Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനക്ഷത്ര ചിഹ്നമിട്ട...

നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി

text_fields
bookmark_border
നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി
cancel

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിലേക്ക് പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി മാറ്റിയ നിയമസഭ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് സ്പീക്കര്‍ക്ക് കത്തു നല്‍കി.

മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട, എ.ഡി.ജി.പി - ആര്‍.എസ്.എസ് കൂടിക്കാഴ്ച, തൃശ്ശൂര്‍ പൂരം കലക്കല്‍, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിഷയങ്ങളില്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നല്‍കിയ 49 നോട്ടീസുകളാണ് സ്പീക്കറുടെ നിർദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയത്.

നിയമസഭ നടപടി ചട്ടം 36, സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുന്‍കാല റൂളിംഗുകള്‍ എന്നിവയ്ക്ക് വിരുദ്ധമായി 49 ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ ആക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷാംഗങ്ങളുടെ ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിക്കണമെന്നും സ്പീക്കറോട് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണരൂപം

ബഹു സ്പീക്കര്‍,

വിഷയം : നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അനുവദിച്ചത് സംബന്ധിച്ച്;

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ 07.10.2024ന് സഭയില്‍ ഉന്നയിക്കുന്നതിനായി പ്രതിപക്ഷ സാമാജികര്‍ നോട്ടീസ് നല്‍കിയ നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങളില്‍ ബഹുഭൂരിപക്ഷവും ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റി അനുവദിച്ച നടപടിയിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു.

നിയമസഭയില്‍ മുഖ്യമന്ത്രിയില്‍ നിന്നും നേരിട്ട് മറുപടി ലഭിക്കേണ്ട വളരെ പ്രസക്തമായ വിഷയങ്ങള്‍ സംബന്ധിച്ച് നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി പ്രതിപക്ഷ സാമാജികര്‍ നല്‍കിയ 49 നോട്ടീസുകളാണ് ഇപ്രകാരം ചട്ടങ്ങള്‍ക്കും ബഹു. സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി മാറ്റിയിട്ടുള്ളത്. പ്രസ്തുത ചോദ്യങ്ങളുടെ നമ്പറും നോട്ടീസ് നമ്പറും വിഷയവും നോട്ടീസ് നല്‍കിയ അംഗങ്ങളുടെ പേരും ചുവടെ ചേര്‍ക്കുന്നു.

ചോദ്യം നമ്പര്‍- നോട്ടീസ് നമ്പര്‍ -വിഷയം -നോട്ടീസ് നല്‍കിയ അംഗം

1) Unstarred 113

(നോട്ടീസ് നമ്പര്‍ 198, 199, 200, 201)

പോലീസില്‍ വര്‍ഗീയശക്തികളുടെ ഇടപെടല്‍

കെ. ബാബു, എല്‍ദോസ് പി. കുന്നപ്പള്ളില്‍, ടി.ജെ. വിനോദ്, ചാണ്ടി ഉമ്മന്‍)

2) US 117

(നോട്ടീസ് 193, 194, 195, 196)

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച

(തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഡോ. മാത്യു കുഴല്‍നാടന്‍, സനീഷ് കുമാര്‍ ജോസഫ്, സി.ആര്‍. മഹേഷ്)

3) US 119

(നോട്ടീസ് 213, 214, 215)

തൃശ്ശൂര്‍ പൂരം തടസപ്പെട്ട സംഭവം

( പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി. സിദ്ദിഖ്)

4) US 120

(നോട്ടീസ് 202, 203, 204, 205)

എ.ഡി.ജി.പിക്കെതിരായ ആരോപണം

(എ.പി. അനില്‍കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍, സജീവ് ജോസഫ്, ഉമ തോമസ്)

5) US 121

(നോട്ടീസ് 208, 209, 210)

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ ആരോപണം

(അന്‍വര്‍ സാദത്ത്, എം. വിന്‍സെന്റ്, കെ. കെ. രമ)

6) US 122

(നോട്ടീസ് 363, 364, 365, 366)

തൃശ്ശൂര്‍ പൂരം തടസ്സപ്പെടുത്തിയത്

(സണ്ണി ജോസഫ്, അന്‍വര്‍ സാദത്ത്, എം വിന്‍സെന്റ്, കെ. കെ. രമ )

7) US 132

(നോട്ടീസ് 229, 230, 231)

പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം

(പി.സി. വിഷ്ണുനാഥ്, റോജി എം. ജോണ്‍, ടി സിദ്ധിഖ്)

8) US 103

(നോട്ടീസ് 376, 377, 378, 379)

പോലീസ് സേനയിലെ ക്രിമിനല്‍വത്ക്കരണം

(കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, പി. ഉബൈദുള്ള)

9) US 114

(നോട്ടീസ് 430, 431, 432, 433)

തൃശ്ശൂര്‍ പൂരം തടസ്സപ്പെട്ടത്

( ടി.വി. ഇബ്രാഹിം, കുറുക്കോളി മൊയ്തീന്‍, യു.എ. ലത്തീഫ്, എ.കെ.എം. അഷറഫ്)

10) US 116

(നോട്ടീസ് 436, 437, 438, 439)

തൃശ്ശൂര്‍ പൂരം തടസ്സപ്പെട്ടത്

(ആബിദ് ഹുസൈന്‍ തങ്ങള്‍, ഡോ. എം.കെ. മുനീര്‍, പി. അബ്ദുല്‍ ഹമീദ്, കെ.പി.എ. മജീദ്)

11) US 118

(നോട്ടീസ് 384, 385, 386, 387)

സ്വര്‍ണ്ണക്കടത്ത് പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍

(എന്‍. ഷംസുദ്ദീന്‍, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. കെ. ബഷീര്‍, ടി.വി. ഇബ്രാഹിം)

12) US 133

(നോട്ടീസ് 458, 459, 460, 461)

മുഹമ്മദ് ആട്ടൂരിന്റെ തിരോധാനം

(ഡോ. എം.കെ. മുനീര്‍, മഞ്ഞളാംകുഴി അലി, പി. അബ്ദുല്‍ ഹമീദ്, ടി.വി. ഇബ്രാഹിം)

13) US 143

(നോട്ടീസ് 400, 401, 402, 403)

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്

(കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷറഫ്, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള)

07.10.2024-ന് സഭയില്‍ വാങ് മൂലം ചോദ്യങ്ങള്‍ ഉന്നയിക്കുവാനുള്ള നറുക്കെടുപ്പില്‍ ശ്രീ. കെ. ബാബു (തൃപ്പൂണിത്തുറ), ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. സനീഷ് കുമാര്‍ ജോസഫ്, ശ്രീ. എ.പി. അനില്‍കുമാര്‍, ശ്രീ. ഐ.സി. ബാലകൃഷ്ണന്‍, ശ്രീ. ടി.വി. ഇബ്രാഹിം, ശ്രീ. എല്‍ദോസ് പി. കുന്നപ്പിള്ളില്‍ എന്നീ ബഹുമാനപ്പെട്ട സാമാജികര്‍ക്ക് യഥാക്രമം 1, 4, 6, 20, 25, 29, 30 നമ്പര്‍ മുന്‍ഗണനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ പ്രസ്തുത സാമാജികര്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി നോട്ടീസ് നല്‍കിയ മേല്‍പ്പറഞ്ഞ ചോദ്യനോട്ടീസുകള്‍ എല്ലാം നിയമസഭാ സെക്രട്ടറിയേറ്റ് ചട്ടവിരുദ്ധമായി നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളാക്കി മാറ്റിയതിനാല്‍ കേരളത്തിന്റെ പൊതുസമൂഹത്തില്‍ അത്യന്തം ആശങ്ക ഉളവാക്കിയിട്ടുള്ളതും വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറ്റവും പൊതു പ്രാധാന്യമുള്ളതുമായ ഈ വിഷയങ്ങള്‍ക്ക് സഭാതലത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍ നിന്നും വാങ് മൂലം മറുപടി തേടി വ്യക്തത വരുത്തുന്നതിനുള്ള അവസരം പ്രതിപക്ഷ സാമാജികര്‍ക്കു നിഷേധിച്ചിരിക്കുകയാണ്.

