പദ്ധതിയിലെ ചില പ്രവൃത്തികള്‍ കെല്‍ട്രോണ്‍ ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. അങ്ങനെയെങ്കില്‍ ഇക്കാര്യം ടെന്‍ഡര്‍ ഡോക്യുമെന്റില്‍ എവിടെയാണ് വ്യക്തമാക്കിയിരിക്കുന്നത്?
സാങ്കേതിക യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ടെൻഡറിൽനിന്ന് ഗുജറാത്ത് കമ്പനിയെ പുറത്താക്കിയിരുന്നു. അശോക് ബിഡ്കോണും അക്ഷരയും എങ്ങനെയാണ് സാങ്കേതിക യോഗ്യത നേടിയത്? കേന്ദ്ര വിജിലൻസ് കമീഷൻ നിർദേശത്തിന് വിരുദ്ധമായി സാങ്കേതിക യോഗ്യത ഇല്ലാത്ത കമ്പനികള്‍ക്ക് ഉപകരാര്‍ നല്‍കിയത് എന്തുകൊണ്ടാണ്?
ജി.എസ്.ടിയായി സർക്കാറിന് ലഭിച്ചെന്ന് പറയുന്ന 25 കോടി സേഫ് കേരള പദ്ധതിയുമായി ബന്ധപ്പെട്ടാണോ? എങ്കിൽ ഇത് ഇനം തിരിച്ച് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തയാറാണോ?
പദ്ധതിക്കായി നികുതി ഉള്‍പ്പെടെ 151കോടി മുടക്കിയെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഈ കമ്പനികള്‍ നടത്തിയ ബാങ്ക് പണമിടപാടിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയാണ് സര്‍ക്കാറിനെ വെള്ളപൂശിയുള്ള റിപ്പോര്‍ട്ട് എഴുതി വാങ്ങിയതെന്ന് അദ്ദേഹം ആരോപിച്ചു. റിപ്പോര്‍ട്ട് കൊടുക്കാതായപ്പോള്‍ റവന്യൂ വകുപ്പിലേക്കും ആരോഗ്യ വകുപ്പിലേക്കും സ്ഥലം മാറ്റി. റിപ്പോര്‍ട്ട് നല്കിയപ്പോള് വ്യവസായ വകുപ്പ് സെക്രട്ടറിയായി പുനഃസ്ഥാപിച്ചു.
അല്‍ഹിന്ദുമായും ലൈറ്റ് മാസ്റ്ററുമായുള്ള യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടുണ്ട്. അന്വേഷണ ഏജന്‍സിക്ക് മുമ്പാകെ അതിന്റെ തെളിവ് ഹാജരാക്കാന്‍ പ്രതിപക്ഷം തയാറാണ്. പ്രസാഡിയോയുമായി ഒരു ബന്ധവുമില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്ന് വെല്ലുവിളിച്ചിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് ഒന്നും മിണ്ടിയില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.