നക്ഷത്ര ചിഹ്നം ഇട്ട ചോദ്യ നോട്ടീസുകളെ നക്ഷത്ര ചിഹ്നം ഇടാത്തതായി മാറ്റുന്നത് സംബന്ധിച്ച ബഹുമാനപ്പെട്ട സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദ്ദേശത്തിലെ 1(സി), 1(ഡി), 1(ഇ) എന്നിവ ദുര്‍വ്യാഖ്യാനം ചെയ്തു, 'സഭയില്‍ ഉന്നയിക്കുവാനുള്ള പൊതു പ്രാധാന്യം ഇല്ല, തദ്ദേശീയ പ്രാധാന്യം മാത്രമുള്ള ചോദ്യമാണ്, സഭാതലത്തില്‍ വിശദമാക്കേണ്ട നയപരമായ പ്രാധാന്യം ഇല്ല' എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിയേറ്റ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായി മാറ്റിയതിലൂടെ പ്രസ്തുത ചോദ്യം സഭയില്‍ ഉന്നയിക്കുവാനുള്ള അവസരം നിയമസഭ നടപടി ചട്ടത്തിന്റെയും നിര്‍ദേശങ്ങളുടെയും അന്തഃസത്തയ്ക്ക് വിരുദ്ധമായി നിഷേധിച്ചിരിക്കുന്നു.

കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി- ആര്‍.എസ്.എസ് നേതാക്കളുമായി തുടര്‍ച്ചയായി കൂടിക്കാഴ്ച നടത്തിയതു സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തിലും; തൃശ്ശൂര്‍ പൂരം തടസ്സപ്പെടുത്തുന്നതില്‍ ഗൂഢാലോചന നടന്നതായി ഇടതു സര്‍ക്കാരിലെ മുന്‍മന്ത്രി തന്നെ വെളിപ്പെടുത്തിയതും ഭരണകക്ഷി എം.എല്‍.എ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങളും തെരഞ്ഞെടുപ്പ് വിജയത്തിനായി വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വ്യാജ സ്‌ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചതും ഉള്‍പ്പെടെ കേരളീയ പൊതുസമൂഹം വളരെ ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നതും സര്‍ക്കാരില്‍ നിന്നും ജനങ്ങള്‍ വ്യക്തത ആവശ്യപ്പെടുന്നതുമായ മര്‍മ്മപ്രധാനമായ കാര്യങ്ങളാണ് മേല്‍പ്പറഞ്ഞ ചോദ്യ നോട്ടീസുകള്‍ക്ക് ആധാരമായ വിഷയം.

ഇക്കാര്യത്തിന്റെ വസ്തുത ജനാധിപത്യ മാര്‍ഗത്തിലൂടെ സഭാതലത്തില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനും സമൂഹത്തിന്റെ പൊതുവികാരം പ്രതിഫലിപ്പിക്കുന്ന ചോദ്യം ഉന്നയിക്കാന്‍ സാമാജികര്‍ക്കും അവസരം നിഷേധിക്കുന്ന രീതിയില്‍ വിഷയത്തിന് പൊതു പ്രാധാന്യമില്ലെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാന്‍ ബഹു. സ്പീക്കര്‍ തയ്യാറാകണം.

അംഗങ്ങള്‍ മുന്‍ഗണന രേഖപ്പെടുത്തി നല്‍കുന്ന ചോദ്യ നോട്ടീസുകള്‍ സംബന്ധിച്ച് എന്തെങ്കിലും അവ്യക്തതയുള്ള പക്ഷം നിയമസഭാ സെക്രട്ടേറിയറ്റ് സാധാരണഗതിയില്‍ ബഹുമാനപ്പെട്ട സാമാജികരുടെ ഓഫീസുമായോ അല്ലെങ്കില്‍ അതാതു പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസുകളുമായോ ബന്ധപ്പെട്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ചട്ടങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ചോദ്യങ്ങള്‍ നക്ഷത്ര ചിഹ്നമിട്ട ചോദ്യമായി തന്നെ അനുവദിക്കുന്ന രീതിയാണ് പിന്തുടര്‍ന്ന് വരുന്നത്. എന്നാല്‍ ഇത്രയധികം ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങളായി അഡ്മിറ്റ് ചെയ്തിട്ടും ഒരു നോട്ടീസ് സംബന്ധിച്ച് പോലും അത്തരത്തില്‍ ഒരു വ്യക്തത വരുത്തുവാന്‍ നിയമസഭാ സെക്രട്ടേറിയറ്റ് തയ്യാറാകാതിരുന്നത് ദുരൂഹമാണ്.

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്കും സര്‍ക്കാരിനും സഭാതലത്തില്‍ മറുപടി പറയുവാന്‍ ബുദ്ധിമുട്ടുള്ള വിഷയങ്ങളിലെ ചോദ്യങ്ങള്‍ ഒഴിവാക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമം നടന്നുവെന്ന കാര്യം വ്യക്തമാണ്.

നിയമസഭാ നടപടി ചട്ടം 38, 39 എന്നിവ പ്രകാരം ചോദ്യ നോട്ടീസുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബഹുമാനപ്പെട്ട ചെയറില്‍ നിക്ഷിപ്തമാണ്. ബഹുമാനപ്പെട്ട സ്പീക്കര്‍ അപ്രകാരം പരിശോധന നടത്തുമ്പോള്‍ വാങ്മൂലം ഉത്തരത്തിനായി നോട്ടീസ് നല്‍കിയിട്ടുള്ള ഏതെങ്കിലും ചോദ്യങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിന് വ്യക്തത ആവശ്യമുള്ള പക്ഷം 39-ാം ചട്ടത്തിന്റെ ക്ലിപ്ത നിബന്ധന പ്രകാരം നോട്ടീസ് നല്‍കിയ അംഗത്തിനോട് വാങ്മൂലം ഉത്തരം നല്‍കേണ്ടതിന്റെ കാരണം വ്യക്തമാക്കുവാന്‍ ആവശ്യപ്പെടാവുന്നതും ആയതു പരിശോധിച്ച് യുക്തമായ തീരുമാനമെടുക്കാവുന്നതുമാണ്. മേല്‍പ്പറഞ്ഞ 49 ചോദ്യ നോട്ടീസുകളുടെ കാര്യത്തിലും അങ്ങനെയൊരു നടപടി ഉണ്ടായിട്ടില്ല എന്നത് ഖേദകരമാണ്.

ചട്ടങ്ങളുടെയും റൂളിംഗുകളുടെയും നിര്‍ദ്ദേശങ്ങളുടെയും അന്തസത്തയ്ക്ക് വിരുദ്ധമായി പ്രതിപക്ഷ അവകാശങ്ങള്‍ നിഷേധിച്ചുകൊണ്ട് 23.8.2022 നു നോട്ടീസ് നല്‍കിയിരുന്ന നിരവധി നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്ന് പതിനഞ്ചാം കേരള നിയമസഭയുടെ കാലയളവില്‍ തന്നെ ബഹുമാനപ്പെട്ട സ്പീക്കര്‍ക്ക് രേഖമൂലം പരാതി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ പ്രതിപക്ഷ അവകാശങ്ങളെ നിഷേധിക്കുന്ന സമീപനം ആവര്‍ത്തിക്കപ്പെടുകയാണ്. ഇത്തരം നടപടികള്‍ പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയെ തന്നെ അപ്രസക്തമാക്കുന്നതാണ്.

ആയതിനാല്‍ നിയമസഭ നടപടി ചട്ടം 36, ബഹു. സ്പീക്കറുടെ ഒന്നാം നമ്പര്‍ നിര്‍ദേശം, ചോദ്യങ്ങള്‍ എഡിറ്റ് ചെയ്യുന്നതും അനുവദിക്കുന്നതും സംബന്ധിച്ച മുന്‍കാല റൂളിംഗുകള്‍ എന്നിവയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായി മേല്പറഞ്ഞ 49 ചോദ്യ നോട്ടീസുകള്‍ നക്ഷത്ര ചിഹ്നം ഇടാത്ത ചോദ്യങ്ങള്‍ ആക്കി മാറ്റി ചോദ്യോത്തരവേളയുടെ സാംഗത്യം ഇല്ലാതാക്കുന്ന രീതിയില്‍ കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും; പ്രസ്തുത ചോദ്യ നോട്ടീസുകള്‍ ചട്ടം 38, 39 എന്നിവ പ്രകാരം പരിശോധിച്ച് ചോദ്യങ്ങളുടെ പൊതുപ്രാധാന്യം പരിഗണിച്ചു നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളായി അനുവദിച്ചു കൊണ്ടു പാര്‍ലമെന്ററി ജനാധിപത്യ പ്രക്രിയയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ബഹു. സ്പീക്കറോട് അഭ്യര്‍ത്ഥിക്കുന്നു.

വി.ഡി.സതീശന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niyamasabhaconversion of starred question notices to unstarred questions
News Summary - Leader of Opposition writes to Speaker against conversion of starred question notices to unstarred questions
Next Story